വീടും തൊഴിലിടവും വൃത്തിയാക്കി വെച്ചാൽ ശ്രദ്ധയും കാര്യക്ഷമതയും കൂടും എന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ, മനസ്സിലെ ഭാരങ്ങളാണ് ആദ്യം ഒഴിവാക്കപ്പെടേണ്ടതെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വൃത്തിയുള്ള തൊഴിലിടം കാര്യക്ഷമത കൂട്ടുമെങ്കിലും തീരാത്ത ജോലികളുടെ ലിസ്റ്റ് കൊണ്ട് മനസ്സ് കലുഷിതമാണെങ്കിൽ ഏറ്റവും മികച്ച ജോലിസ്ഥലം പോലും താളം തെറ്റിയതുപോലെ തോന്നും. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ കണക്കനുസരിച്ച് 43 ശതമാനം അമേരിക്കൻ മുതിർന്നവരും മുൻ വർഷത്തേക്കാൾ കൂടുതൽ ഉത്കണ്ഠ അനുഭവിക്കുന്നു എന്ന് പറയുന്നു. 2023ൽ ഇത് 37 ശതമാനം ആയിരുന്നു. നേരിയ വർധനവ് വന്നിട്ടുണ്ട്.
എന്തെങ്കിലും ഒഴിവാക്കുന്നതിന് മുമ്പ്, നമ്മുടെ മനസ്സിൽ എന്താണ് സ്ഥലം പിടിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കണം. അതിനായി, ദിവസവും കുറച്ച് സമയം ശാന്തമായി ഇരിക്കാനും സ്വയം ശ്രദ്ധിക്കാനും സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ എന്നെ അലട്ടുന്നത് എന്താണ്? കാര്യങ്ങൾ നിയന്ത്രണത്തിലാക്കാൻ എനിക്ക് എന്ത് വേണം? ആവശ്യമില്ലാത്ത എന്ത് ഭാരമാണ് എന്‍റെ മനസ്സിലുള്ളത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നതോടെ മനസ്സിലെ ഭാരം കുറയും. ആവർത്തിച്ച് ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചാൽ മാത്രമേ കാര്യങ്ങൾക്ക് വ്യക്തത വരുകയുള്ളൂ. എന്താണ് ശരിക്കും പ്രധാനമെന്നും എന്താണ് നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയുന്നതെന്നും തിരിച്ചറിയാൻ ഇത് സഹായിക്കും.
നിങ്ങളുടെ മേശയുടെയും മറ്റൊരാളുടെ മേശയുടെയും ഇടയിൽ ഒരു വര വരക്കുന്നത് പോലെ, മാനസികവും വൈകാരികവുമായ പരിധികൾ നിങ്ങൾ നിർവചിക്കണം. ജോലി സമയത്തിന് ശേഷം വർക്ക് ഇമെയിലുകൾ പരിശോധിക്കാതിരിക്കുക. ചെയ്യാൻ ഉദേശിക്കുന്ന കാര്യങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ടെങ്കിൽ പുതിയ പ്രോജക്ട് ഏറ്റെടുക്കാതിരിക്കുക. ഒരവധിയോ വിശ്രമമോ എടുക്കുമ്പോൾ തോന്നുന്ന കുറ്റബോധം ഒഴിവാക്കുക. ഇങ്ങനെ മാനസിക അതിരുകൾ നിശ്ചയിക്കുമ്പോൾ ചുറ്റുമുള്ള കാര്യങ്ങളെ നിങ്ങളെ ബാധിക്കാതെ വരും. ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കാൻ ബുദ്ധിമുട്ടുന്ന പ്രൊഫഷണലുകളിൽ അമിതാധ്വാനം ഉണ്ടാകാറുണ്ട്. ഇത് മാനസിക സംഘർഷത്തിലേക്ക് നയിക്കും.
