സ്പെഷ്യൽ എഡിഷനും രക്ഷയില്ല; ഡിമാൻഡ് കൂടിയതോടെ BE 6 ബാറ്റ്മാൻ എഡിഷൻ നിർമാണം വർധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര
മുംബൈ: ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവമായ മാറ്റം കൊണ്ടുവന്ന മഹീന്ദ്രയുടെ BE 6 എസ്.യു.വിയുടെ ബാറ്റ്മാൻ എഡിഷൻ നിർമാണം വർധിപ്പിക്കാനൊരുങ്ങി കമ്പനി. ബാറ്റ്മാൻ സൂപ്പർ ഹീറോയിൽ പ്രചോദനം ഉൾകൊണ്ട് നിർമിക്കുന്ന ആദ്യത്തെ എസ്.യു.വിയാണ് ബിഇ 6. വാർണർ ബ്രദേഴ്സ് ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രൊഡക്ടുമായി സഹകരിച്ചാണ് ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ഈ പുതിയ എഡിഷൻ നിരത്തുകളിൽ എത്തിക്കുന്നത്. നേരത്തെ 300 യൂനിറ്റുകൾ മാത്രം നിർമ്മിക്കുന്നുള്ളു എന്ന് പ്രഖ്യാപിച്ച മഹീന്ദ്രക്ക് ബാറ്റ്മാൻ എഡിഷന്റെ ഡിമാൻഡ് കാരണം നിർമാണം വർധിപ്പിക്കേണ്ട അവസ്ഥയാണ്. നേരത്തെ പ്രഖ്യാപിച്ച 300 യൂനിറ്റുകൾ ഉൾപ്പെടെ 999 യൂനിറ്റുകൾ നിർമിക്കാനാണ് മഹീന്ദ്ര ഉദ്ദേശിക്കുന്നത്.
ഓഗസ്റ്റ് 23 മുതൽ ബുക്കിങ് ആരംഭിക്കുന്ന എസ്.യു.വിക്ക് 27.79 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. അന്താരാഷ്ട്ര ബാറ്റ്മാൻ ദിനമായ സെപ്റ്റംബർ 20 മുതൽ ബിഇ 6 ബാറ്റ്മാൻ എഡിഷൻ ഡെലിവറി ആരംഭിക്കുമെന്നും മഹീന്ദ്ര അറിയിച്ചു.
വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'The Dark Knight Trilogy' അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് ബാറ്റ്മാൻ എഡിഷനിൽ ഉപയോഗിച്ചിട്ടുള്ളത്. ക്യാബിനിൽ ബ്രഷ്ഡ് ആൽക്കെമി ഗോൾഡിൽ നമ്പർ പതിച്ച ബാറ്റ്മാൻ എഡിഷൻ പ്ലക്, ഇൻസ്ട്രുമെന്റ് പാനലിൽ ചാർക്കോൾ ലെതർ, ഗോൾഡ് സെപിയ സ്റ്റിച്ചിങ് ഉള്ള സ്യൂഡ് ലെതർ അപ്ഹോൾസ്റ്ററി എന്നിവയാണ് ഉൾവശത്തെ പ്രത്യേകതകൾ. സ്റ്റിയറിങ് വീൽ, ഇൻ-ടച്ച് കൺട്രോളർ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവക്കും ഗോൾഡ് ആക്സന്റുകൾ ലഭിക്കുന്നു.
ബിഇ 6 ബാറ്റ്മാൻ എഡിഷൻ 79 kWh ബാറ്ററി പാക്ക് ത്രീ വകഭേദത്തിലാണ് വിപണിയിൽ എത്തുന്നത്. ഡോറുകളിൽ കസ്റ്റം ബാറ്റ്മാൻ ഡീക്കൽ, 20 ഇഞ്ച് അലോയ് വീലുകൾ, ആൽകമി-ഗോൾഡ് പെയിന്റ് ചെയ്ത സസ്പെൻഷൻ എലമെന്റുകൾ, ബ്രേക്ക് കാലിപ്പറുകൾ എന്നിവ ഉപയോഗിച്ച് ബിഇ 6 ബാറ്റ്മാൻ എഡിഷൻ സാറ്റിൻ ബ്ലാക്ക് പെയിന്റ് സ്കീമിലാണ് നിരത്തുകളിൽ എത്തുക. പിൻവശത്തായി ബാഡ്ജിങ്ങിൽ ബിഇ 6 X ദി ഡാർക്ക് നൈറ്റ് എന്ന ഇൻസ്ക്രിപ്ഷൻ ഉണ്ട്.
സ്വാതന്ത്രദിനത്തിൽ മഹീന്ദ്ര ഓട്ടോ എക്സ്പോയിൽ പുറത്തിറക്കിയ നാല് കൺസെപ്റ്റുകൾ പ്രകാരം ആയിരിക്കും പുതിയ വാഹങ്ങൾ നിർമ്മിക്കുക. അതുമൂലം നിലവിൽ ലഭിക്കുന്ന മോഡലുകൾക്ക് മെച്ചപ്പെട്ട അപ്ഡേഷനുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.