അമുൽ ഉൾപ്പെടെ പ്രമുഖ ക്ഷീരോത്പാദക കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ആശങ്കയിൽ ഉപഭോക്താക്കൾ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദക കമ്പനിയായ അമുൽ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന് അവകാശപ്പെടുന്ന അമുലിന്റെ വിവിധ ഉൽപന്നങ്ങളിൽ സുരക്ഷിതമല്ലാത്ത അളവിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശിച്ചിട്ടുള്ള പരിധിയേക്കാൾ ഉയർന്ന അളവിലുള്ള കോളിഫോം ബാക്ടീരിയകളാണ് അമുൽ പാലിൽ കണ്ടെത്തിയത്. അമുൽ താസയിലും അമുൽ ഗോൾഡിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അമുൽ തൈരിലും സുരക്ഷിത മാനദണ്ഡങ്ങളേക്കാൾ 2,100 മടങ്ങ് കൂടുതൽ കോളിഫോം ബാക്ടീരിയകളും, 60 മടങ്ങ് കൂടുതൽ യീസ്റ്റും പൂപ്പലുമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, തങ്ങളുടെ ഉൽപന്നങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഈ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്നുമാണ് അമുലിന്റെ ഔദ്യോഗിക വിശദീകരണം.

അമുലിന് പുറമെ മദർ ഡയറി, കൺട്രി ഡിലൈറ്റ് എന്നീ ബ്രാൻഡുകളും പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്. പാലിലെ ബാക്ടീരിയകളുടെ ആകെ അളവ് കണക്കാക്കുന്ന ടോട്ടൽ പ്ലേറ്റ് കൗണ്ട് (ടി.പി.സി) പരിശോധനയിലാണ് മദർ ഡയറി പരാജയപ്പെട്ടത്. ‘കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് അടുക്കളയിലേക്ക്’ എന്ന പരസ്യം ഉയർത്തിപ്പിടിച്ച കൺട്രി ഡിലൈറ്റിന്റെ സാമ്പിളുകളിലും നിശ്ചിത അളവിൽ കൂടുതൽ ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്.

പാലുൽപ്പന്നങ്ങൾക്ക് പുറമേ പ്രോട്ടീൻ സപ്ലിമെന്റായി ഉപയോഗിക്കുന്ന ‘എഗ്ഗോസ് ന്യൂട്രീഷൻ’ ഇന്ത്യയുടെ മുട്ടകളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്. ട്രസ്റ്റിഫൈഡ് നടത്തിയ പരിശോധനയിൽ ഇവരുടെ മുട്ടകളിൽ പല രാജ്യങ്ങളും നിരോധിച്ച അമിനോ ഓക്സസോളിൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി.

ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ദിവസവും ആശ്രയിക്കുന്ന പാലും മുട്ടയും ഇത്തരത്തിൽ ഗുണനിലവാരമില്ലാത്തതാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പാലിലെ ബാക്ടീരിയകളുടെ അളവ് നിശ്ചിത പരിധി കടന്നാൽ അത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായി വിപണി ഭരിക്കുന്ന പ്രമുഖ കമ്പനികൾ തന്നെ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Tags:    
News Summary - Amul, Country Delight, Mother Dairy milk fail quality check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.