കൗമാരക്കാർ ഉച്ചവരെ കിടന്നുറങ്ങുന്നത് കാണുമ്പോർ നെറ്റിചുളിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. ഇവരെ മടിയന്മാരും അലസന്മാരും ആയി കുറ്റപ്പെടുത്താറുമുണ്ട്. എന്നാൽ അവധി ദിവസങ്ങളിൽ കൗമാരക്കാരെ അവർക്കിഷ്ടമുള്ളത്രയും ഉറങ്ങാൻ സമ്മതിക്കണമെന്നാണ് സൈക്യാട്രിസ്റ്റായ ഡോ. പാർത്ഥ് നാഗ്ഡ പറയുന്നത്. ഡോക്ടറുടെ അഭിപ്രായത്തിൽ കൗമാരക്കാർക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ ഉറക്കം നിർബന്ധമാണ്. ഇവരുടെ ശരീരത്തിന്റെയും തലച്ചോറിന്റെയും വളർച്ചക്ക് വേണ്ടിയാണിത്.
എന്നാൽ സ്കൂളുകൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളും സാമൂഹിക ചുറ്റുപാടുകളും കാരണം ആറ് മുതൽ ഏഴ് മണിക്കൂറാണ് ഇവർക്ക് പരമാവധി ഉറങ്ങാൻ കഴിയുന്നത്. അതുകൊണ്ട് വാരാന്ത്യങ്ങളിൽ അവർക്ക് ആവശ്യമുള്ളത്രയും ഉറങ്ങാൻ സമ്മതിക്കുന്നത് കൗമാരക്കാരിലെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് ഡോക്ടർ പറയുന്നത്.
സർക്കാഡിയൻ ക്രമീകരണം: കൗമാരപ്രായത്തിൽ എത്തിയ കുട്ടികളുടെ ആന്തരിക ഘടികാരത്തിൽ സ്വാഭാവികമായ മാറ്റങ്ങൾ അനുഭവപ്പെടും. അതുകൊണ്ടാണ് അവർക്ക് രാത്രിയിൽ ഉറക്കം കിട്ടാത്തും രാവിലെ വൈകി എഴുന്നേൽക്കുന്നതും. ഇത് മടിയല്ല, മറിച്ച് ശരീരത്തിൽ നടക്കുന്ന സ്വാഭാവിക മാറ്റമാണ്.
ഉറങ്ങി തീർക്കുക: പ്രവൃത്തിദിവസങ്ങളിലെ ഉറക്കക്കുറവ് പരിഹിക്കുന്നത് വാരാന്ത്യങ്ങളിൽ കൂടുതൽ നേരം ഉറങ്ങുന്നതിലൂടെയാണ്. ഇങ്ങനെ അധിക നേരം ഉറങ്ങുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമാണ്.
വൈജ്ഞാനിക നേട്ടങ്ങൾ: നഷ്ടപ്പെട്ട ഉറക്കത്തിന് പകരം ഉറങ്ങി തീർക്കുന്നത് ഓർമശക്തി, ഏകാഗ്രത, പ്രശ്നപരിഹാര ശേഷി എന്നിവ വർധിപ്പിക്കും. കൂടാതെ വികാരങ്ങളെ നിയന്ത്രിക്കാനും, മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളും സമ്മർദവും കുറക്കാനും ഇത് വഴി സാധിക്കും.
ശാരീരിക ആരോഗ്യ ഗുണങ്ങൾ: കൗമാരത്തിൽ ശക്തമായ രോഗപ്രതിരോധ ശേഷി, സന്തുലിതമായ മെറ്റബോളിസം, ശരിയായ വളർച്ച എന്നിവക്ക് മതിയായ ഉറക്കം നിർണായകമാണ്.
വൈകാരിക പ്രതിരോധശേഷി: ആവശ്യത്തിന് വിശ്രമം ലഭിച്ച കൗമാരക്കാരിൽ അക്കാദമികവും സാമൂഹികവുമായ സമ്മർദങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതായിരിക്കും.
കൗമാരക്കാരിലെ ഉറക്കം ഗുണകരമാണെങ്കിലും ചില ചിട്ടകൾ ശീലിക്കേണ്ടതുണ്ട്. നല്ല ഉറക്കം പോലെ പ്രധാനമാണ് ഉറക്ക ശുചിത്വവും. അതിനായി അവർക്ക് ചില കാര്യങ്ങൾ കർശനമായി ശീലിപ്പിക്കണം.
ഉറങ്ങാനുള്ള കൃത്യസമയം: സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പതിവ് ഉറക്കസമയത്ത് തന്നെ ഉറങ്ങാൻ പ്രോത്സാഹിപ്പിക്കുക.
ഉറങ്ങുന്നതിനുമുമ്പ് സ്‌ക്രീനുകൾ ഉപയോഗിക്കരുത്: ഉറങ്ങുന്നതിനുമുമ്പ് സ്‌ക്രീൻ സമയം കുറക്കുകയോ ഫോണുകളോ മറ്റ് ഉപകരണങ്ങളോ കൊടുക്കാതിരിക്കുകയോ ചെയ്യുക.
ഉറങ്ങാനുള്ള അന്തരീക്ഷം ഒരുക്കുക: ശാന്തവും ഇരുണ്ടതും തണുത്തതുമായ ഒരു മുറി മികച്ച ഉറക്ക നിലവാരം പ്രോത്സാഹിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അത്തരത്തിൽ മികച്ച ഉറക്കത്തെ സഹായിക്കുന്ന അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കി കൊടുക്കണം.
വാരാന്ത്യങ്ങളിൽ കൗമാരക്കാരെ കൂടുതൽ നേരം ഉറങ്ങാൻ അനുവദിക്കുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതാണ്. ശരിയായ വിശ്രമം ഒരു കൗമാരക്കാരന്റെ വികസനത്തിനും ദീർഘകാല ക്ഷേമത്തിനും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണെന്ന് മാതാപിതാക്കളും അധ്യാപകരും തിരിച്ചറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.