കേരളത്തിൽ കനത്ത മഴയും വെള്ളക്കെട്ടും തുടരുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചില ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചത് മിക്കവരും കണ്ടിട്ടുണ്ടാകും. പരസ്യങ്ങളിൽ വെള്ളത്തെ കീറിമുറിച്ച് അനായാസം മുന്നേറുന്ന കരുത്തൻ എസ്.യു.വികൾ, യഥാർഥ പ്രളയജലത്തിൽ പാതിമുങ്ങി പണിമുടക്കി നിൽക്കുന്ന കാഴ്ചകളാണത്. അത്യാധുനിക ഓഫ്-റോഡ് വാഹനങ്ങൾ പോലും വെള്ളക്കെട്ടുകളിൽ കുടുങ്ങുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ടെലിവിഷനിലും യൂട്യൂബിലും നാം കാണുന്ന പരസ്യങ്ങളും യഥാർഥ ജീവിത സാഹചര്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
വാഹന കമ്പനികൾ തങ്ങളുടെ എസ്.യു.വികളുടെ കരുത്ത് കാണിക്കാൻ ചിത്രീകരിക്കുന്ന ഓഫ്-റോഡ് രംഗങ്ങൾക്കുപിന്നിൽ മാസങ്ങൾ നീളുന്ന ആസൂത്രണവും വലിയൊരു സംഘത്തിന്റെ അധ്വാനവുമുണ്ട്. കേവലം ഒരു വാഹനം വെള്ളത്തിലേക്ക് ഇറക്കുകയല്ല അവർ ചെയ്യുന്നത്. പരസ്യങ്ങളിൽ വാഹനം അതിസാഹസികമായി ഓടിക്കുന്നത് സാധാരണക്കാരല്ല. വർഷങ്ങളുടെ അനുഭവസമ്പത്തും പ്രത്യേക പരിശീലനവും സിദ്ധിച്ച പ്രഫഷനൽ ഓഫ്-റോഡ് ഡ്രൈവർമാരാണ്. വാഹനത്തിന്റെ ഓരോ ചലനവും കൃത്യമായി നിയന്ത്രിക്കാൻ ഇവർക്ക് സാധിക്കും.
ചിത്രീകരണം നടക്കുന്ന സ്ഥലത്തെ വെള്ളത്തിന്റെ ആഴം, ഒഴുക്ക് എന്നിവ മുൻകൂട്ടി അളക്കുന്നു. വെള്ളത്തിനടിയിലെ തറ സുരക്ഷിതമാണോ, ചളിയുണ്ടോ, വാഹനം താഴാൻ സാധ്യതയുണ്ടോ എന്നതെല്ലാം സാങ്കേതിക വിദഗ്ധർ പരിശോധിച്ച് ഉറപ്പുവരുത്തും.
കൂടാതെ ചിത്രീകരണ സ്ഥലത്ത് എപ്പോഴും ഒരു ബാക് അപ് ടീം സജ്ജമായിരിക്കും. ഇനി വാഹനം എവിടെയെങ്കിലും കുടുങ്ങിയാൽ തന്നെ നിമിഷങ്ങൾക്കകം വലിച്ചുപുറത്തെടുക്കാൻ ക്രെയിനുകളോ മറ്റ് കരുത്തുറ്റ വാഹനങ്ങളോ സജ്ജമാക്കിയിട്ടുമുണ്ടാകും. കമ്പനി മെക്കാനിക്കുകളും എൻജിനീയർമാരും അടങ്ങുന്ന സംഘവും സ്ഥലത്തുണ്ടാകും. അപകടസാധ്യതകൾ ഒഴിവാക്കാൻ ലൈഫ് ഗാർഡുമാരും സുരക്ഷാ ജീവനക്കാരും കാമറക്ക് പിന്നിലും അണിനിരക്കുന്നു. അതായത് നൂറു ശതമാനം നിയന്ത്രിതമായ, അപകടസാധ്യതകൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കിയ സാഹചര്യങ്ങളിലാണ് ഇത്തരം ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്.
