ലിവർപൂൾ: ആഫ്രിക്കൻ രാജ്യങ്ങളിലെ കുരുന്നുകളെ ഭീതിയിലാഴ്ത്തുന്ന 'നോമ' എന്ന മാരക രോഗത്തിന് പിന്നിലെ രഹസ്യം ശാസ്ത്രലോകം കണ്ടെത്തി. മുഖത്തെയും വായയിലെയും കോശങ്ങളെ കാർന്നുതിന്നുന്ന ഈ രോഗം ബാധിക്കുന്ന 90 ശതമാനം കുട്ടികളും മരണത്തിന് കീഴടങ്ങുന്നതായാണ് കണക്കുകൾ. ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ ഡിസീസിലെ ഗവേഷകരാണ് രോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ തിരിച്ചറിഞ്ഞത്.
മുഖത്ത് വിരൂപമായ പാടുകൾ അവശേഷിപ്പിക്കുകയും മാംസം അഴുകിപ്പോകുകയും ചെയ്യുന്ന ഈ രോഗം നിഗൂഢതയായി തുടരുകയായിരുന്നു. നൈജീരിയയിലെ 19 നോമ രോഗികളിൽ നടത്തിയ പഠനത്തിലാണ് 'ട്രെപോണിമ എ' എന്ന പുതിയ ഇനം ബാക്ടീരിയയുടെ സാന്നിധ്യം വൻതോതിൽ കണ്ടെത്തിയത്. സാധാരണഗതിയിൽ വായയിലുണ്ടാകേണ്ട ആരോഗ്യകരമായ ബാക്ടീരിയകൾക്ക് പകരം ഈ ബാക്ടീരിയകൾ വൻതോതിൽ പെരുകുന്നതാണ് രോഗാവസ്ഥയ്ക്ക് കാരണമെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു.
രോഗം നേരത്തെ തിരിച്ചറിയാൻ സാധിച്ചാൽ ആന്റിബയോട്ടിക്കുകൾ വഴി ചികിത്സിക്കാനാകും. എന്നാൽ കൃത്യമായ രോഗനിർണ്ണയ മാർഗങ്ങളുടെ അഭാവം പലപ്പോഴും തിരിച്ചടിയാകാറുണ്ട്. പുതിയ ബാക്ടീരിയയെ തിരിച്ചറിഞ്ഞതോടെ, രോഗം ഗുരുതരമാകുന്നതിന് മുൻപ് തന്നെ വായയിൽ മോണവീക്കം തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ഇത് കണ്ടെത്താനും ചികിത്സിക്കാനും സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ആദം റോബേർട്സ് പറഞ്ഞു.
രോഗം വരുന്നത് തടയാനും കൃത്യമായ മരുന്നുകൾ വികസിപ്പിക്കാനും ഈ കണ്ടെത്തൽ സഹായിക്കും. 'അത്യന്തം മൂല്യമുള്ള തുടക്കം' എന്നാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ധർ ഇതിനെ വിശേഷിപ്പിച്ചത്. അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങളുടെ പട്ടികയിലുള്ള നോമയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ വലിയൊരു നാഴികക്കല്ലാകും ഈ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.