കരയുന്നത് പലപ്പോഴും കുട്ടിക്കളിയായോ അല്ലെങ്കിൽ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയായോ ആണ് പലരും കാണുന്നത്. വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ബലഹീനതയാണെന്ന് കരുതുന്ന ഒരു സമൂഹത്തിൽ, പലരും കണ്ണുനീർ അടക്കിവെക്കുന്നു. എന്നാൽ ഇത്തരത്തിൽ വികാരങ്ങൾ അടിച്ചമർത്തുന്നത് ദോഷകരമാണോ എന്ന് പിന്നീട് അവർ ചിന്തിക്കാറുമുണ്ട്. മുംബൈ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സഞ്ജയ് കുമാവത് പറയുന്നത്, കരച്ചിൽ എന്നത് വൈകാരികവും സാമൂഹികവും ശാരീരികവുമായ പ്രാധാന്യമുള്ള ഒരു പ്രധാന മനുഷ്യധർമ്മമാണെന്നാണ്.
അടിസ്ഥാനപരമായി കരച്ചിൽ ഒരു ആശയവിനിമയ മാർഗമാണ്. വേദനയോ മാനസികമായ സമ്മർദമോ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുമ്പോഴാണ് കണ്ണുനീർ പുറത്തുവരുന്നത് എന്ന് ഡോ. കുമാവത് വിശദീകരിക്കുന്നു. താൻ എന്തോ വലിയൊരു അനുഭവം നേരിടുന്നുണ്ട് എന്നതിന്റെ സൂചനയാണിത്. മാനസികമായ വിഷമങ്ങളെ പുറംലോകത്തെ അറിയിക്കാൻ കരച്ചിൽ സഹായിക്കുന്നു. തനിക്ക് മറ്റുള്ളവരുടെ സഹായവും കരുതലും ആവശ്യമാണെന്ന ഒരു നിശബ്ദ സന്ദേശമാണിത്.
കരയുന്നത് ശരീരത്തിലെ സമ്മർദമുണ്ടാക്കുന്ന ഹോർമോണുകളുടെ അളവ് കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടാണ് കരഞ്ഞു കഴിയുമ്പോൾ പലർക്കും മനസ്സിന് ഭാരം കുറഞ്ഞതായും ശാന്തത ലഭിച്ചതായും തോന്നുന്നത്. വികാരങ്ങളുടെ അമിതഭാരം ഒഴിവാക്കി മനസ്സിനെ സമനിലയിലാക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ നിയന്ത്രണമില്ലാത്തതും അവസാനിക്കാത്തതുമായ കരച്ചിൽ ഇതിൽ നിന്നും വ്യത്യസ്തമാണ്.
വേദനയോ ദുഃഖമോ വരുമ്പോൾ മാത്രമല്ല നമ്മൾ കരയുന്നത്. വലിയ സന്തോഷം തോന്നുമ്പോഴും ലക്ഷ്യങ്ങൾ കൈവരിക്കുമ്പോഴും വൈകാരികമായ നിമിഷങ്ങൾക്ക് സാക്ഷിയാകുമ്പോഴും മനുഷ്യർ കരയാറുണ്ട്. ഇത് വികാരങ്ങളുടെ വേലിയേറ്റമാണ്. അത്തരം കണ്ണുനീർ ബലഹീനതയല്ല.
കരച്ചിൽ സാധാരണമാണെങ്കിലും ചില സാഹചര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. വികാരപരമായ കാരണങ്ങളില്ലാതെ കണ്ണുനീർ വരുന്നത് കണ്ണിന്റെ അസുഖങ്ങൾ കൊണ്ടാകാം. കാരണമില്ലാതെ തുടർച്ചയായി കരയുക, കൂടെ നിരാശയും മരവിപ്പും തോന്നുക എന്നിവ വിഷാദരോഗത്തിന്റെയോ ഉത്കണ്ഠയുടെയോ ലക്ഷണമാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കരച്ചിലിനെ ചികിത്സിക്കുകയല്ല, മറിച്ച് അതിന്റെ കാരണം മനസ്സിലാക്കുകയാണ് വേണ്ടത്.
വികാരങ്ങളെ അടിച്ചമർത്താതെ പുറത്തുകൊണ്ടുവരുന്നതിലൂടെ മനസ്സിനെ ഒന്നു റീബൂട്ട് ചെയ്യാൻ കരച്ചിൽ സഹായിക്കുന്നു. കരഞ്ഞു കഴിഞ്ഞാൽ കൂടുതൽ വ്യക്തതയോടെ ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പലർക്കും കഴിയാറുണ്ട്. കരച്ചിൽ ബലഹീനതയോ മാനസിക അസ്ഥിരതയോ അല്ല. മറിച്ച്, അത് മനസ്സിന്റെ സ്വാഭാവികമായ ഒരു പ്രതിരോധമാണ്. നമ്മുടെ കണ്ണുനീർ എന്താണ് പറയുന്നതെന്ന് നമ്മൾ ശ്രദ്ധിക്കണം. കരഞ്ഞതിനുശേഷവും ആശ്വാസം തോന്നുന്നില്ലെങ്കിൽ നമുക്ക് കൂടുതൽ പിന്തുണ ആവശ്യമാണെന്ന് അർത്ഥം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.