ബെംഗളൂരു: കർണാടകയിൽ കോളജുകളിൽ എച്ച്.ഐ.വി ടെസ്റ്റും കൗൺസിലിങ്ങും നടത്താൻ ആരോഗ്യവകുപ്പ് തീരുമാനം. സംസ്ഥാനത്ത് യുവാക്കളിൽ എയ്ഡ്സ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ പ്രത്യേക നിർദേശപ്രകാരമാണ് നീക്കം. എല്ലാ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും ഇതുസംബന്ധിച്ച ക്യാംപുകൾ നിർബന്ധമാക്കും.
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം എച്ച്.ഐ.വി. ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. നിലവിൽ സംസ്ഥാനത്ത് 2.60 ലക്ഷം എച്ച്.ഐ.വി. ബാധിതരുണ്ട്.
സംസ്ഥാനത്ത് 18 മുതൽ 25 വയസ്സുവരെയുള്ള 7,000ൽ അധികം വിദ്യാർഥികളിലാണ് പുതുതായി എച്ച്.ഐ.വി. സ്ഥിരീകരിച്ചത്. 18നും 35നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണ് രോഗബാധ അതിവേഗം പടരുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ പ്രായപരിധിയിൽ രോഗബാധിതരായവരുടെ എണ്ണം 2023-24 വർഷത്തിൽ 44,500 ആയിരുന്നത്, 2025-26 ആയപ്പോഴേക്കും 66,600 ആയി കുത്തനെ ഉയർന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എച്ച്.ഐ.വി. ബോധവൽക്കരണം ശക്തമാക്കാനുള്ള നടപടി. എച്ച്.ഐ.വി. ടെസ്റ്റും ബോധവൽക്കരണവും നടത്താൻ നടപടി സ്വീകരിക്കാൻ കോളജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.