ക്രിസ്മസ് ആഘോഷങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണല്ലോ കേക്ക്. എന്നാൽ സാധാരണ കേക്കുകളിൽ അടങ്ങിയിരിക്കുന്ന അമിതമായ പഞ്ചസാരയും മൈദയും പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളിയാകാറുണ്ട്. പ്രമേഹമുള്ളവർക്കും ഡയറ്റ് നോക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ക്രിസ്മസ് കേക്ക് എങ്ങനെ ഉണ്ടാക്കാം? സാധാരണ കേക്കുകളെ അപേക്ഷിച്ച് ഡ്രൈ ഫ്രൂട്ട് കേക്കുകൾ ആരോഗ്യപരമായി കൂടുതൽ ഗുണങ്ങൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് വീട്ടിൽ തന്നെ തയാറാക്കുന്നവയാണെങ്കിൽ അവയുടെ ഗുണങ്ങൾ ഇരട്ടിയാണ്.
1. പോഷകങ്ങളുടെ കലവറ: ഇതിൽ ചേർക്കുന്ന ഉണക്കമുന്തിരി, ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ബദാം, വാൾനട്ട് എന്നിവയിൽ ധാരാളം പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു.
2. നാരുകളാൽ സമ്പന്നം: ഡ്രൈ ഫ്രൂട്ട്‌സിലും നട്‌സിലും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു. മൈദക്ക് പകരം ഗോതമ്പ് പൊടി കൂടി ചേർത്താൽ കൂടുതൽ ഗുണകരമാകും.
3. ആന്റിഓക്സിഡന്റുകൾ: ഉണക്കമുന്തിരി, ബെറികൾ എന്നിവയിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇവ ശരീരത്തിലെ കോശങ്ങളുടെ നാശം തടയാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
4. ഹൃദയാരോഗ്യം: ബദാം, വാൾനട്ട് എന്നിവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ചീത്ത കൊളസ്ട്രോൾ കുറക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നവയാണ്.
5. പെട്ടെന്നുള്ള ഊർജ്ജം: ശർക്കരയോ ഈന്തപ്പഴമോ ചേർത്ത ഡ്രൈ ഫ്രൂട്ട് കേക്കുകൾ കഴിക്കുന്നത് ക്ഷീണം അകറ്റി പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ സഹായിക്കും. യാത്രകളിലോ ജോലിത്തിരക്കിനിടയിലോ ഒരു ചെറിയ കഷ്ണം കേക്ക് കഴിക്കുന്നത് വിശപ്പടക്കാൻ നല്ലതാണ്.
6. സ്വാഭാവിക മധുരം: ഡ്രൈ ഫ്രൂട്ട്‌സിൽ സ്വാഭാവിക മധുരം ഉള്ളതിനാൽ ഇത്തരം കേക്കുകളിൽ അധികമായി പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കാം. ഇത് പ്രമേഹരോഗികൾക്കും മിതമായ അളവിൽ കഴിക്കാൻ അനുയോജ്യമാക്കുന്നു.
7. മാനസിക ഉന്മേഷം: ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത് ഡോപ്പമിൻ ഉത്പാദനത്തിന് സഹായിക്കും. ക്രിസ്മസ് കാലത്തെ മനോഹരമായ ഓർമകളും ഡ്രൈ ഫ്രൂട്ട് കേക്കിന്റെ രുചിയും മണവും മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കും. എത്ര ഗുണങ്ങൾ ഉണ്ടെങ്കിലും കേക്കിൽ കലോറി കൂടുതലായിരിക്കും. അതിനാൽ അമിതമായി കഴിക്കാതെ മിതമായ അളവിൽ കഴിക്കുന്നതാണ് ഉചിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.