പ്രമേഹമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്

പ്രമേഹരോഗ ചികിത്സയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതിലും മരുന്നുകൾ കൃത്യ സമയത്ത് കഴിക്കുന്നതിലും ഉപരിയായി എന്താണ് കഴിക്കുന്നത്, എങ്ങനെ പാചകം ചെയ്യുന്നു എന്നതിന് വലിയ പങ്കുണ്ട്. മരുന്നുകളുടെ ഫലപ്രാപ്തിയെ ചില ഭക്ഷണങ്ങൾ ബാധിച്ചേക്കാം. മുംബൈയിലെ എസ്. എൽ. രഹേജ ഹോസ്പിറ്റലിലെ ഓണററി ഡയബറ്റോളജിസ്റ്റും എൻഡോക്രൈനോളജിസ്റ്റുമായ ഡോ. അനിൽ ഭോരസ്കർ പറയുന്നതനുസരിച്ച് ചില ഭക്ഷണങ്ങൾ മെറ്റ്ഫോർമിൻ, ഗ്ലിപ്റ്റിൻസ്, വോഗ്ലിറ്റോർ, ഡാപാഗ്ലിഫ്ലോസിൻ, ആസ്പിരിൻ, ഓറൽ ആന്‍റികൊയാഗുലന്‍റുകൾ പോലുള്ള സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ സാധ്യതയുണ്ട്. ചില ഭക്ഷണങ്ങൾ മരുന്നുകളുടെ ഫലപ്രാപ്തി കുറക്കുമ്പോൾ, മറ്റു ചിലത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും.

വാർഫാരിൻ കഴിക്കാത്ത രോഗികൾ പൊട്ടാസ്യം നിയന്ത്രിക്കേണ്ടതില്ലെങ്കിലും എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, പാക്ക് ചെയ്ത സാധനങ്ങൾ, പുളിപ്പിച്ച ഉൽപ്പന്നങ്ങൾ, എയറേറ്റഡ് പാനീയങ്ങൾ, മാംസങ്ങൾ എന്നിവയിൽ അതീവ ശ്രദ്ധ പുലർത്തണം എന്നും ഡോ. അനിൽ ഭോരസ്കർ പറയുന്നു. ഈ ഭക്ഷണങ്ങൾ മരുന്നുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, വീക്കം, ധമനികളിലെ തടസ്സം, ഹൃദ്രോഗ സാധ്യത എന്നിവ വർധിപ്പിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രമേഹരോഗികൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.

1. എണ്ണയിൽ വറുത്തതും വീണ്ടും ഉപയോഗിച്ച എണ്ണയിൽ പാകം ചെയ്തതുമായ ഭക്ഷണങ്ങൾ

പ്രമേഹ രോഗികൾക്ക് ഏറ്റവും അപകടകരമായ ഭക്ഷണമാണ് എണ്ണയിൽ വറുത്തവ എന്ന് ഡോ. ഭോരസ്കർ അഭിപ്രായപ്പെടുന്നു. എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് ലോഹപ്പാത്രങ്ങളിൽ വെച്ച്, അത് ഓക്സിജനുമായി പ്രവർത്തിക്കുകയും പുകയാൻ തുടങ്ങുകയും ചെയ്യും. ഈ പുകയിൽ അർബുദത്തിന് കാരണമാകുന്ന കാർസിനോജെനിക്, ധമനികളിൽ തടസ്സമുണ്ടാക്കുന്ന അതറോജെനിക് തുടങ്ങിയ ദോഷകരമായ കണികകൾ അടങ്ങിയിരിക്കുന്നു. സമോസ, പക്കോട, ചിപ്‌സ്, പൂരി, ബത്തൂര തുടങ്ങിയ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കുകയും അമിതമായ പൂരിത കൊഴുപ്പുകൾ ഭക്ഷണത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

2. പാക്ക് ചെയ്തതും, സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ

സംരക്ഷിച്ച് വെച്ചതും പാക്ക് ചെയ്തതുമായ ഭക്ഷണങ്ങളിൽ സാധാരണയായി അമിതമായി ഉപ്പും മസാലകളും അടങ്ങിയിരിക്കും. ഇത് പ്രമേഹത്തിനുള്ള മരുന്നുകൾ കഴിക്കുന്നവർക്ക് ദോഷകരമാണ്. അമിതമായ സോഡിയം രക്തസമ്മർദ്ദത്തെ ബാധിക്കുകയും, ശരീരത്തിൽ വെള്ളം കെട്ടിനിൽക്കാൻ കാരണമാവുകയും ചില മരുന്നുകളുടെ സന്തുലിതാവസ്ഥ തകർക്കുകയും ചെയ്യും. റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ, ഇൻസ്റ്റന്‍റ് ന്യൂഡിൽസ്, ചിപ്‌സ്, ടിന്നിലടച്ച സൂപ്പുകൾ, അച്ചാറുകൾ, പാക്കറ്റിലാക്കിയ ചട്ണികൾ, സംസ്കരിച്ച മാംസങ്ങൾ എന്നിവ പ്രമേഹരോഗികൾ ഒഴിവാക്കുന്നതാണ് നല്ലത്. ഈ ഭക്ഷണങ്ങൾ പ്രമേഹരോഗികളിൽ പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന വീക്കം വർധിപ്പിക്കാനും സാധ്യതയുണ്ട്.

