പഞ്ചസാരയുടെ അപകടങ്ങളെക്കുറിച്ച് ആലോചിക്കാത്തവരുണ്ടാവില്ല. ഭക്ഷണത്തിലും ചായയിലുമെല്ലാം പഞ്ചസാരയുടെ അളവ് കുറച്ച് ആരോഗ്യത്തിൽ ജാഗ്രത പുലർത്തുന്നവരാണ് മിക്കയാളുകളും. എന്നാൽ, ഇനി അത്തരം ടെൻഷൻ വേണ്ടതില്ല എന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള വാർത്ത. ഗവേഷകർ പുതിയൊരുതരം പഞ്ചസാര വികസിപ്പിച്ചെടുത്തിരിക്കുന്നു.
പുതിയതരത്തിലുള്ള മധുരം (ടാഗടോസ്) രൂപകൽപന ചെയ്തു എന്ന് പറയുന്നതാകും കൂടുതൽ ശരി. ഇത് സാധാരണ പഞ്ചസാരയുടെ സ്വാദിന് വളരെ അടുത്തുവരുമെങ്കിലും കലോറി വളരെ കുറവായിരിക്കും. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് (ബ്ലഡ് ഷുഗർ) ഉയർച്ചയും കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ, പ്രമേഹരോഗികൾക്കും ഇതുപയോഗിക്കാനാവും. ‘സെൽ റിപ്പോർട്ട് ഫിസിക്കൽ സയൻസ്’ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം വന്നിരിക്കുന്നത്.
സംഗതി എളുപ്പമല്ല, എങ്കിലും...
പരമ്പരാഗത പഞ്ചസാര (സൂക്രോസ്) ഭക്ഷണത്തിലൂടെ ശരീരത്തിൽ പാകപ്പെട്ടാൽ അതിന്റെ തീവ്ര സ്വാദും ഉപയോഗശേഷമുള്ള ഉയർന്ന കലോറിയും കാരണം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. ഇതിൽ ഏറ്റവും പ്രശ്നമാകുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വേഗത്തിലുള്ള ഉയർച്ചയാണ്. ഇത് പലപ്പോഴും ടൈപ്പ്-2 ഡയബറ്റിസ് പോലുള്ള നിലകൾക്ക് കാരണമായേക്കാം. ഇവിടെയാണ് താഴ്ന്ന കലോറിയുള്ള മറ്റൊരു മധുരം പ്രസക്തമാകുന്നത്. എന്നാൽ, ടാഗടോസിന്റെ നിർമാണം അത്ര എളുപ്പമല്ല. പ്രകൃതിയിൽ അത് കുറച്ച് മാത്രമാണുള്ളത്. പാലിൽ കാണുന്ന ലാക്ടോസിൽനിന്ന് എടുക്കുന്ന ഗാലക്ടോസിൽനിന്നാണ് ഇതിന്റെ നിർമാണം. ലാക്ടോസിൽ ഒരേ അളവിലാണ് ഗ്ലൂക്കോസും ഗാലക്ടോസുമുള്ളത്. ഇതിൽനിന്ന് ഗ്ലൂക്കോസ് ഒഴിവാക്കിയെടുക്കുക എന്നത് രാസപരമായി ചെലവുള്ളതും രാസമാലിന്യങ്ങൾ സൃഷ്ടിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ, ടാഗടോസിന്റെ നിർമാണത്തിന് ചെലവേറും.
ഇവിടെയാണ് പുതിയ പഠനത്തിന്റെ വ്യതിരിക്തത. രാസപ്രക്രിയക്കുപകരം ജൈവ പ്രക്രിയയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഇ-കൊളൈ ബാക്ടീരിയ ഉപയോഗിച്ച് ലാക്ടോസിൽനിന്ന് നേരിട്ട് ഗാലക്ടോസ് എടുക്കുന്ന രീതിയാണിത്. ലാബറട്ടറി പരീക്ഷണത്തിൽ ഇ കൊളൈ ബാക്ടീരിയ ഗ്ലൂക്കോസിന്റെ ഏകദേശം 35%-നെ ഗാലാക്ടോസായി മാറ്റി; തുടർന്ന് ഓരോ ലിറ്ററിനും ഒരു ഗ്രാമിന് മേൽ ടാഗടോസ് ഉൽപാദിപ്പിച്ചു. ഇത് ചെറിയ അളവ് മാത്രമാണ്. എങ്കിലും, ഈ പരീക്ഷണവും പഠനവും ആരോഗ്യമേഖലയിൽ പുതിയ പ്രതീക്ഷക്ക് വകനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.