എ.ബി.സി ജ്യൂസിന് ഗുണം മാത്രമല്ല, ചില പാർശ്വഫലങ്ങളുമുണ്ട്...

ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്തുള്ള 'എ.ബി.സി. ജ്യൂസ്'വലിയ പ്രചാരം നേടിയ ഒരു പാനീയമാണ്. പ്രധാന പോഷകങ്ങളാൽ സമ്പന്നമായ ഈ ജ്യൂസ്, ശരീരഭാരം കുറക്കുന്നത് മുതൽ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതുവരെ നിരവധി ഗുണങ്ങൾ നൽകുന്നു. എന്നാൽ മറ്റേതൊരു ഭക്ഷണ സപ്ലിമെന്റ് പോലെ, ഇതിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

എ.ബി.സി. ജ്യൂസിന്റെ ഗുണങ്ങൾ

പോഷകങ്ങളാൽ സമ്പന്നം: ആപ്പിളിൽ ഫൈബറും ആന്റിഓക്‌സിഡന്റുകളും ധാരാളമുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ വിറ്റാമിനുകൾ, ധാതുക്കൾ, നൈട്രേറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം കുറക്കാനും ഹീമോഗ്ലോബിൻ വർധിപ്പിക്കാനും വ്യായാമ ശേഷി കൂട്ടാനും സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ബീറ്റാ കരോട്ടിൻ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പ്രതിരോധശേഷി വർധിപ്പിക്കുന്നു: ഈ ജ്യൂസ് ഹീമോഗ്ലോബിന്റെയും ശ്വേതരക്താണുക്കളുടെയും ഉത്പാദനം വർധിപ്പിക്കുന്നതിനാൽ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. ഇതിലെ വിറ്റാമിൻ, ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ അണുബാധകളെ ചെറുക്കാനും ശ്വാസകോശ സംബന്ധമായ ആരോഗ്യത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

ചർമത്തിന്റെ ആരോഗ്യം: വിറ്റാമിൻ എ, സി, കെ, ബി കോംപ്ലക്‌സ് എന്നിവ ചർമത്തിന് പോഷണവും പുനരുജ്ജീവനവും നൽകുന്നു. ശരീരത്തിലെ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്യുന്നതിലൂടെ ചർമത്തിന് തിളക്കവും യുവത്വവും നൽകാനും പാടുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നു: ആപ്പിളിലെ ആന്റിഓക്‌സിഡന്റുകളും ബീറ്റ്റൂട്ടിലെ ഡിടോക്സിഫൈയിങ് എൻസൈമുകളും ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇതിലെ ഉയർന്ന ഫൈബർ ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും മലബന്ധം അകറ്റാനും മൊത്തത്തിലുള്ള ഡിടോക്സിഫിക്കേഷൻ പ്രക്രിയകളെ പിന്തുണക്കാനും സഹായിക്കുന്നു.

ശരീരഭാരം കുറക്കാൻ സഹായിക്കുന്നു: എ.ബി.സി. ജ്യൂസ് മെറ്റബോളിസവും മെറ്റബോളിക് നിരക്കും മെച്ചപ്പെടുത്തുന്നു. ഇത് ദഹനവും ശരീരഭാരം നിയന്ത്രിക്കുന്ന പ്രക്രിയയും മികച്ചതാക്കുന്നു. ഉയർന്ന ഫൈബറും കുറഞ്ഞ കലോറിയുമുള്ള ഈ ജ്യൂസ് വയറിലെ കൊഴുപ്പ് വേഗത്തിൽ കുറക്കാൻ സഹായിക്കും.

കാഴ്ചശക്തി വർധിപ്പിക്കുന്നു: ഇതിലെ വിറ്റാമിൻ എ, കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും അത്യന്താപേക്ഷിതമാണ്. കണ്ണിന്റെ വരൾച്ച തടയാനും ക്ഷീണിച്ച കണ്ണുകൾക്ക് ആശ്വാസം നൽകാനും കണ്ണിന്റെ പേശികളെ ശക്തിപ്പെടുത്താനും ഈ പാനീയം സഹായിക്കുന്നു.

ദഹനത്തെ സഹായിക്കുന്നു: ദഹനവ്യവസ്ഥയുടെ ആരോഗ്യവും പ്രവർത്തനവും നിലനിർത്താൻ എ.ബി.സി. ജ്യൂസ് നല്ലതാണ്. ഇതിലെ ഡയറ്ററി ഫൈബറും ഫൈറ്റോ ന്യൂട്രിയന്റുകളും ദഹനം എളുപ്പമാക്കുകയും ദഹനപ്രശ്നങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നു. കൂടാതെ മെറ്റബോളിസം വർദ്ധിപ്പിക്കാനും മലവിസർജ്ജനം നിയന്ത്രിക്കാനും ഇത് സഹായിക്കും.

പാർശ്വഫലങ്ങൾ

വൃക്കയിലെ കല്ലുകൾക്ക് സാധ്യത: എ.ബി.സി. ജ്യൂസിലെ ഒരു പ്രധാന ഘടകമായ ബീറ്റ്റൂട്ടിൽ ഓക്‌സലേറ്റുകൾ കൂടുതലാണ്. ഇത് ചില ആളുകളിൽ വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമായേക്കാം. വൃക്കയിൽ കല്ലുകളുടെ ചരിത്രമുള്ളവരോ ഓക്‌സലേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യതയുള്ളവരോ ജ്യൂസ് ഉപയോഗിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ്: ആപ്പിളിലെയും കാരറ്റിലെയും സ്വാഭാവിക പഞ്ചസാര ആരോഗ്യകരമായി കണക്കാക്കുന്നുണ്ടെങ്കിലും, പ്രമേഹമുള്ള രോഗികൾ ഈ ജ്യൂസ് പോലുള്ള പഴച്ചാറുകൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷണത്തിൽ വെക്കണം.

ദഹനവ്യവസ്ഥയിലെ അസ്വസ്ഥതകൾ: എ.ബി.സി. ജ്യൂസിലെ ഉയർന്ന ഫൈബർ ഉള്ളടക്കം, പ്രത്യേകിച്ച് സെൻസിറ്റീവായ ദഹനവ്യവസ്ഥയുള്ളവരിൽ, അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. വയറുവീർക്കൽ, ഗ്യാസ്, വയറിളക്കം എന്നിവ ഒഴിവാക്കാൻ ജലാംശം നിലനിർത്തുകയും ഫൈബർ കഴിക്കുന്നത് ക്രമേണ വർധിപ്പിക്കുകയും ചെയ്യുക.


Tags:    
News Summary - ABC juice is not only beneficial, but it also has some side effects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.