കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടികൾ നിർദേശിച്ച് ഹൈകോടതി. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അടൂരിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്നാരോപിച്ച് രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവം പരിശോധിച്ചാണ് കോടതിയുടെ നിർദേശം. ആഗസ്റ്റ് അഞ്ചിന് രാവിലെ 11.50ന് അടൂർ ജനറൽ ആശുപത്രിക്ക് സമീപംവെച്ചാണ് ജീപ്പിന് പിഴയിട്ടത്. ഇതിന്റെ പേരിൽ അടൂർ എം.വി.ഡി. സ്‌ക്വാഡ് എ.എം.വി.ഐമാരായ ബി.എസ്. ലൈജു, എം. ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, വാഹനത്തിന് ചുമത്തിയ പിഴ പോരെന്നും ചൂണ്ടിക്കാട്ടി.
വാഹനത്തിൽ അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിന് 5,000 രൂപ പിഴയും പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതിന് 2000 രൂപ പിഴയുമാണ് ചുമത്തിയത്. ആറ് അനധികൃത ലൈറ്റുകൾക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ നൽകണമെന്ന് കോടതി നിദേശിച്ചു.
അനുവദനീയമായതിൽ കൂടുതലായി ഒരു ലൈറ്റും വാഹനത്തിൽ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കണം. അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തിൽ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകൾ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കർശനമായി നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ മോഡിഫിക്കേഷനിലും പൊലീസും എംവിഡിയും കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികൾ അടുത്ത മാസം ഏഴിന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മോട്ടോർ വെഹിക്കിൾ റൂളിൽ പറയുന്നതിനപ്പുറത്തേക്ക് ഒരു മോഡിഫിക്കേഷനും അനുവദിക്കാൻ കഴിയില്ല. നിയമലംഘനങ്ങൾ കോടതി സ്വമേധയാ പരിശോധിച്ചുകൊണ്ടാണ് നടപടി. വീതികൂടിയ ടയറുകൾ ഇട്ട് വാഹനം ഓടിക്കാൻ ഒരു കാരണവശാലും അനുവദിക്കരുത്. ഇത് വലിയതോതിൽ ചെളിതെറിപ്പിക്കാനും മറ്റ് അപകടങ്ങൾ ഉണ്ടാക്കാനും കാരണമാകും. തീ തുപ്പുന്ന പുകക്കുഴൽ ഒരു കാരണവശാലും അനുവദിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. തീ തുപ്പുന്നതിനു വേണ്ടി പ്രത്യേകം പെട്രോൾ കിറ്റ് അടക്കം വാഹനത്തിൽ ഘടിപ്പിക്കുന്നത് വലിയ അപകടം ഉണ്ടാക്കും. ആ വാഹനത്തിന് മാത്രമല്ല പിന്നിൽ വരുന്നവർക്കും അപകടം സൃഷ്ടിക്കും. മോട്ടോർ വാഹന വകുപ്പിനും പൊലീസിനും ഇതുസംബന്ധിച്ച് കോടതി നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.