പ്രളയസമയത്തോ സാധാരണ മഴയിലോ രൂപപ്പെടുന്ന വെള്ളക്കെട്ടുകളിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. പരസ്യത്തിൽ കാണുന്ന സുരക്ഷാ സംവിധാനങ്ങളോ മുൻകൂട്ടിയുള്ള പരിശോധനയോ ഇവിടെ സാധ്യമല്ല. പ്രളയജലത്തിനടിയിൽ വലിയ കുഴികളോ, തുറന്ന ഓടകളോ, റോഡ് ഒലിച്ചുപോയ ഭാഗങ്ങളോ ഉണ്ടാകാം. ഇത് ഡ്രൈവർക്ക് കാണാൻ കഴിയില്ല. കൂടാതെ, വെള്ളത്തിന്റെ ഒഴുക്ക് വാഹനത്തിന്റെ നിയന്ത്രണം തെറ്റിക്കാനും സാധ്യതയുണ്ട്. ഓഫ്-റോഡ് വാഹനങ്ങൾക്ക് ഉയർന്ന വാട്ടർ വേഡിങ് ശേഷി ഉണ്ടെന്നത് വാസ്തവമാണ്. എന്നാൽ അത് നിശ്ചിത ആഴത്തിലുള്ള, ശാന്തമായ വെള്ളത്തിന് കണക്കാക്കിയുള്ളതാണ്. ഒഴുക്കുള്ള പ്രളയജലത്തിലോ ആഴമറിയാത്ത വെള്ളക്കെട്ടിലോ ഈ കണക്കുകൾക്ക് പ്രസക്തിയില്ല.
ഒരു വാഹനം വെള്ളത്തിലൂടെ പോകുന്നതുകണ്ട് അതേപടി പിന്തുടരുന്നതും അപകടമാണ്. ഓരോ വാഹനത്തിന്റെയും എയർ ഇൻടേക്കിന്റെ ഉയരം വ്യത്യസ്തമായിരിക്കും. മറ്റേത് വാഹനം കടന്നുപോയാലും നിങ്ങളുടെ വാഹനത്തിന്റെ എൻജിനിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്. വാഹനം വെള്ളത്തിലിറക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ സാങ്കേതിക തകരാറാണ് ‘എൻജിൻ ഹൈഡ്രോലോക്ക്’. എയർ ഇൻടേക്കിലൂടെ വെള്ളം എൻജിൻ സിലിണ്ടറുകൾക്കുള്ളിൽ കടക്കുന്ന അവസ്ഥയാണിത്. വെള്ളം കംപ്രസ് ചെയ്യാൻ കഴിയാത്തതിനാൽ എൻജിൻ പെട്ടെന്ന് നിലക്കുകയും ആന്തരിക ഭാഗങ്ങൾക്ക് ഗുരുതര കേടുപാടുകൾ സംഭവിക്കുകയും ചെയ്യും.
പലപ്പോഴും ഇൻഷുറൻസ് കമ്പനികൾ ഇത്തരം സന്ദർഭങ്ങളിൽ ക്ലെയിം നിരസിക്കാറുണ്ട് (പ്രത്യേകിച്ച് വെള്ളക്കെട്ടിൽ എൻജിൻ ഓഫായ ശേഷം വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ).
പരസ്യങ്ങളിൽ കാണുന്ന രംഗങ്ങൾ വാഹനത്തിന്റെ പരമാവധി ശേഷി കാണിക്കുന്ന ഒരു ഡെമോൺസ്ട്രേഷൻ മാത്രമാണ്. അത് യഥാർഥ സാഹചര്യങ്ങളിൽ അനുകരിക്കാനുള്ളതല്ല. ജീവനും വാഹനവും ഒരുപോലെ സംരക്ഷിക്കണമെങ്കിൽ വെള്ളക്കെട്ടുകളിലൂടെ സാഹസിക യാത്രകൾ ഒഴിവാക്കി അതത് പ്രദേശവാസികൾ പറയുന്നത് അനുസരിച്ച് സുരക്ഷിത വഴി തിരഞ്ഞെടുക്കുന്നതാണ് നല്ല തീരുമാനം. നാട്ടുകാർ പറയുന്നത് കേൾക്കാതെ ഷോ കാണിച്ച് മുന്നോട്ടുപോയി കുടുങ്ങിയാൽ ചീത്തവിളി ഉറപ്പായും കേൾക്കണം, അതു സഹിക്കാം എന്നുവെച്ചാലും റിക്കവറി വെഹിക്കിൾ വിളിക്കേണ്ടി വരുന്നതിനൊക്കെയായിട്ടുള്ള സാമ്പത്തിക നഷ്‌ടവും കൂടി സഹിക്കുക അത്ര സുഖകരമാകില്ല!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.