3. പുളിപ്പിച്ച ഭക്ഷണങ്ങൾ

പ്രമേഹമുള്ള എല്ലാവർക്കും പുളിപ്പിച്ച ഭക്ഷണങ്ങൾ അനുയോജ്യമായെന്ന് വരില്ല. ഇത്തരം ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനം വരുത്തുകയും മരുന്നുകളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ഡോ. ഭോരസ്കർ പറയുന്നു. ഇഡ്ഡലി, ദോശ മാവ്, പുളിപ്പിച്ച ചോറ്, ചില അച്ചാറുകൾ എന്നിവ കാർബോഹൈഡ്രേറ്റ് ലോഡ് വർധിപ്പിക്കുകയും പ്രതീക്ഷിക്കാത്ത രീതിയിൽ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യാം. പെട്ടെന്നുള്ള പഞ്ചസാര നില മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിൽ ഇത്തരം ഇനങ്ങൾ ഒഴിവാക്കാൻ പ്രമേഹമുള്ളവർ ശ്രദ്ധിക്കണം.

4. കോളകളും എയറേറ്റഡ് പാനീയങ്ങളും

കോളകളും മറ്റ് എയറേറ്റഡ് പാനീയങ്ങളും ഒഴിവാക്കാൻ ഡോക്ടർമാർ പ്രമേഹ രോഗികൾക്ക് നിർദേശിക്കുന്നു. ഇത്തരം പാനീയങ്ങൾ പഞ്ചസാര ചേർത്തതോ സീറോ ഷുഗർ ഉള്ളതോ ആകട്ടെ, പ്രമേഹ മരുന്നുകളുടെ ആഗിരണത്തിൽ തടസ്സം സൃഷ്ടിച്ചേക്കാം. കൃത്രിമ മധുരങ്ങൾ, കഫീൻ, ആസിഡുകൾ എന്നിവ അടങ്ങിയ എയറേറ്റഡ് പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അസ്ഥിരപ്പെടുത്താനും നിർജ്ജലീകരണം വർധിപ്പിക്കാനും സാധ്യതയുണ്ട്. ഇടക്കിടെയുള്ള ഉപയോഗം പോലും ഇൻസുലിൻ സംവേദനക്ഷമതയെ ബാധിച്ചേക്കാം. വെള്ളം, മോരുംവെള്ളം, മധുരമില്ലാത്ത വീട്ടിലുണ്ടാക്കുന്ന പാനീയങ്ങൾ എന്നിവയാണ് കൂടുതൽ നല്ലത്.

 

5. പൂരിത കൊഴുപ്പുകളും സംരക്ഷിച്ചു വെച്ച റെഡ് മീറ്റും

സംരക്ഷിച്ചതോ പാകപ്പെടുത്തിയതോ ആയ റെഡ് മീറ്റുമായി ചേർന്ന പൂരിത കൊഴുപ്പുകൾ ദോഷകരമാണ്. സോസേജുകൾ, സലാമി, ഹാം, ബേക്കൺ തുടങ്ങിയ ഇനങ്ങളിൽ ഉയർന്ന ഉപ്പും നൈട്രേറ്റ്സും അടങ്ങിയിട്ടുണ്ട്. ഇത് ഓറൽ ആന്‍റികൊയാഗുലന്‍റുകൾ പോലുള്ള മരുന്നുകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ സാധ്യതയുണ്ട്. ഈ മാംസങ്ങൾ കൊളസ്‌ട്രോളിന്‍റെ അളവ് വർധിപ്പിക്കുകയും വീക്കം കൂട്ടുകയും ചെയ്യും. ഇത് പ്രമേഹ രോഗികളിലെ ഒരു പ്രധാന ആശങ്കയായ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.

പാചക രീതിയിലെ ശ്രദ്ധ

കടൽ വിഭവങ്ങൾ: വറുക്കാതെ ചുട്ടെടുത്തതോ, മൈക്രോവേവ് ചെയ്തതോ, ഗ്രിൽ ചെയ്തതോ ആയ കടൽ വിഭവങ്ങൾ ആരോഗ്യകരമാണ്. വറുക്കുന്നത് പോഷകങ്ങൾ നശിപ്പിക്കുകയും അനാരോഗ്യകരമായ കൊഴുപ്പുകൾ ചേർക്കുകയും ചെയ്യുന്നു.

ഒലിവ് ഓയിൽ: ഇന്ത്യൻ പാചകത്തിൽ താപനില സാധാരണയായി 100°Cൽ കൂടുതലായിരിക്കും. എന്നാൽ ഒലിവ് ഓയിൽ 84°C-ൽ പുകയാൻ തുടങ്ങും. എണ്ണ പുകയാൻ തുടങ്ങുമ്പോൾ വിഷാംശമുള്ള സംയുക്തങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. അതിനാൽ ഒലിവ് ഓയിൽ സാലഡുകൾക്കുള്ള ഡ്രെസ്സിങ്ങായി മാത്രം ഉപയോഗിക്കുക.

പ്രമേഹരോഗികൾ മരുന്നുകളുടെ പ്രവർത്തനത്തെ പിന്തുണക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം. അല്ലാതെ മരുന്നുകൾക്ക് വിപരീതമായി പ്രവർത്തിക്കുന്നവയല്ല. എണ്ണയിൽ വറുത്ത സാധനങ്ങൾ, പാക്ക് ചെയ്ത ഭക്ഷണങ്ങൾ, പുളിപ്പിച്ച ഉൽപ്പന്നങ്ങൾ, എയറേറ്റഡ് പാനീയങ്ങൾ, സംരക്ഷിച്ചു വെച്ച ചുവന്ന മാംസം എന്നിവ ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും ദീർഘകാല സങ്കീർണതകൾ കുറക്കാനും സഹായിക്കും.

Tags:    
News Summary - It is better for people with diabetes to avoid these foods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.