ഉപഭോക്താക്കൾക്ക് മിനിറ്റുകൾക്കകം സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ദക്ഷിണ കൊറിയയിലെ അതിവേഗ രാത്രികാല ഡെലിവറി സംസ്കാരം വലിയൊരു മാനുഷിക ദുരന്തത്തിന് വഴിയൊരുക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ ഓൺലൈൻ റീട്ടെയിലറായ കൂപാങ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾ നേരിടുന്ന കടുത്ത ചൂഷണങ്ങളും അമിത ജോലിയും വലിയ ചർച്ചയ്ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. രാത്രിയുടെ മറവിൽ അക്ഷീണം പ്രയത്നിക്കുന്ന ഒരു വിഭാഗം തൊഴിലാളികളുടെ ആരോഗ്യവും ജീവനുമാണ് ഇത്തരം അമിത വേഗതയുള്ള സേവനങ്ങൾക്കുവേണ്ടി ബലിയർപ്പിക്കപ്പെടുന്നത്.
2020-ൽ കൂപാങ് വെയർഹൗസിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന 27 കാരനായ ജാങ് ഡിയോക്-ജുൻ ഹൃദയാഘാതം മൂലം മരണപ്പെട്ടത് വിഷയത്തിലെ ഏറ്റവും നടുക്കുന്ന സംഭവങ്ങളിലൊന്നാണ്. അമിത ജോലിയും കടുത്ത മാനസിക-ശാരീരിക സമ്മർദ്ദവുമാണ് ജാങ്ങിന്റെ ജീവനെടുത്തതെന്ന് ഔദ്യോഗിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. മകന്റെ മരണത്തിന് ഇടയാക്കിയ രാത്രികാല ഡെലിവറി സമ്പ്രദായത്തിനെതിരെ നീതി തേടി അമ്മ പാർക്ക് ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.
2020 മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ മാത്രം അമിത ജോലി കാരണം സ്ട്രോക്ക് അല്ലെങ്കിൽ ഹൃദ്രോഗം ബാധിച്ച് 46 വെയർഹൗസ്, ഡെലിവറി തൊഴിലാളികളെങ്കിലും ദക്ഷിണ കൊറിയയിൽ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രാത്രികാല ജോലികൾ മനുഷ്യന്റെ ജൈവിക ഘടനയെ സാരമായി ബാധിക്കുമെന്നും ഹൃദ്രോഗം, പ്രമേഹം, മാനസിക അസ്വസ്ഥതകൾ, കാൻസർ സാധ്യത എന്നിവ വർദ്ധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധർ ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കൂടുതൽ ശമ്പളം ലഭിക്കുന്നുവെന്നതും, പകൽ സമയത്തെ അപേക്ഷിച്ച് രാത്രിയിൽ നഗരങ്ങളിൽ ഗതാഗതക്കുരുക്ക് കുറവാണെന്നതും കാരണം പല തൊഴിലാളികളും സ്വമേധയാ ഈ ഷിഫ്റ്റുകൾ തെരഞ്ഞെടുക്കുന്നുണ്ട്. എന്നാൽ മാന്യമായ തുക ലഭിക്കുന്നുണ്ടെങ്കിലും ഇത് ശരീരത്തെ അകത്തുനിന്ന് തിന്നുന്നതിന് തുല്യമാണെന്നാണ് തൊഴിലാളികൾ വ്യക്തമാക്കുന്നത്. കൃത്യമായ ഇടവേളകളോ വിശ്രമമോ ഇല്ലാതെയാണ് പലരും ജോലി ചെയ്യുന്നത്. നിശ്ചിത സമയത്തിനകം പാക്കേജുകൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ഭയവും തൊഴിലാളികളെ നിതാന്തമായ സമ്മർദ്ദത്തിലാക്കുന്നു.
തൊഴിലാളികളുടെ തുടർച്ചയായ മരണങ്ങളിൽ പ്രമുഖ ഡെലിവറി കമ്പനിയായ കൂപാങ്ങിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. തെളിവുകൾ നശിപ്പിക്കാൻ കമ്പനി ശ്രമിച്ചെന്നാരോപിച്ച് ഇതിനോടകം പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ തൊഴിലിടങ്ങളിലെ മരണനിരക്ക് കുറയ്ക്കാൻ കർശന നിയമങ്ങൾ ഉണ്ടെങ്കിലും, അതിവേഗ ഡെലിവറികളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയും കമ്പനികളുടെ കടുത്ത സമ്മർദ്ദവും തൊഴിലാളികളുടെ ജീവന് ഇപ്പോഴും വലിയ ഭീഷണിയായി തുടരുന്നു. വേഗത്തിലുള്ള സൗകര്യങ്ങൾക്കായി മനുഷ്യജീവനെ കച്ചവടച്ചരക്കാക്കുന്ന രീതിക്കെതിരെ ശക്തമായ നിയമനിർമ്മാണവും നടപടികളും വേണമെന്നാണ് തൊഴിലാളി യൂണിയനുകളുടെയും ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളുടെയും പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.