ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കൊണ്ടുവരുന്ന അത്ഭുതങ്ങൾ

മിക്കവരും ഓറഞ്ച് ജ്യൂസിനെ ഒരു ലളിത പാനീയമായിട്ടാണ് കരുതുന്നത്. എന്നാൽ, ഈ പാനീയം ശരീരത്തിന്റെ ദാഹം ശമിപ്പിക്കുന്നതിനേക്കാളുപരി വളരെയധികം ആരോഗ്യപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു എന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്.

പതിവ് ഓറഞ്ച് ജ്യൂസ് ഉപഭോഗം നമ്മുടെ രോഗപ്രതിരോധ കോശങ്ങളിലെ ആയിരക്കണക്കിന് ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. ഈ ജീനുകളിൽ പലതും രക്തസമ്മർദ്ദം നിയന്ത്രിക്കാനും നീർവീഴ്ച ശമിപ്പിക്കാനും ശരീരം പഞ്ചസാരയെ പ്രോസസ് ചെയ്യുന്ന രീതി നിയന്ത്രിക്കാനും സഹായിക്കുന്നവയാണ്. ദീർഘകാല ഹൃദയാരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് ഇവ​യെല്ലാം.

രണ്ടു മാസത്തേക്ക് ദിവസവും 500 മില്ലി ശുദ്ധമായ പാസ്ചറൈസ് ചെയ്ത ഓറഞ്ച് ജ്യൂസ് കുടിച്ച മുതിർന്നവരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. 60 ദിവസത്തിനുശേഷം നീർ വീഴ്ച, ഉയർന്ന രക്തസമ്മർദം എന്നിവയിലേക്കു​ നയിക്കുന്ന പല ജീനുകളും പ്രവർത്തനരഹിതമായി. സോഡിയം നിലനിർത്താനുള്ള വൃക്കകളുടെ ശേഷി​​യെ ബാധിക്കുന്ന മറ്റൊരു ജീനും പ്രവർത്തനരഹിതമായി.

ഈ പാനീയം വീക്കം കുറക്കുകയും രക്തക്കുഴലുകളെ അനായാസം പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ശരീരത്തിന്റെ നിയന്ത്രണ സംവിധാനങ്ങളിൽ ചെറിയ മാറ്റങ്ങൾക്ക് വഴിവെച്ചു. 

ഓറഞ്ചിലെ പ്രകൃതിദത്ത സംയുക്തങ്ങൾ, പ്രത്യേകിച്ച് ആന്റി ഓക്‌സിഡന്റിനും ആന്റി ഇൻഫ്ലമേറ്ററി ഫലങ്ങൾക്കും പേരുകേട്ട ‘സിട്രസ്’ ഫ്ലേവനോയിഡായ ‘ഹെസ്പെരിഡിൻ’ ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ അസന്തുലിതാവസ്ഥ, ശരീരത്തിലെ പഞ്ചസാര കൈകാര്യം ചെയ്യുന്ന രീതി എന്നിവയുമായി ബന്ധപ്പെട്ട പ്രക്രിയകളെ സ്വാധീനിക്കുന്നതായി ക​ണ്ടെത്തി.

15 പഠനങ്ങളിൽ നിന്നുള്ള 639 പേരെ  ഉൾപ്പെടുത്തി നടത്തിയ നിയന്ത്രിത പരീക്ഷണങ്ങളുടെ അവലോകനത്തിൽ, ഓറഞ്ച് ജ്യൂസ് പതിവായി കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധവും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും കുറക്കുന്നതായി കണ്ടെത്തി. പ്രമേഹത്തിന് മുമ്പുള്ള അവസ്ഥയുടെ ഒരു പ്രധാന സവിശേഷതയാണ് ഇൻസുലിൻ പ്രതിരോധം. ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിനുള്ള ഒരു സ്ഥിരമായ അപകട ഘടകമാണ്.

അമിതഭാരമുള്ള മുതിർന്നവരിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മറ്റൊരു വിശകലനത്തിൽ, ദിവസേന ഓറഞ്ച് ജ്യൂസ് കഴിച്ച് ആഴ്ചകളോളം കഴിഞ്ഞപ്പോൾ സിസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ ചെറിയ കുറവും, നല്ല കൊളസ്ട്രോൾ (എച്ച്.ഡി.എൽ) എന്നറിയപ്പെടുന്ന ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനിന്റെ വർധനവും കണ്ടെത്തി. 

ഒരു മാസത്തേക്ക് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കുന്ന ഗട്ട് ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഒരു പഠനം തെളിയിച്ചു. ഈ സംയുക്തങ്ങൾ ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താനും നീർവീഴ്ച കുറക്കാനും സഹായിക്കുന്നു.

Tags:    
News Summary - The wonders of a glass of orange juice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.