എണ്ണമറ്റ ഡയറ്റിങ് മാതൃകകളും പലതരം വർക്കൗട്ട് രീതികളും തരാതരം സപ്ലിമെന്റുകളുമെല്ലാം മാറിമാറി പരീക്ഷിക്കുന്ന നമ്മുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെ, ‘എന്നെ ഏറ്റവും മികച്ച ഞാനാക്കുക’ എന്നത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ഓരോസമയത്ത് ഓരോ വെൽനെസ് ശീലങ്ങൾ ട്രെൻഡിങ് ആകാറുണ്ട്. അതിലൊന്നാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ‘3x3 ഫിറ്റ്നസ് റൂൾ’. വെൽനെസ് ട്രെൻഡുകൾ വന്നും പോയുമിരിക്കുമെങ്കിലും ചിലത് ഏറെനാൾ നിലനിൽക്കും. ഏറെ പ്രായോഗികവും ദൈനംദിന ജീവിതത്തിലേക്ക് ഏറ്റവും എളുപ്പം കൂട്ടിച്ചേർക്കാനാവുന്നതുമായ സംഗതികളായിരിക്കുമത്. കഠിനമായ ഡയറ്റും ഏറെ സമയമെടുക്കുന്ന ചര്യകളുമൊന്നുമില്ലാതെ, ലളിതമാണ് ഈ ‘3x3 ഫിറ്റ്നസ് റൂൾ’.
എന്താണിത്?
ഉച്ചക്കുമുമ്പേ മൂന്നു പ്രവൃത്തികൾ പൂർത്തിയാക്കുന്നതാണ് ‘3x3 ഫിറ്റ്നസ് റൂൾ’.
വലിയ കാര്യങ്ങളൊന്നുമില്ല, ഇത്രമാത്രം. ഓർമിക്കാനും പൂർത്തിയാക്കാനും സാധിക്കുന്ന ഈ ചര്യകൾകൊണ്ട് വലിയ മാറ്റമുണ്ടാകുമെന്നാണ് ഫിറ്റ്നസ് വിദഗ്ധർ അവകാശപ്പെടുന്നത്. ലളിതമായതിനാൽ മാത്രമല്ല, മികച്ച ഫലം ഉണ്ടാവുന്നതിനാൽകൂടിയാണ് ഈ ശൈലി ജനപ്രിയമാകുന്നത്. ചലനം, ജലാംശസംരക്ഷണം, പോഷണം എന്നീ മൂന്നു തത്ത്വങ്ങളിലൂടെ ദിവസം മുഴുവൻ ഫലം നിലനിർത്താൻ സാധിക്കുമെന്ന് ഫിറ്റ്നസ് വിദഗ്ധ ദീപ്തി ശർമ അഭിപ്രായപ്പെടുന്നു.
പ്രഭാതം പ്രധാനം
നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളിൽ പ്രഭാതം ഏറെ പ്രാധാന്യമുള്ളതാണ്. ഈ മൂന്നു കാര്യങ്ങൾ പൂർത്തിയാക്കുന്നതോടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ദഹനം മികച്ചതാക്കാനും ഊർജം വർധിപ്പിക്കാനും എളുപ്പമായിരിക്കുമെന്ന് ബംഗളൂരു ഗ്ലെൻ ഈഗ്ൾസ് ബി.ജി.എസ് ഹോസ്പിറ്റൽ ക്ലിനിക്കൽ ന്യൂട്രീഷ്യൻ ഡോ. കാർത്തിക ശെൽവി പറയുന്നു.
രാവിലെത്തന്നെ പൂർത്തിയാക്കുന്നതിനാൽ, പിന്നീട് ജോലി സംബന്ധമായ തിരക്കുകൾ കാരണം ചെയ്യാനാകാതെപോകുന്നുമില്ല എന്നതും ഇതിന്റെ മെച്ചമാണ്.
3000 ചുവട്
രാവിലെ നടക്കുമ്പോൾ ശരീരം ഉണരുന്നു, രക്തചംക്രമണം സജീവമാകും. ഇത് നമ്മെ ഊർജസ്വലരാക്കും. മെറ്റബോളിസം നന്നാക്കുകയും ദിവസം മുഴുവൻ കാര്യക്ഷമമായി കലോറി കരിയിച്ചുകളയാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ‘ഫീൽ ഗുഡ്’ ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നതോടെ മാനസിക സമ്മർദം കുറയും. ഉച്ചയൂണിനു മുമ്പുതന്നെ ഈ 3000 ചുവടുകൾ പൂർത്തിയാക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ ക്ഷീണം കാരണമോ തിരക്കു കാരണമോ സ്കിപ് ആയിപ്പോകാൻ സാധ്യതയുണ്ട്.
വെള്ളം വെള്ളം സർവത്ര
ദഹനപ്രക്രിയ മികച്ചതാക്കാൻ സഹായിക്കുന്ന കാര്യമാണ് വെള്ളം കുടി. ഒപ്പം ബ്രെയിൻ പ്രവർത്തനത്തിനും ദിവസം മുഴുവൻ ഊർജം നിലനിർത്താനും ഉപകരിക്കും. നിർജലീകരണംമൂലമുള്ള ക്ഷീണം ഒഴിവാക്കാൻ അതിരാവിലെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുകയും അതുവഴി അനാവശ്യമായ ലഘുഭക്ഷണ ശീലം ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.
പ്രോട്ടീൻ പരിരക്ഷ
രാവിലെ 30 ഗ്രാം പ്രോട്ടീൻ കഴിക്കുന്നതോടെ, ഓരോരുത്തർക്കും ആവശ്യമുള്ള പ്രോട്ടീനിന്റെ അളവ് കൈവരിക്കൽ എളുപ്പമാകുന്നു.
‘‘രാവിലെ പ്രോട്ടീൻ കഴിക്കുന്നതോടെ കൂടുതൽ സമയം വയർ നിറഞ്ഞതായി അനുഭവപ്പെടുകയും അതുകൊണ്ടുതന്നെ അനാവശ്യ ലഘുഭക്ഷണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. വൈകീട്ട് അമിത ഭക്ഷണമെന്ന പ്രശ്നവും ഇതിലൂടെ ഒഴിവാക്കാം’’ -ഡോ. കാർത്തിക ശെൽവി പറയുന്നു.
ഇതും ശ്രദ്ധിക്കണം
അതേസമയം, 3x3 നിയമത്തെ സമ്പൂർണ ഫിറ്റ്നസ് പദ്ധതിയായി കാണരുതെന്നും സപ്പോർട്ടിവ് ശീലമായി മാത്രം കണ്ടാൽ മതിയെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.