പച്ചക്കറികളും വിത്തുകളും നിറഞ്ഞ ഒരു ബൗൾ, അതാണ് തന്റെ ഒളിമങ്ങാത്ത ഫിറ്റ്നസിന്റെ പരസ്യമായ രഹസ്യമെന്ന് നമ്മുടെ ക്രിക്കറ്റ് സൂപ്പർതാരം വിരാട് കോഹ്ലി പറയാറുണ്ട്. നന്നായി മാംസാഹാരം കഴിച്ചിരുന്ന താൻ ചില ആരോഗ്യ കാരണങ്ങളാൽ വെജിറ്റേറിയനായപ്പോൾ ഫിറ്റ്നസ് നിലനിർത്തുന്നത് ഈ സൂപ്പർ സാലഡിലൂടെയാണെന്നാണ് അദ്ദേഹം അഭിമുഖങ്ങളിൽ പറയാറുള്ളത്.
‘ഈ സാലഡ് ഒരു ബാലൻസ്ഡ് ലഘുഭക്ഷണമാണ്. എങ്കിലും ശരീരത്തിന് ആവശ്യമായ മുഴുവൻ പോഷകങ്ങളും ഇതിലൂടെ ലഭിക്കും’ -ഈയിടെ ഒരു അഭിമുഖത്തിൽ കോഹ്ലി പറയുന്നു. മാംസാഹാരം ഉപേക്ഷിച്ചപ്പോൾ ശരിയായ പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഏറെ പഠനങ്ങളിലൂടെയാണ് താനിത് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
മെസ്ക്ലൻ ഗ്രീൻസ് (ഫ്രാൻസിൽ പ്രചാരത്തിലുള്ള ചെറു സാലഡ് ഇലകൾ, ഔഷധച്ചെടികൾ എന്നിവയുടെ മിശ്രണം), തണ്ണിമത്തൻ, വറുത്ത മത്തങ്ങ വിത്ത്, വറുത്ത അമരന്ത് വിത്ത് (മുള്ളഞ്ചീര, രാജ്ഗിര എന്നും പേരുണ്ട്) എന്നിവയടങ്ങിയതാണ് കോഹ്ലിയുടെ ഈ അതിശയ സാലഡ്.
പോഷകവിദഗ്ധയായ അഞ്ജന കാലിയ പറയുന്നത്, കാപ്സിക്കം, കാരറ്റ്, കക്കിരി, തക്കാളിപോലുള്ള വിവിധ വർണമുള്ള പച്ചക്കറികളിൽ വൈറ്റമിനും ധാതുക്കളും സമൃദ്ധമായി ഉണ്ടെന്നാണ്. ഇവയുടെ സാലഡിലേക്ക്, പ്രോട്ടീനുവേണ്ടി ഗ്രിൽഡ് ചിക്കൻ, കടല, ടോഫു എന്നിവയും ഹെൽത്തി കൊഴുപ്പിനായി അവക്കാഡോ, ഒലിവ് ഓയിൽ, നട്സ്, ചിയ-ഫ്ലാക്സ് സീഡുകളും ചേർക്കാം. കോംപ്ലക്സ് കാർബോഹൈഡ്രേറ്റിനായി ക്വിനോവ വിത്തോ ബ്രൗൺ റൈസോ ചേർക്കാറുണ്ട്. ഇത്തരമൊരു സാലഡ് സൂപ്പർ ഫുഡിന് സമമാണെന്ന് അഞ്ജന വിശദീകരിക്കുന്നു.
‘‘പച്ചക്കറികൾ, പ്രോട്ടീൻ, ഹെൽത്തി ഫാറ്റ്, വിത്തുകൾ എന്നിവയുടെ സമന്വയമാണ് കോഹ്ലിയുടെ സൂപ്പർഫുഡ് സാലഡ്. ഇത് ദീർഘകാല ഊർജം ലഭിക്കാനും ആരോഗ്യം വീണ്ടെടുക്കാനും മസിൽ പുനരുദ്ധാനത്തിനും മികച്ചതാണ്’’ -അഞ്ജന കാലിയ പറയുന്നു. ഉയർന്ന ഫൈബറും ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും അടങ്ങിയ സാലഡ് ശരീരത്തിലെ അണുബാധ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
പോഷക വിദഗ്ധരുടെ നിർദേശപ്രകാരം, ഊണിനും ഡിന്നറിനും പകരമായോ അല്ലെങ്കിൽ വർക്ക്ഔട്ട് കഴിഞ്ഞുള്ള ലഘുഭക്ഷണമായോ ഈ സാലഡ്, ഉൾപ്പെടുത്താവുന്നതാണ്. കൊഴുപ്പ് കുറവായതിനാൽ ഭാരനിയന്ത്രണത്തിനും ദഹനത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യും. സ്ഥിരമാക്കിയാൽ പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കുറയാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.