ആസ്റ്റൺ മാർട്ടിൻ വാലൻ
കാലിഫോർണിയ: ബ്രിട്ടീഷ് സൂപ്പർകാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിൻ തങ്ങളുടെ പുതിയ ലിമിറ്റഡ് എഡിഷൻ V12 സൂപ്പർകാറായ 'വാലെൻ' (Valen) ആഗോളവിപണിയിൽ അവതരിപ്പിച്ചു. യു.എസിലെ കാലിഫോർണിയയിൽ നടന്ന മോണ്ടെറി കാർ വീക്കിലാണ് ഈ വിസ്മയ വാഹനം ലോകത്തിനു മുന്നിൽ എത്തിയത്. കമ്പനിയുടെ 113 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഫ്രണ്ട്-എഞ്ചിൻ കാറും, ലോകത്തിലെ ഏറ്റവും ശക്തമായ ഫ്രണ്ട്-എഞ്ചിൻ പ്രൊഡക്ഷൻ കാറുമാണ് വാലെൻ എന്ന് ആസ്റ്റൺ മാർട്ടിൻ അവകാശപ്പെടുന്നു. ആഗോളതലത്തിൽ ആകെ 150 യൂനിറ്റുകൾ മാത്രമാണ് വാലെൻ നിർമിക്കുന്നത്.
വാലെൻ സൂപ്പർ കാറിന് കരുത്ത് പകരുന്നത് 5.2 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ്. ഈ എൻജിൻ 850 ബി.എച്ച്.പി കരുത്തും 1,000 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ആസ്റ്റൺ മാർട്ടിന്റെ വാന്റേജ് GT4 റേസിങ് പ്രോഗ്രാമിൽ നിന്ന് ഉരുത്തിരിഞ്ഞ റിവൈസ്ഡ് ഷിഫ്റ്റ് തന്ത്രങ്ങളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.0 സെക്കന്റ് മാത്രം എടുക്കുന്ന വാലെന്റെ ടോപ് സ്പീഡ് മണിക്കൂറിൽ 344 കിലോമീറ്റർ ആണ്.
സൂപ്പർ കാറിന്റെ ഭാരം പരമാവധി കുറക്കുന്നതിലാണ് ആസ്റ്റൺ മാർട്ടിൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിലുള്ള കോർ V12 പ്ലാറ്റ്‌ഫോമിനേക്കാൾ 110 കിലോഗ്രാം ഭാരം കുറവാണ് വാലെന്. കാർബൺ ഫൈബർ, അലുമിനിയം, ടൈറ്റാനിയം, മഗ്നീഷ്യം എന്നിവയുടെ വ്യാപകമായ ഉപയോഗത്തിലൂടെയാണ് ഈ ഭാരക്കുറവ് സാധ്യമാക്കിയത്. ലൈറ്റ്‌വെയ്റ്റ് മഗ്നീഷ്യം വീലുകൾ സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. ഓപ്ഷണൽ ലൈറ്റ്‌വെയ്റ്റ് പാക്കേജ് വഴി മഷീൻ ചെയ്ത അലുമിനിയം സസ്പെൻഷൻ ഘടകങ്ങളും ടൈറ്റാനിയം ബോൾട്ടുകളും ഉപയോഗിച്ച് 16.9 കിലോഗ്രാം കൂടി ഭാരം കുറക്കാം.
പിറെല്ലിയുടെ പി സീറോ ആർ (P Zero R) ടയറുകളിലാണ് വാഹനം സഞ്ചരിക്കുന്നത്, കൂടാതെ, പി സീറോ വിന്റർ 2 ടയറുകളും ലഭ്യമാണ്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ABS, ട്രാക്ഷൻ കൺട്രോൾ സിസ്റ്റങ്ങൾക്ക് തത്സമയ ഡാറ്റ നൽകുന്ന പീറെല്ലിയുടെ സൈബർ ടയർ (Cyber Tyre) സാങ്കേതികവിദ്യയും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, സ്പോർട്, സ്പോർട്+, ട്രാക്ക് (Sport, Sport+, Track) എന്നീ റൈഡിങ് മോഡുകൾ സൂപ്പർ കാറിൽ ലഭ്യമാണ്. മുൻവശത്ത് 410 എം.എം, പിൻവശത്ത് 360 എം.എം എന്നിങ്ങനെ വലിപ്പമുള്ള കാർബൺ-സെറാമിക് ബ്രേക്കുകൾ, ബിൽസ്റ്റീൻ DTX സെമി-ആക്ടീവ് ഡാംപറുകളും മോഡൽ-സ്പെസിഫിക് സ്പ്രിങ്ങുകളും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
ആസ്റ്റൺ മാർട്ടിന്റെ പരമ്പരാഗത ഫ്രണ്ട്-എഞ്ചിൻ ഡിസൈനിന്റെ കൂടുതൽ ആക്രമണോത്സുകമായ രൂപമാണ് വാലെൻ കാറിന്റേത്. ഫുൾ-കാർബൺ-ഫൈബർ ബോഡിയാണ് ഇതിന് നൽകിയിരിക്കുന്നത്. സ്ലിം ഹെഡ്‌ലാമ്പുകൾ, ഷാർപ്പായി രൂപകൽപ്പന ചെയ്ത ബോണറ്റ്, വലിയ ഗ്രിൽ, ആംഗുലാർ ഫ്രണ്ട് സ്പ്ലിറ്റർ എന്നിവ മുൻവശത്തെ മനോഹരമാക്കുന്നു. വശങ്ങളിൽ നീളമേറിയ ഫങ്ഷണൽ വെന്റുകളും വോർടെക്സ് ജനറേറ്ററുകളും എയർഫ്ലോ നിയന്ത്രിക്കുന്നു. പിൻഭാഗത്ത് പരമ്പരാഗത വിൻഡോക്ക് പകരം എയറോഡൈനാമിക് വിങ്ങോടുകൂടിയ സോളിഡ് ടെയിൽഗേറ്റും, നാല് ടൈറ്റാനിയം എക്സോസ്റ്റ് ടൈൽപൈപ്പുകളും നൽകിയിട്ടുണ്ട്. കൂടാതെ, 170 ലിറ്റർ ബൂട്ട് സ്പേസും ഓപ്ഷണൽ ടൂറിങ് പാക്കും ലഭ്യമാണ്.
ഡ്രൈവർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള കോക്ക്പിറ്റാണ് വാലെന്റെ ഇറ്റീരിയർ. വൽഹല്ലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്വിച്ച് ഗിയർ ലേഔട്ടും 3D-പ്രിന്റ് ചെയ്ത ഘടകങ്ങളും വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്പോർട്സ് പ്ലസ് സീറ്റുകളോ ലൈറ്റ്‌വെയ്റ്റ് കാർബൺ ഫൈബർ പെർഫോമൻസ് സീറ്റുകളോ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. സെമി-അനിലിൻ ലെതർ, അൽകാന്ററ തുടങ്ങിയ പ്രീമിയം ഫിനിഷുകൾ വാഹനത്തിന് ലഭ്യമാണ്. കൂടാതെ, 'Q ബൈ ആസ്റ്റൺ മാർട്ടിൻ' വഴി നിരവധി പേഴ്സണലൈസേഷൻ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.