കോഴിക്കോട്: കേരളത്തിൽ അമീബിക് മെനിഞ്ചൈറ്റിസ് കേസുകൾ കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഈ വർഷം ജനുവരി ഒന്നുമുതൽ ജൂലൈ 25 വരെ 40 പേരാണ് രോഗം ബാധിച്ചു മരിച്ചത്. 154 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മാസം മാത്രം 13 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ അമീബിക് മസ്തിഷ്കജ്വരം വൻതോതിൽ വർധിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 201 പേർക്ക് രോഗം ബാധിക്കുകയും 47 പേർ മരിക്കുകയും ചെയ്തിരുന്നു. 2024ൽ 29 രോഗബാധയും 7 മരണവും 29 സംശയിക്കപ്പെട്ട കേസുകളും ഒരു സംശയ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ആഗോള അടിസ്ഥാനത്തിൽ 97-99% വരെ മരണസാധ്യത കണക്കാക്കപ്പെടുന്ന അസുഖത്തെ ചികിത്സിച്ചുഭേദമാക്കാൻ കഴിയുന്നു എന്നതാണ് ആരോഗ്യവകുപ്പിന്റെ ഏക ആശ്വാസം. കേരളത്തിൽ നിലവിൽ 25.97% ആണ് മരണനിരക്ക്.
എന്താണ് അമീബിക് മെനിഞ്ചൈറ്റിസ്?
ജലാശയങ്ങളിൽ കാണപ്പെടുന്ന അമീബകൾ മനുഷ്യന്റെ തലച്ചോറിൽ പ്രവേശിക്കുന്നതാണ് അമീബിക് മസ്തിഷ്കജ്വരത്തിന് കാരണമാകുന്നത്. വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോഴും അല്ലാതെയും മൂക്കിൽ വെള്ളം കയറുന്നതിലൂടെയാണ് അമീബ തലച്ചോറിൽ പ്രവേശിക്കുക. കെട്ടിനിൽക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന രോഗകാരികളായ നെഗ്ലേറിയ ഫൗലേറി, അക്കാന്തമീബ, ബാലമുത്തിയ അടക്കമുള്ള അമീബകളാണ് രോഗം പരത്തുന്നത്. അതിനാൽ ജലാശയങ്ങളിലും സ്വിമ്മിങ് പൂളുകളിലും കുളിക്കുമ്പോഴും നീന്തുമ്പോഴും ജാഗ്രത വേണം.
പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസിന് അമീബ ശരീരത്തിൽ പ്രവേശിച്ച് 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. എന്നാൽ, ഗ്രാനുലോമാറ്റസ് അമീബിക് മെനിഞ്ചൈറ്റിസിന് ആഴ്ചകൾക്കകമാണ് ലക്ഷണങ്ങൾ പ്രകടമാവുക. 2024 ആഗസ്തിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സംസ്ഥാനത്ത് ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് രോഗമുക്തി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ തന്നെ ആദ്യമായിരുന്നു ഇത്.
പകരുന്നത് എങ്ങനെ?
അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെയാണ് രോഗാണു തലച്ചോറിൽ പ്രവേശിക്കുന്നത്. മുങ്ങിയും ചാടിയും കുളിക്കുമ്പോഴുണ്ടാകുന്ന സമ്മർദത്തിൽ ജലാശയങ്ങളിലെ വെള്ളം മൂക്കിലൂടെ നേസൽ മ്യൂക്കോസ വഴി മൂക്കിനും തലച്ചോറിനും ഇടയിലെ നേർത്ത ക്രിബ്രിഫോം പ്ലേറ്റിലെ ചെറിയ വിള്ളലിലൂടെ തലച്ചോറിലേക്കു കടക്കുന്നു. കുട്ടികളിൽ ക്രിബ്രിഫോം പ്ലേറ്റ് വളരെ നേർത്തതും പൂർണമായും അടയാത്തതുമാകാം കൂടുതലും കുട്ടികളെ ബാധിക്കാൻ കാരണം. തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതുകൊണ്ട് നേരത്തെ ഇത് 'ബ്രെയിൻ ഈറ്റിങ് അമീബ' എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
ലക്ഷണങ്ങൾ
ശക്തമായ പനി, തലവേദന, ഛർദി എന്നിവയാണ് ആദ്യം കണ്ടുതുടങ്ങുക. അധികം വൈകാതെ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ബോധക്ഷയം തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ലക്ഷണങ്ങൾ ഉണ്ടാവുന്നതും രോഗം മൂർച്ഛിക്കുന്നതും വളരെ പെട്ടെന്നായിരിക്കും. ലക്ഷണങ്ങളുമായി എത്തുന്ന രോഗികളിൽ സാധാരണ മസ്തിഷ്കജ്വരത്തിന് നടത്തുന്ന പരിശോധന മാത്രം നടത്തിയാൽ അമീബയെ കണ്ടെത്താൻ കഴിയില്ല. നട്ടെല്ലിൽ നിന്നുള്ള സ്രവത്തിൽ വെറ്റ് മൗണ്ട് പരിശോധന നടത്തിയാലേ അമീബ സാന്നിധ്യം അറിയാൻ സാധിക്കുകയുള്ളൂ. സ്രവം പി.സി.ആർ. പരിശോധന നടത്തിയാണ് രോഗം പൂർണമായി സ്ഥിരീകരിക്കുന്നത്. പ്രാഥമിക ലക്ഷണങ്ങൾ ബാക്ടീരിയൽ മെനിഞ്ചൈറ്റിസിന് സമാനമായിരിക്കും. ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളാവുന്നത് കണ്ടാൽ രോഗി വെള്ളത്തിൽ മുങ്ങിക്കുളിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നത് പ്രധാനമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.