ചിക്കൻപോക്സ് ചില്ലറക്കാരനല്ല; ഈ വർഷം കവർന്നത് എട്ട് ജീവനുകൾ, സംസ്ഥാനത്ത് രോഗ വ്യാപനം

കോഴിക്കോട്: സംസ്ഥാനത്ത് ചിക്കൻ പോക്സ് പടർന്നുപിടിക്കുന്നു. ഈ വർഷം ജനുവരി മുതൽ 26,040 പേർക്ക് ചിക്കൻ പോക്സ് പിടിപെടുകയും എട്ട് പേർ രോഗം രൂക്ഷമായി മരിക്കുകയും ചെയ്തു. ഇന്നലെ മാത്രം വിവിധ ജില്ലകളിലായി 90 പേർക്കാണ് ചിക്കൻ പോക്സ് സ്ഥിരീകരിച്ചത്. ഈ മാസം 2,148 പേർക്ക് രോഗം സ്ഥിരീകരിച്ചു. കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലും ചിക്കൻ പോക്സ് ബാധിക്കുന്നത്. സാധാരണ നിലയിൽ ഇത് ഗുരുതര രോഗമല്ലെങ്കിലും ഗുരുതരമായാൽ ജീവൻ നഷ്ടപ്പെട്ടേക്കാം. വളരെ വേഗത്തിൽ പകരുന്ന രോഗമാണ് ചിക്കൻ പോക്സ്.

ഗുരുതരമായാൽ ന്യൂമോണിയ, അപൂർവമായി മാത്രം മസ്തിഷ്കവീക്കം, ബാക്ടീരിയ മൂലമുള്ള ചർമ്മ അണുബാധകൾ, നിർജലീകരണം, രക്തത്തിലെ അണുബാധ എന്നിവയ്ക്ക് കാരണമാകും. ഗർഭിണികൾക്ക് രോഗം വന്നാൽ അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരിൽ രോഗം ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ച് ഗുരുതരമാകാനും സാധ്യതയുണ്ട്.

എന്താണ് ചിക്കൻ പോക്സ്?

വാരിസെല്ല-സോസ്റ്റർ വൈറസ് (Varicella-Zoster Virus) മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചിക്കൻ പോക്സ് (Chickenpox). സാധാരണയായി കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ രോഗം വരാത്ത മുതിർന്നവരിലും ഇത് ബാധിക്കാം. കുട്ടികളിൽ സാധാരണയായി ലഘുവായ രോഗമാണെങ്കിലും, മുതിർന്നവരിലും ഗർഭിണികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഗുരുതരമാകാൻ സാധ്യതയുണ്ട്. സാധാരണയായി വൈറസ് ശരീരത്തിൽ പ്രവേശിച്ച് 10 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.

ലക്ഷണങ്ങൾ

പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ

മുഖത്തും നെഞ്ചിലും തുടങ്ങി ശരീരമാകെ പടരുന്ന ചൊറിച്ചിലോടുകൂടിയ ചുവന്ന കുരുക്കൾ

ഈ കുരുക്കൾ പിന്നീട് വെള്ളം നിറഞ്ഞ കുമിളകളായി മാറും

ഏതാനും ദിവസങ്ങൾക്കകം കുമിളകൾ പൊട്ടി ഉണങ്ങി പൊറ്റയായി മാറും

പുതിയ കുമിളകൾ പല ദിവസങ്ങളിലായി വരുന്നതിനാൽ ശരീരത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പാടുകൾ ഒരേസമയം കാണാം

പകരുന്നതെങ്ങനെ?

രോഗബാധിതൻ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ.

കുമിളകളിലെ ദ്രാവകവുമായി നേരിട്ട് സമ്പർക്കം ഉണ്ടാകുമ്പോൾ.

രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, ടവല്ലുകൾ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ.

അപകടസാധ്യതയുള്ളവർ?

ഗർഭിണികൾ

നവജാത ശിശുക്കൾ

മുതിർന്നവർ

കാൻസർ ചികിത്സയിലുള്ളവർ

അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ

എച്ച്ഐവി ഉൾപ്പെടെ പ്രതിരോധശേഷി കുറയ്ക്കുന്ന രോഗമുള്ളവർ

ഗുരുതരമായാൽ

ന്യൂമോണിയ (ശ്വാസകോശ അണുബാധ) – പ്രത്യേകിച്ച് മുതിർന്നവരിൽ

മസ്തിഷ്കവീക്കം (Encephalitis) – അപൂർവമാണെങ്കിലും ജീവന് ഭീഷണിയാകാം

ബാക്ടീരിയ മൂലമുള്ള ചർമ്മ അണുബാധകൾ – കുമിളകൾ ചൊറിയുന്നതിലൂടെ

നിർജലീകരണം

രക്തത്തിലെ അണുബാധ (Sepsis) – അപൂർവം

ഗർഭിണികൾക്ക് രോഗം വന്നാൽ അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത

പ്രതിരോധശേഷി കുറഞ്ഞവരിൽ രോഗം ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ച് ഗുരുതരമാകാം

Tags:    
News Summary - കേരളത്തിൽ ചിക്കൻപോക്സ് വ്യാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.