കരളിന്റെ ആരോഗ്യം കാക്കാം; ഹെപ്പറ്റൈറ്റിസിനെ അറിയാം, പ്രതിരോധിക്കാം

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളിലൊന്നായ കരളിനെ ബാധിക്കുന്ന രൂക്ഷമായ അണുബാധയും വീക്കവുമാണ് ഹെപ്പറ്റൈറ്റിസ് (Hepatitis). ദഹനം, വിഷാംശങ്ങൾ പുറന്തള്ളൽ, പോഷക സംഭരണം തുടങ്ങി അഞ്ഞൂറിലധികം സുപ്രധാന ധർമങ്ങളാണ് കരൾ നിർവ്വഹിക്കുന്നത്.

എന്നാൽ വൈറസ് ബാധയോ മറ്റ് ഘടകങ്ങളോ മൂലം കരളിലെ കോശങ്ങൾക്ക് ഉണ്ടാകുന്ന വീക്കം കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. പലപ്പോഴും പ്രാരംഭഘട്ടത്തിൽ കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാത്തതുകൊണ്ടുതന്നെ നിശബ്ദനായ കൊലയാളി എന്നാണ് ഹെപ്പറ്റൈറ്റിസ് അറിയപ്പെടുന്നത്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് കരൾ സിറോസിസ്, ലിവർ ഫെയിലിയർ, കരൾ കാൻസർ തുടങ്ങിയ അതീവ ഗുരുതരാവസ്ഥകളിലേക്ക് നയിച്ചേക്കാം.

പ്രാരംഭ ലക്ഷണങ്ങൾ: ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

ഹെപ്പറ്റൈറ്റിസ് മൂർച്ഛിക്കുമ്പോൾ ശരീരം നൽകുന്ന പ്രധാന സൂചനകൾ താഴെ പറയുന്നവയാണ്:

കടുത്ത ക്ഷീണവും തളർച്ചയും: വിശ്രമിച്ചാലും മാറാത്ത അമിതമായ ശാരീരിക തളർച്ച.

മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ: കണ്ണുകളിലെ വെള്ളഭാഗത്തും ചർമ്മത്തിലും കാണപ്പെടുന്ന മഞ്ഞനിറം.

മൂത്രത്തിലെയും മലത്തിലെയും വ്യതിയാനങ്ങൾ

വയറുവേദന: വയറിന്റെ വലതുഭാഗത്ത് മുകളിലായി (കരളിന്റെ ഭാഗത്ത്) അനുഭവപ്പെടുന്ന നേരിയ വേദന അല്ലെങ്കിൽ ഭാരം.

ദഹനപ്രശ്നങ്ങൾ: വിശപ്പില്ലായ്മ, ഭക്ഷണത്തോടുള്ള അരുചി, ഇടയ്ക്കിടെയുണ്ടാകുന്ന ഓക്കാനവും ഛർദ്ദിയും.

ശരീരത്തിലെ വീക്കം: കരളിൽ ദ്രാവകം കെട്ടിക്കിടക്കുന്നതുമൂലം വയറ്റിലോ കാലുകളിലോ ഉണ്ടാകുന്ന വീക്കം.

കാരണങ്ങളും അപകടസാധ്യതകളും

ഹെപ്പറ്റൈറ്റിസിന് പ്രധാനമായും കാരണമാകുന്നത് താഴെ പറയുന്ന ഘടകങ്ങളാണ്:

വൈറൽ ഹെപ്പറ്റൈറ്റിസ് (A, B, C, D, E):

ഹെപ്പറ്റൈറ്റിസ് എ/ഇ: ദൂഷിതമായ വെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത ആഹാരത്തിലൂടെയുമാണ് ഇവ പടരുന്നത്.

ഹെപ്പറ്റൈറ്റിസ് ബി/സി: അണുബാധയുള്ള രക്തം സ്വീകരിക്കൽ, അണുവിമുക്തമാക്കാത്ത സൂചികളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നിവയിലൂടെ പടരുന്നു.

അമിത മദ്യപാനം (Alcoholic Hepatitis): ദീർഘകാലമായി തുടർച്ചയായി മദ്യം കഴിക്കുന്നത് കരളിൽ വീക്കവും കോശനാശവും ഉണ്ടാക്കുന്നു.

