കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി, മലേറിയ ബാധിതരുടെ എണ്ണം വർധിക്കുന്നു. ശനിയാഴ്ച മാത്രം 23 പേർക്ക് എലിപ്പനിയും 15 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ മലേറിയ സ്ഥിരീകരിച്ചത്. ദേവികുളം - 7, കട്ടപ്പന, ചട്ടമൂന്നാർ, കല്ലാർ, വാട്ടയാർ എന്നിവിടങ്ങളിൽ ഓരോ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിഥി തൊഴിലാളികളിലാണ് മലേറിയ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെല്ലാം ഇന്നലെ ഒന്നിൽ കൂടുതൽ എലിപ്പനി സ്ഥിരീകരിച്ചു. രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാല് പേർക്ക് ഷിഗല്ലയും സ്ഥിരീകരിച്ചു. തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. 86 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് കൂടുതൽ രോഗം സ്ഥിരീകരിച്ചത്.ഈ മാസം 2465 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 335 പേർക്ക് എലിപ്പനി ബാധിക്കുകയും 21 പേർ മരിക്കുകയും ചെയ്തു.
മലേറിയ
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട അഞ്ച് സ്പീഷീസുകളാണ് രോഗം പരത്തുന്നത്. പ്ലാസ്മോഡിയം ഫാൽസിപ്പാരം, പ്ലാസ്മോഡിയം വിവാക്സ്, പ്ലാസ്മോഡിയം ഒവൈൽ, പ്ലാസ്മോഡിയം മലേറിയെ, പ്ലാസ്മോഡിയം നോട്ടെൽസി എന്നിവയാണത്. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഇത് കടുത്ത വിളർച്ച, അവയവങ്ങളുടെ തകരാറ്, കോമ തുടങ്ങിയവയ്ക്കും മരണത്തിനും കാരണമാകും.
പകരുന്നത് എങ്ങനെ
അനോഫിലിസ് ഇനത്തിൽപ്പെട്ട പെൺകൊതുകിലൂടെയാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. പ്ലാസ്മോഡിയം ശരീരത്തിൽ പ്രവേശിച്ചാൽ 7-30 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങൾ കരളിൽ പ്രവേശിച്ച് പെരുകുന്നു. അടുത്ത ഘട്ടത്തിൽ ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ആക്രമിക്കും. ഇതോടെ ശരീരത്തിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങും. അപൂർവ അവസരങ്ങളിൽ രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.
രോഗലക്ഷണങ്ങൾ
പനി, കുളിർ, വിറയൽ, മാനസിക നിലയിൽ തകരാർ എന്നിവയാണ് ലക്ഷണങ്ങൾ. മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ മറ്റു പകർച്ചപ്പനികളോട് സാമ്യമുള്ളവയാണ്. അതിനാൽ തിരിച്ചറിയാൻ വൈകും. വിറയലോടു കൂടിയ പനി, ഒന്നിടവിട്ട ദിവസങ്ങളിലെ പനി എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗിക്ക് വിറയലും നല്ല തണുപ്പും ഉണ്ടാവുകയോ, രോഗിയുടെ ശരീരത്തിൽ പൊള്ളുന്ന പനിയും ഒപ്പം തലവേദനയും അനുഭവപ്പെടുകയോ, അമിതമായി വിയർക്കുകയും ഒപ്പം തളരുകയും ചെയ്യുക, ശരീരവേദന, തലവേദന, സന്ധിവേദന, ഛർദ്ദി, ഓക്കാനം, വിളർച്ച (അനീമിയ) എന്നിവയും കാണപ്പെടാറുണ്ട്.
പ്രതിരോധം
കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് മലേറിയ വരാതിരിക്കാനുള്ള പ്രധാന മാർഗം. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക, പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, കിണറും വാട്ടർ ടാങ്കുകളും വല കൊണ്ട് മൂടുക, കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കീടനാശിനികളോ മണ്ണെണ്ണയോ മോസ്കിറ്റോ ലാർവിസിഡൽ ഓയിലോ ജലോപരിതലത്തിൽ ഒഴിക്കുക.
എലിപ്പനി
എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് എലിപ്പനി ബാധിക്കുന്നത്. മുറിവുകൾ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. അതിനാൽ കൈകാലുകളിൽ മുറിവോ ഉപ്പൂറ്റിയിൽ വിള്ളലുള്ളവരും മഴക്കാലത്ത് പ്രത്യേകം ജാഗ്രത പാലിക്കണം.
പ്രധാനമായും കരൾ, വൃക്കകൾ, ശ്വാസകോശം, തലച്ചോറ് എന്നീ ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗമാണ് എലിപ്പനി. ഇതിന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാം.
ലെപ്റ്റോസ്പൈര ഇന്ററോഗാൻസ് (Leptospira interrogans) ജനുസിൽപ്പെട്ട ഒരിനം ബാക്ടീരിയ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. മലിനമായ മണ്ണിലും വെള്ളക്കെട്ടിലും വയലിലും ജോലി ചെയ്യുന്നവർക്കാണ് എലിപ്പനി സാധ്യത കൂടുതൽ.
ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ സാധാരണ 10 ദിവസത്തിനകം രോഗലക്ഷണങ്ങൾ കാണിക്കും. ചിലപ്പോൾ 20 ദിവസം വരെ ആകാം.
രോഗലക്ഷണങ്ങൾ
ശക്തമായ വിറയലോടുകൂടിയ പനി, കുളിർ, തളർച്ച, ശരീരവേദന, തലവേദന, ഛർദ്ദി എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ.
വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്.
കണ്ണിനു ചുവപ്പ്, നിർജലീകരണം, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നിവയും ഉണ്ടാകും.
തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കും.
ശരീരവേദന പ്രധാനമായും തുടയിലെ പേശികൾക്കാണ് ഉണ്ടാകുന്നത്.
രോഗം മൂർച്ഛിക്കുമ്പോൾ
ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികൾ വലിഞ്ഞു മുറുകി പൊട്ടുന്നതുപോലെ വേദന, കണ്ണിന് നല്ല ചുവന്ന നിറം എന്നിവ ഉണ്ടാകും.
വിശപ്പില്ലായ്മ, മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, നെഞ്ചുവേദന, വരണ്ട ചുമ എന്നിവയും പ്രകടമാകാം. ചിലർ മാനസിക വിഭ്രമങ്ങൾ പ്രകടിപ്പിക്കും.
മൂത്രം ഇരുണ്ട ചുവപ്പ് നിറം/കറുത്ത നിറമായി മാറുന്നു.
പ്രതിരോധിക്കാം
എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗം.
എലിവിഷം, എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക.
മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക. മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
മൃഗപരിപാലനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് ശുദ്ധജലത്തിൽ കഴുകുക.
കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക.
ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗം ബൂട്ട്സ്, കയ്യുറകൾ എന്നിവ ഉപയോഗിക്കുക.
രോഗസാധ്യത ഏറിയ മേഖലകളിൽ പണിയെടുക്കുന്നവർ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ചികിത്സ (ഡോക്സിസൈക്ലിൻ) മുൻകൂട്ടി സ്വീകരിക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.
ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക.
വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ ഈ രോഗത്തെ തടയാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.