ജോലിസ്ഥലത്തായാലും വീട്ടിലായാലും നമ്മൾ ജീവിക്കുന്നത് നോൺ-സ്റ്റോപ്പ് നോട്ടിഫിക്കേഷനുകളുടെയും നിരന്തരമായ കണക്റ്റിവിറ്റിയുടെയും ലോകത്താണ്. സാങ്കേതികവിദ്യ ഒരു അനുഗ്രഹമാകുമ്പോൾ തന്നെ, അത് മാനസികമായി നമ്മെ വല്ലാതെ തളർത്തുകയും ചെയ്യും. മനസ്സ് എത്രത്തോളം കലുക്ഷിതമാകുന്നുവോ അത്രത്തോളം നമുക്ക് സ്വസ്ഥത നഷ്ടപ്പെടും. നമ്മളെ തന്നെ നഷ്ടപ്പെടും. അതിനാൽ, നിങ്ങളുടെ ഉള്ളിലേക്ക് കടത്തിവിടുന്ന വിവരങ്ങൾ ലളിതമാക്കുന്നത് കൂടുതൽ വ്യക്തതക്കും ശാന്തതക്കും വഴിയൊരുക്കും. അത്യാവശ്യമല്ലാത്ത അലർട്ടുകൾ ഓഫ് ചെയ്യുക, സോഷ്യൽ മീഡിയയിലെ സമയം പരിമിതപ്പെടുത്തുക, നോ-ഇൻപുട്ട് സോണുകൾ (വാർത്തകൾ, ടെക്സ്റ്റ് മെസേജുകൾ, ഇമെയിൽ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഉപയോഗിക്കാത്ത സമയം) ഇതൊക്കെ പരീക്ഷിക്കാവുന്നതാണ്.
ചില സമയങ്ങളിൽ, നിങ്ങളുടെ മനസ്സ് ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല വഴി, നിങ്ങൾ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന, ശല്യപ്പെടുത്തുന്ന ഒരു ജോലി ഏറ്റെടുത്ത് പൂർത്തിയാക്കുക എന്നതാണ്. നിങ്ങളുടെ ലിസ്റ്റിലെ ഒരു കാര്യമെങ്കിലും പൂർത്തിയാക്കുന്നത് ഒരു നിയന്ത്രണബോധം വീണ്ടെടുക്കാൻ സഹായിക്കും. അത് ഒരൊറ്റ ഇമെയിലിന് മറുപടി നൽകുന്നതാകട്ടെ, അല്ലെങ്കിൽ ഒരാഴ്ചയായി മാറ്റിവെച്ച ഒരു ഫോൺ കോൾ ചെയ്യുന്നതാകട്ടെ, ഒരു ജോലി പൂർത്തിയാക്കുന്നത് നിങ്ങളുടെ ചുമലിൽ നിന്ന് ഒരു ഭാരം ഇറക്കിവെച്ചതുപോലെ അനുഭവപ്പെടും.
കൂടുതൽ ശബ്ദങ്ങളില്ലാതെ, സ്വസ്ഥമായി ഇരിക്കാൻ ഒരിടം എല്ലാവർക്കും ആവശ്യമാണ്. ഇത് ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും. ആരോടും മിണ്ടാതെ, ഒന്നും ചെയ്യാതെ ഇരിക്കണമെന്നല്ല ഇതിനർത്ഥം. സമാധാനം കണ്ടെത്താൻ ഒരു മണിക്കൂർ നീണ്ട ധ്യാനം ചെയ്യണമെന്നില്ല. ശ്രദ്ധ മാറ്റുന്ന ഒന്നും ഇല്ലാതെ, രാവിലെ ശാന്തമായി ഒരു കപ്പ് കാപ്പി കുടിക്കുന്നത്, ഫോൺ ഇല്ലാതെ ഓഫീസിന് പുറത്ത് പോയി നടക്കുന്നത്, അഞ്ചു മിനിറ്റ് ശ്വസന വ്യായാമം ചെയ്യുന്നത് ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ അൽപം മാറ്റം വരുത്താൻ ശ്രമിച്ചാൽ മതി. മനസ് തിരക്കില്ലാതെ ആവുമ്പോൾ കൂടുതൽ ആക്ടീവായിരിക്കാൻ നിങ്ങൾക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.