വളരെയേറെ പേരെ അലട്ടുന്ന അസുഖമാണ് നടുവേദന. വ്യായാമക്കുറവും ജീവിതശൈലിയിലെ മാറ്റവുമെല്ലാം നടുവേദനയുടെ കാരണങ്ങളായി വരാറുണ്ട്. എല്ലാതരം പ്രായത്തിലുള്ള ആളുകളെയും നടുവേദന ബാധിക്കാറുണ്ട്. വന്നുകഴിഞ്ഞാൽ ഏറെക്കാലം അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. എന്നാൽ, നടുവേദന വരാതിരിക്കാൻ ഒരു എളുപ്പമാർഗ്ഗമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ദിവസവും കുറഞ്ഞത് 100 മിനിറ്റ് എങ്കിലും നടക്കുന്നവർക്ക് നടുവേദന വരാൻ സാധ്യത കുറവാണെന്നാണ് പുതിയ പഠനം. ജേണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ നെറ്റ്‍വർക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
11,000 പേരിൽ നാല് വർഷം പഠനം നടത്തിയാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. കടുത്ത നടുവേദന ഇല്ലാത്ത ആളുകളെയാണ് തിരഞ്ഞെടുത്തത്. ഇവരുടെ ഓരോ ദിവസത്തെയും നടത്തം നിരീക്ഷിക്കുകയാണ് ചെയ്തത്. എത്ര സമയം നടക്കുന്നുവെന്നത് നടുവേദനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വ്യായാമത്തിന് വേണ്ടി പ്രത്യേകമായുള്ള നടത്തം മാത്രമല്ല കണക്കാക്കുന്നത്, മറിച്ച് ഒരു ദിവസം എല്ലാതരത്തിലുമുള്ള നടത്തം കണക്കിലെടുക്കാം.
ദിവസം 100 മിനിറ്റ് നടക്കുന്നവരിൽ കടുത്ത നടുവേദന വരാനുള്ള സാധ്യത 23 ശതമാനം മാത്രമാണെന്ന് പഠനത്തിൽ കണ്ടെത്തി. 78 മിനിറ്റിൽ കുറവ് നടക്കുന്നവരിൽ നടുവേദനക്കുള്ള സാധ്യത വളരെയേറെയാണ്. 125 മിനിറ്റിൽ കൂടുതൽ നടക്കുന്നവരിൽ നടുവേദനക്കുള്ള സാധ്യത കുറവാണെന്നുമാണ് പഠനത്തിൽ തെളിഞ്ഞത്. വേഗതയെക്കാൾ, എത്ര സമയം നടക്കുന്നുവെന്നതാണ് പ്രധാനപ്പെട്ടത് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും ചിലവ് കുറഞ്ഞതും മറ്റ് ഉപകരണങ്ങൾ ആവശ്യമില്ലാത്തതുമായ വ്യായാമ മാർഗമാണ് നടത്തം. അതിനാൽ, നടത്തത്തിന്‍റെ അളവ് വർധിപ്പിച്ചാൽ നടുവേദന അകറ്റിനിർത്തുന്നതോടൊപ്പം മറ്റ് ആരോഗ്യ ഗുണങ്ങളുമുണ്ട്. നടത്തം വർധിപ്പിക്കാൻ ഗവേഷകർ നിർദേശിക്കുന്ന ഏതാനും കാര്യങ്ങളുണ്ട്.
നടത്തം ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായകരമാകുന്നു. ദിവസേനയുള്ള നടത്തം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.