പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാമോ എന്നത് എപ്പോഴും തർക്കവിഷയമാണ്. പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും അവ കഴിക്കുന്ന രീതി തെറ്റിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് അമിതമാകുന്ന വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കാത്തതോ (ടൈപ്പ് 1) അല്ലെങ്കിൽ ശരീരം ഇൻസുലിൻ ശരിയായി ഉപയോഗിക്കാത്തതോ (ടൈപ്പ് 2) കാരണമാണ് ഇത് സംഭവിക്കുന്നത്. അമിതമായ ദാഹം, മൂത്രശങ്ക, ക്ഷീണം എന്നിവ പ്രധാന ലക്ഷണങ്ങളാണ്. പലരും ആരോഗ്യകരമെന്ന് കരുതി കുടിക്കുന്ന ഫ്രൂട്ട് ജ്യൂസുകൾ യഥാർത്ഥത്തിൽ പ്രമേഹരോഗികൾക്ക് ഗുണമാണോ ദോഷമാണോ? പഴം നേരിട്ട് കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കണം.
1. നാരുകൾ നഷ്ടപ്പെടും: പഴങ്ങൾ ജ്യൂസ് അടിക്കുമ്പോൾ അതിലെ പ്രധാന ഘടകമായ നാരുകൾ നീക്കം ചെയ്യപ്പെടുന്നു. രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുന്നത് ഈ നാരുകളാണ്. നാരുകൾ ഇല്ലാത്ത ജ്യൂസ് കുടിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വർധിക്കുന്നു.
2. ഗ്ലൈസമിക് ഇൻഡക്സിലെ മാറ്റം: പഴങ്ങളെ അപേക്ഷിച്ച് ജ്യൂസിന് 'ഗ്ലൈസമിക് ഇൻഡക്സ്' കൂടുതലാണ്. ജ്യൂസ് വളരെ വേഗത്തിൽ ദഹിക്കുകയും രക്തത്തിൽ കലരുകയും ചെയ്യും. ഇത് ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കാൻ കാരണമായേക്കാം.
3. കലോറിയുടെ അളവ്: ഒരു ഓറഞ്ച് നേരിട്ട് കഴിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടി പഞ്ചസാരയും കലോറിയും ഒരു ഗ്ലാസ് ജ്യൂസിൽ നിന്ന് ലഭിക്കുന്നു. കാരണം ഒരു ഗ്ലാസ് ജ്യൂസ് ഉണ്ടാക്കാൻ മൂന്നോ നാലോ ഓറഞ്ച് ആവശ്യമായി വരുന്നു. ഇത് അമിതവണ്ണത്തിലേക്കും ഉയർന്ന ഷുഗർ ലെവലിലേക്കും നയിക്കും.
പഴുത്ത പഴങ്ങൾ വേണ്ട: പഴങ്ങൾ കൂടുതൽ പഴുക്കുന്തോറും അതിലെ പഞ്ചസാരയുടെ അളവ് കൂടും. അതിനാൽ മിതമായി പഴുത്തവ തിരഞ്ഞെടുക്കുക.
ഉചിതമായ സമയം: ജ്യൂസിന് പകരം ഉച്ചഭക്ഷണത്തിന് മുമ്പോ വൈകുന്നേരമോ ലഘുഭക്ഷണമായി പഴങ്ങൾ കഴിക്കുന്നതാണ് ഉചിതം.
തിരഞ്ഞെടുക്കേണ്ട പഴങ്ങൾ: ആപ്പിൾ, പേരക്ക, ഓറഞ്ച്, പപ്പായ എന്നിവ മിതമായ അളവിൽ കഴിക്കാം. എന്നാൽ മാമ്പഴം, ചക്ക, മുന്തിരി എന്നിവയുടെ അളവ് വളരെ കുറക്കണം.
നിർബന്ധമാണെങ്കിൽ മാത്രം പഞ്ചസാര ചേർക്കാതെ, അരിക്കാത്ത ജ്യൂസ് കുടിക്കുക. എങ്കിലും പഴങ്ങൾ നേരിട്ട് കഴിക്കുന്നതാണ് ആരോഗ്യകരം. പഴങ്ങൾ കഴിക്കുമ്പോൾ അതിന്റെ കൂടെ കുറച്ച് ബദാമോ അണ്ടിപ്പരിപ്പോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കൂടുതൽ സഹായിക്കും. കാരണം ഇതിലെ പ്രോട്ടീനും കൊഴുപ്പും പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കും. ആരോഗ്യസ്ഥിതി അനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.