കുഞ്ഞുങ്ങൾക്ക് ടാൽക്കം പൗഡർ ആവശ്യമുണ്ടോ?

ജോൺസൺ ആൻഡ് ജോൺസൺ നിർമിക്കുന്ന ടാൽക്ക് ബേബി പൗഡറിനെ ചുറ്റിപ്പറ്റിയുള്ള നിയമവിവാദങ്ങളും ആരോഗ്യ ചർച്ചകളും വീണ്ടും സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ ദൈനംദിന പരിചരണത്തിൽ ടാൽക്കം പൗഡർ ഉപയോഗിക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ശിശുരോഗ വിദഗ്ധരുടെ അഭിപ്രായത്തിൽ, ആരോഗ്യവാന്മാരായ ഭൂരിഭാഗം കുഞ്ഞുങ്ങൾക്കും ബേബി പൗഡർ അനിവാര്യമല്ല.

വർഷങ്ങളായി, കുഞ്ഞിനെ കുളിപ്പിച്ചതിന് ശേഷമോ ഡയപ്പർ മാറ്റുമ്പോഴോ പൗഡർ ഉപയോഗിക്കുന്നത് പതിവായിരുന്നെങ്കിലും, ഇപ്പോൾ ഡോക്ടർമാർ കൂടുതൽ ശ്രദ്ധ ക്ഷണിക്കുന്നത് മറ്റൊരു അപകടസാധ്യതയിലേക്കാണ്. പൗഡറിലെ അതിസൂക്ഷ്മ കണങ്ങൾ ശ്വാസകോശത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയാണ് കുഞ്ഞുങ്ങൾക്ക് ഏറ്റവും വലിയ ആശങ്കയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വളർച്ച ഘട്ടത്തിലുള്ള ശ്വാസകോശത്തിന് ഇത് ചുമ, ശ്വാസതടസ്സം തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറുമായി ബന്ധപ്പെട്ട കേസുകളിൽ പ്രധാനമായും ഉയർന്നത് ടാൽക്കിൽ ആസ്ബസ്റ്റോസ് മലിനീകരണമുണ്ടായിരുന്നോയെന്നും ദീർഘകാല ഉപയോഗം ചില കാൻസറുകളുടെ സാധ്യത വർധിപ്പിച്ചോയെന്നുമുള്ള ആരോപണങ്ങളാണ്. എന്നാൽ, ശിശുക്കളുടെ കാര്യത്തിൽ ഉടനടി ആശങ്കപ്പെടേണ്ടത് കാൻസറിനെക്കുറിച്ചല്ല, പൗഡർ ശ്വസിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

പൗഡർ ഉപയോഗിക്കുമ്പോൾ

പൗഡർ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്നാണ് ശിശുരോഗ വിദഗ്ധരുടെ പൊതുനിർദേശം. ഇനി ഉപയോഗിക്കുകയാണെങ്കിൽ, കുഞ്ഞിന്റെ ശരീരത്തിലേക്ക് നേരിട്ട് വിതറാതെ ആദ്യം രക്ഷിതാവിന്റെ കൈയിൽ എടുത്ത്, കുഞ്ഞിന്റെ മുഖത്തുനിന്ന് അകലെ വെച്ച് സാവധാനത്തിൽ പുരട്ടുന്നതാണ് നല്ലത്. ഇതിലൂടെ, വായുവിലേക്ക് ഉയരുന്ന പൗഡർ കണങ്ങളുടെ അളവ് കുറക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു. 

Tags:    
News Summary - കുഞ്ഞുങ്ങൾക്ക് ടാൽക്കം പൗഡർ ആവശ്യമുണ്ടോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.