കാലാവസ്ഥ മാറ്റമോ വയറ്റിലെ അണുബാധയോ? ഛർദിക്ക് പിന്നിലെ കാരണങ്ങൾ പലതാണ്...

ഒരു മുന്നറിയിപ്പുമില്ലാതെ നേരിയ തലവേദനയോ വയറിൽ അസ്വസ്ഥതയോ അനുഭവപ്പെട്ടതിന് ശേഷം പെട്ടെന്ന് ഛർദിക്കാൻ തോന്നാറുണ്ടോ? ഇത്തരം സന്ദർഭങ്ങളിൽ സ്വാഭാവികമായും തോന്നുന്ന സം​ശയമാണ് കഴിച്ച ആഹാരം വയറിന് പിടിക്കാത്തതാണോ, അലർജിയായതാണോ അതോ വല്ല അണുബാധയുമാണോ എന്നൊക്കെ. എന്നാൽ ചില ആളുകൾ സംശയിക്കുന്നത് കാലാവസ്ഥയെയാണ്. മാറി വരുന്ന കാലാവസ്ഥ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളാ​ണോ ഇതെന്ന് ചിന്തിക്കുന്നവരുമുണ്ട്.

‘സ്റ്റൊമക് ബഗ്’ അഥവാ വയറ്റിലെ അണുബാധ

പെട്ടെന്നുണ്ടാകുന്ന ഛർദിക്ക് പ്രധാന കാരണം ‘വൈറൽ ഗ്യാസ്‌ട്രോ എന്ററൈറ്റിസ്’ അഥവാ വയറ്റിലെ അണുബാധയാണ്. ഇത് വളരെ വേഗത്തിൽ മറ്റുള്ളവരിലേക്ക് പടരാം. ഓക്കാനം, വയറിളക്കം, നേരിയ പനി, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. ഇത്തരം അണുബാധയെ കാലാവസ്ഥാ മാറ്റം പരോക്ഷമായി ബാധിക്കാറുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയും മാറുന്നതിനനുസരിച്ച് പ്രതിരോധശേഷി കുറയാനും ഭക്ഷണസാധനങ്ങൾ വേഗത്തിൽ കേടാകാനും സാധ്യതയുണ്ട്. ഇത് അണുബാധക്കുള്ള സാധ്യത വർധിപ്പിക്കും.

കാലാവസ്ഥാ വ്യതിയാനം നേരിട്ട് ഛർദിക്ക് കാരണമാകുന്നത് അപൂർവ്വമാണ്. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ശരീരത്തിൽ ചില പ്രതിപ്രവർത്തനങ്ങൾ ഉണ്ടാക്കുന്നത് ഛർദിക്ക് കാരണമാകാം. കഠിനമായ ചൂടിൽ നിന്ന് പെട്ടെന്ന് തണുപ്പിലേക്കോ മാറുന്നതിന്റെ ഭാഗമായി തലകറക്കം, ഓക്കാനം, ഛർദി എന്നിവ അനുഭവപ്പെടാം.

അമിതമായ ചൂട് ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള കഴിവിനെ ബാധിക്കും. ഇത് ദഹനത്തെ സാവധാനത്തിലാക്കുകയും ഓക്കാനത്തിലേക്കോ ഛർദിയിലേക്കോ നയിക്കുകയും ചെയ്യും. അന്തരീക്ഷ മർദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ ചിലരിൽ മൈഗ്രേയ്ൻ ഉണ്ടാക്കാം. മൈഗ്രേയ്നിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഓക്കാനവും ഛർദിയും.

ലക്ഷണങ്ങൾ

കാലാവസ്ഥ മാറ്റം മൂലമുള്ള അസ്വസ്ഥതയും അണുബാധയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് മണിപ്പാൽ ഹോസ്പിറ്റലിലെ ഹെപ്പറ്റോളജിസ്റ്റ് ഡോ. സിദ്ധാർത്ഥ് ബഡോല പറയുന്നുണ്ട്. പ്രധാനമായും ലക്ഷണങ്ങളുടെ തീവ്രതയിൽ നിന്നുമാണ് വ്യത്യാസം മനസ്സിലാക്കാൻ കഴിയുന്നത്. കാലാവസ്ഥാ മാറ്റം മൂലമാണെങ്കിൽ നേരിയ ഓക്കാനമോ വയറിൽ ചെറിയ അസ്വസ്ഥതയോ മാത്രമേ ഉണ്ടാകൂ. അത് വേഗത്തിൽ മാറുകയും ചെയ്യും. എന്നാൽ അണുബാധ കാരണമാണെങ്കിൽ കടുത്ത വയറുവേദന, നിർത്താതെയുള്ള വയറിളക്കം, വിട്ടുമാറാത്ത പനി എന്നിവ ഉണ്ടാകും.

ഈ ലക്ഷണത്തോടൊപ്പം മലത്തിലൂടെ രക്തം പോകുക, വയറിന്റെ ഒരു ഭാഗത്ത് മാത്രമായി അനുഭവപ്പെടുന്ന കഠിനമായ വേദന, എട്ട് മണിക്കൂറിലധികം മൂത്രം ഒഴിക്കാതിരിക്കുക, അമിതമായ തലകറക്കം, ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കാൻ പറ്റാതാവുക തുടങ്ങിയ അവസ്ഥയിലേക്ക് എത്തിയാൽ ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്. 

Tags:    
News Summary - Suddenly throwing up? Could it be the weather or a stomach bug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.