വിഷവസ്തുക്കളും മരുന്നുകളും (Toxic Hepatitis): ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്ന കടുത്ത വേദനസംഹാരികളും അശാസ്ത്രീയ മരുന്നുകളും കരളിന് ആഘാതമുണ്ടാക്കാം.

ഓട്ടോഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ്: ശരീരത്തിന്റെ പ്രതിരോധസംവിധാനം സ്വന്തം കരൾ കോശങ്ങളെത്തന്നെ ആക്രമിക്കുന്ന അപൂർവ്വ അവസ്ഥ.

മുൻകൂട്ടിയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വർഷങ്ങളോളം ലക്ഷണങ്ങളൊന്നുമില്ലാതെ ശരീരത്തിൽ തുടരാം. എന്നാൽ രോഗം തുടക്കത്തിലേ കണ്ടെത്തിയാൽ കരളിന് സ്വയം പുനരുജ്ജീവിക്കാനും പൂർണ്ണമായി സുഖപ്പെടാനും കഴിയും.

ലിവർ ഫംഗ്ഷൻ ടെസ്റ്റ് (LFT): രക്തത്തിലെ എൻസൈമുകളായ എ.എൽ.ടി, എ.എസ്.ടി, ബിലിറൂബിൻ എന്നിവയുടെ അളവ് പരിശോധിച്ച് കരളിൽ വീക്കമുണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കാം.

ഹെപ്പറ്റൈറ്റിസ് സ്ക്രീനിംഗ്: ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകൾ ലക്ഷണങ്ങൾ പുറത്തുകാണിക്കുന്നതിന് മുൻപ് തന്നെ ശരീരത്തിലുണ്ടോ എന്ന് കൃത്യമായി തിരിച്ചറിയാൻ എച്.ബി.എസ്.എ.ജി (HBsAg), ആന്റി-എച്.സി.വി (Anti-HCV) എന്നീ രക്തപരിശോധനകളിലൂടെ സാധിക്കും

വൈറൽ ലോഡ് ടെസ്റ്റ് (Viral Load): ശരീരത്തിൽ വൈറസിന്റെ സാന്നിധ്യം എത്രത്തോളമുണ്ടെന്ന് കണ്ടെത്താൻ ഡി.എൻ.എ (DNA)/ ആർ.എൻ.എ (RNA) പരിശോധനകൾ സഹായിക്കുന്നു.

ഇമേജിംഗ് പരിശോധനകൾ: അൾട്രാസൗണ്ട് സ്കാനിംഗ്, ഫൈബ്രോസ്കാൻ എന്നിവയിലൂടെ കരളിന്റെ കാഠിന്യവും ഘടനാപരമായ മാറ്റങ്ങളും വിലയിരുത്താം.

കരളിന്റെ ആരോഗ്യത്തിനായി ശീലമാക്കേണ്ട കാര്യങ്ങൾ

വാക്സിനേഷൻ എടുക്കുക: ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്കെതിരെ സുരക്ഷിതമായ വാക്സിനുകൾ ഇന്ന് ലഭ്യമാണ്. കൃത്യസമയത്ത് വാക്സിൻ എടുക്കുന്നത് അണുബാധയിൽ നിന്ന് പൂർണ്ണ സംരക്ഷണം നൽകും.

ശുചിത്വം പാലിക്കുക: തിളപ്പിച്ചാറിയ വെള്ളവും ശുചിത്വമുള്ള ഭക്ഷണവും മാത്രം കഴിക്കുക (ഹെപ്പറ്റൈറ്റിസ് എ, ഇ പ്രതിരോധിക്കാൻ).

മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക: കരൾ വീക്കമുള്ളവർ മദ്യപിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കും.

സ്വയംചികിത്സ ഒഴിവാക്കുക: ഏത് മരുന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.

ഓർക്കുക: ഹെപ്പറ്റൈറ്റിസ് തുടക്കത്തിലേ കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിച്ചു മാറ്റാൻ സാധിക്കും. വർഷത്തിലൊരിക്കൽ മുടങ്ങാതെ നടത്തുന്ന ആരോഗ്യ പരിശോധനകളും കൃത്യമായ ജീവിതശൈലിയുമാണ് കരളിന്റെ ആരോഗ്യത്തിന് പ്രധാനം.

(ഡോ. അരുൺ പി.ടി, സീനിയർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി, ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്)

Tags:    
News Summary - ഹെപ്പറ്റൈറ്റിസ് ജാഗ്രതയും പരിപാലനവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.