രാവിലെ കുടിക്കാൻ നല്ലത് ചായയോ കാപ്പിയോ?

ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങുന്നവർ നിരവധിയാണ്. മനസിനെയും ശരീരത്തെയും ഊർജസ്വലമായി നിലനിർത്താൻ ഈ രണ്ട് പാനീയങ്ങളും സഹായിക്കുന്നുണ്ട്. എന്നാൽ രാവിലെ കുടിക്കാൻ ഇവയിൽ ഏതാണ് നല്ലതെന്ന സംശയം പലർക്കുമുണ്ട്. രണ്ടും നല്ലതാണ്. ഓരോരുത്തരുടെയും ഇഷ്ട്ടവും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതിൽ ഏത് വേണമെന്ന് തീരുമാനിക്കാം.

ചായയിൽ ​ആന്‍റിഓക്സിഡന്‍റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ​ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. ​ചായയിൽ ഏകദേശം 30-50 മില്ലിഗ്രാം കഫീൻ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇത് ദീർഘനേരം നീണ്ടുനിൽക്കുന്ന ഉണർവ് നൽകുന്നു. കൂടാതെ ചായയിലെ എൽ-തിനൈൻ എന്ന പദാർത്ഥം മാനസിക ശാന്തതയും ഏകാഗ്രതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഗ്രീൻ ടീ, ബ്ലാക്ക് ടീ തുടങ്ങിയ ചായകളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. അവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ദഹനം നിയന്ത്രിക്കാനും, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.

ഉന്മേഷം നൽകുന്നതിൽ കാപ്പിക്ക് ഒരു പ്രത്യേക കഴിവുണ്ട്. ​ശരീരഭാരം കുറക്കാനും ​ടൈപ്പ്-2 പ്രമേഹ സാധ്യത കുറക്കാനും കാപ്പി സഹായിക്കുന്നു. ഒരു കപ്പ് കാപ്പിയിൽ ഏകദേശം 80-100 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഉടനടി ജാഗ്രത വർധിപ്പിക്കുന്ന ശക്തമായ ഉത്തേജകമായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ഉത്കണ്ഠ, ഊർജക്കുറവ് എന്നിവക്ക് കാരണമാകും. തലച്ചോറിന്റെയും കരളിന്റെയും ആരോഗ്യത്തിന് കാപ്പി സഹായിക്കുകയും ചില രോഗങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യുന്നു.

അപകടസാധ്യതകൾ

രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നത് പൊതുവേ സുരക്ഷിതമാണെങ്കിലും ചില സാഹചര്യങ്ങളിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. കാപ്പിയും ചായയും നിർജലീകരണം ഉണ്ടാക്കുന്നവയാണ്. അതിനാൽ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കാപ്പിയിലെ കഫീൻ ചിലരിൽ ഉത്കണ്ഠ, അസ്വസ്ഥത, നെഞ്ചിടിപ്പ് എന്നിവ വർധിപ്പിക്കാം. വൈകുന്നേരമോ രാത്രിയിലോ കാപ്പി കുടിക്കുന്നത് ഉറക്കത്തെ ബാധിക്കാം. ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. പതിവായി കൂടുതൽ അളവിൽ കാപ്പി കുടിക്കുന്നത് അതിനോടുള്ള അഡിക്ഷൻ വർധിപ്പിക്കും.

കാപ്പിയെക്കാൾ കുറവാണെങ്കിലും ചായയിലും കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി കുടിക്കുന്നത് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവാം. ചായയിൽ അടങ്ങിയിട്ടുള്ള 'ടാന്നിൻസ്' (Tannins) എന്ന സംയുക്തം ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യുന്നത് കുറക്കും. അതിനാൽ ഭക്ഷണത്തിന് ശേഷം ഉടൻ ചായ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചായ അമിതമായാൽ വയറുവേദന, മലബന്ധം, വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ​രണ്ടും മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഒരു ഡോക്ടറുമായി സംസാരിച്ച് അനുയോജ്യമായത് തിരഞ്ഞെടുക്കാവുന്നതാണ്. 

Tags:    
News Summary - Is tea or coffee better to drink in the morning?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.