വെള്ളമടിച്ച് വണ്ടിയോടിക്കരുതെന്നത് ഏറ്റവും വലിയ ഡ്രൈവിങ് നിയമമാണെന്ന് നമുക്കറിയാം. എന്നാൽ, ആവശ്യത്തിന് വെള്ളം കുടിക്കാതെ വണ്ടിയോടിച്ചാലുള്ള അപായസാധ്യത അറിയാമോ? മതിയായ വെള്ളം കുടിക്കാതെ, നിർജലീകരണത്തോടെ വണ്ടിയോടിക്കുന്നത് മദ്യപിച്ച് ഓടിക്കുന്നതിന് സമാനമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
‘‘നിർജലീകരണം ശരീരത്തിലെ ജലാംശം ഏറെ നഷ്ടപ്പെടുത്തും. ഇത് പേശികളുടെ മുതൽ തലച്ചോറിന്റെ വരെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കും’’ -ന്യൂഡൽഹി പി.എസ്.ആർ.ഐ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് അർപിത കോഹ്ലി പറയുന്നു. ചെറിയ നിർജലീകരണം പോലും തളർച്ച സൃഷ്ടിക്കും. അതുവഴി പ്രതികരണശേഷി സമയം കുറയുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
‘‘ഇങ്ങനെ ഡ്രൈവ് ചെയ്യുമ്പോൾ അടിയന്തര ഘട്ടങ്ങളിൽ ഉടനടിയുള്ള പ്രവർത്തനത്തിനാവശ്യമായ രൂപത്തിൽ തലച്ചോർ പ്രവർത്തിക്കില്ല.’’ -അവർ പറയുന്നു.
‘‘മദ്യലഹരിയോളം വരില്ലെങ്കിലും ശ്രദ്ധയേയും പ്രതികരണശേഷിയേയും കാര്യമായി തകരാറിലാക്കാൻ നിർജലീകരണത്തിന് കഴിയും. ഒരു ലെയ്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ആശയക്കുഴപ്പമുണ്ടായാലും ഹസാർഡുകളിൽ പതുക്കെ മാത്രം പ്രതികരിച്ചാലും പ്രധാന സിഗ്നലുകൾ മിസ്സായാലുമെല്ലാം അപകട സാധ്യത ഉയരുന്നു.’’ -അർപിത ചൂണ്ടിക്കാട്ടുന്നു.
2024ലെ ബിഹേവിയറൽ സയൻസ് ആൻഡ് ഡിജിറ്റൽ ഹെൽത്ത് പഠനം പറയുന്നത്, നിർജലീകരണമുള്ള ഡ്രൈവർമാർക്ക് പ്രതികരണസമയം 40 ശതമാനം കുറവായിരിക്കുമെന്നും ദൃശ്യ-ശബ്ദ സൂചനകൾ നഷ്ടപ്പെടാനുള്ള സാധ്യത 50 ശതമാനം കൂടുതലായിരിക്കുമെന്നുമാണ്. ഇതുകാരണം ചിന്തയും ശരീരചലനങ്ങളും തമ്മിലെ ഏകോപനം ദുർബലമാകുകയും, ഡ്രൈവിങ് സമയത്തെ തീരുമാനങ്ങളെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നു.
പ്രധാന ലക്ഷണങ്ങളാണ് വായ വരളുക, ദാഹം, തലവേദന, മയക്കം, പ്രതികരണ ശേഷിയിലെ കുറവ് തുടങ്ങിയവ.അസ്വസ്ഥത, കോപം, ശ്രദ്ധിക്കാൻ കഴിയായ്ക, പേശിവലിവ്, കാഴ്ചമങ്ങൽ തുടങ്ങിയവയുമുണ്ടാകാം. ഇതെല്ലാം ഡ്രൈവിങ്ങിനെ അപകടപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.