വയറിലെ കൊഴുപ്പ് കുറക്കണോ? കഠിനമായ വ്യായാമമോ ഭക്ഷണക്രമമോ ഇല്ലാതെ അത് സാധ്യമാണ്; ഇവ ശ്രദ്ധിച്ചാൽ മതി

വയറിലെ കൊഴുപ്പ് കാഴ്ചയെ മാത്രമല്ല, മെറ്റബോളിസത്തെയും ദഹനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. വയറിലെ കൊഴുപ്പ് കുറക്കുന്നതിന് തീവ്രമായ ഭക്ഷണക്രമമോ അനന്തമായ വ്യായാമമോ അല്ല അത്യാവശ്യമെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധനും ഗട്ട് ഹെൽത്ത് വിദഗ്ദ്ധനുമായ പ്രശാന്ത് ദേശായി. ഹോർമോണുകളെ സന്തുലിതമാക്കുന്നതും സ്വാഭാവികമായി മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്നതുമായ ലളിതമായ ശീലങ്ങൾ പിന്തുടരുകയാണ് വേണ്ടത്. കുറഞ്ഞ ദിവസത്തിനുള്ളിൽ വയറിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുന്ന ചില പ്രായോഗിക വഴികൾ ഇതാ.

വെള്ളത്തിന്‍റെ അളവ്

നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് വെള്ളം ഒരു അവിഭാജ്യ ഘടകമാണ്. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെയും മെറ്റബോളിസത്തെയും ത്വരിതപ്പെടുത്തും. ആഹാരത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറക്കാനും സഹായിക്കും. ഒരു ദിവസം എത്ര വെള്ളം കുടിക്കണം എന്നത് ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥ, കാലാവസ്ഥ, ചെയ്യുന്ന ജോലി എന്നിവയെ ആശ്രയിച്ചിരിക്കും. എങ്കിലും, പൊതുവായി ദിവസം എട്ട് മുതൽ പത്ത് ഗ്ലാസ് വരെ (ഏകദേശം 2-3 ലിറ്റർ) വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

നടത്തം

വയറിലെ കൊഴുപ്പ് കുറക്കുന്നതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ വ്യായാമങ്ങളിൽ ഒന്നാണ് നടത്തം. നടത്തം കുടലിനെ ഉത്തേജിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും കൊഴുപ്പ് കത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു ശേഷമുള്ള നടത്തം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഫലപ്രദമാണ്. എല്ലാ ദിവസവും കുറഞ്ഞത് 30-45 മിനിറ്റെങ്കിലും നടക്കാൻ ശ്രമിക്കുക.

ഭക്ഷണം

ദിവസവും ഒരു വെള്ളരിക്ക കഴിക്കുന്നത് വയർ ചുരുക്കാൻ സഹായിക്കും. ഇത് ശീലമാക്കിയാൽ രണ്ടാഴ്ചക്കുള്ളിൽ തന്നെ പ്രകടമായ വ്യത്യാസം വരാൻ തുടങ്ങുമെന്നാണ് റിപ്പോർട്ട്. വെള്ളരിക്ക ഉന്മേഷദായകം മാത്രമല്ല, വെള്ളവും നാരുകളും കൊണ്ട് സമ്പുഷ്ടവുമാണ്. വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

മുളക്, മഞ്ഞൾ, കുരുമുളക് തുടങ്ങിയ പ്രകൃതിദത്ത സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് മെറ്റബോളിസവും കൊഴുപ്പിന്റെ ഓക്സീകരണവും വർധിപ്പിക്കും. മുളകിൽ അടങ്ങിയിരിക്കുന്ന 'ക്യാപ്‌സൈസിൻ'എന്ന സംയുക്തതിന് ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാക്കാൻ കഴിവുണ്ട്. മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിന് പുതിയ കൊഴുപ്പ് കോശങ്ങൾ രൂപപ്പെടുന്നത് തടയാൻ കഴിയുമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു. ദഹനരസങ്ങളുടെ ഉത്പാദനം കൂട്ടി ദഹനം എളുപ്പമാക്കാൻ കുരുമുളക് സഹായിക്കും.

ഉറക്കം

സ്ഥിരമായ 7-9 മണിക്കൂർ ഉറങ്ങുന്നത് ശരീരത്തെ മെറ്റബോളിസം പുനഃസജ്ജമാക്കാൻ സഹായിക്കുന്നു. ഉറക്കക്കുറവ് നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. നല്ല ഉറക്കം പകൽ സമയത്ത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു. ഇത് വ്യായാമം ചെയ്യാനും കായികമായി കൂടുതൽ സജീവമായിരിക്കാനും സഹായിക്കുന്നു.

പഞ്ചസാര

പഞ്ചസാരയും പഞ്ചസാര ചേർത്ത പാനീയങ്ങളും കലോറിയുടെ വലിയ ഉറവിടങ്ങളാണ്. വയർ കുറക്കാൻ ശ്രമിക്കുമ്പോൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് പ്രധാനമായും ഒഴിവാക്കേണ്ടത്. പഞ്ചസാരയുടെ ഉപയോഗം കുറക്കുന്നതിനോടൊപ്പം, ആവശ്യത്തിന് വ്യായാമം ചെയ്യുകയും നാരുകളുള്ള (ഫൈബർ) ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നത് വയറിലെ കൊഴുപ്പ് കുറക്കുന്നതിന് കൂടുതൽ ഫലം ചെയ്യും.

ഭക്ഷണക്രമം

വലിയ അളവിലുള്ള ഭക്ഷണത്തിനു പകരം, ഓരോ രണ്ട് മണിക്കൂറിലും ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഉപാപചയ പ്രവർത്തനത്തെ സജീവമാക്കുന്നു. വേവിച്ച മുട്ട, നട്സ്, തൈര് തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ലഘുഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും പെട്ടെന്ന് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.

ഗ്രീൻ ടീ

ഗ്രീൻ ടീ വയറിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുന്ന പാനീയമാണ്. ശരിയായ ഭക്ഷണക്രമത്തിനും വ്യായാമത്തിനും ഒപ്പം ഗ്രീൻ ടീ ഉപയോഗിക്കുമ്പോൾ അതിന്റെ ഫലം വർധിക്കും. ഗ്രീൻ ടീയിലെ ഏറ്റവും ശക്തമായ ആന്റിഓക്‌സിഡന്റാണ് എപ്പിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (EGCG). ഈ സംയുക്തം മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും.

അതേസമയം, ഓരോരുത്തരുടെയും ശരീരപ്രകൃതി, ആരോഗ്യസ്ഥിതി, ജീവിതശൈലി എന്നിവ വ്യത്യസ്തമാണ്. അതിനാൽ എല്ലാ മാർഗങ്ങളും എല്ലാവർക്കും ഫലപ്രദമാകണമെന്നില്ല. വയറിലെ കൊഴുപ്പ് (പ്രത്യേകിച്ച് വിസറൽ ഫാറ്റ്) കുറക്കാൻ ശ്രമിക്കുന്നതിന് മുമ്പ് ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായം തേടാവുന്നതാണ്. വയർ കുറക്കാനുള്ള നിങ്ങളുടെ യാത്ര തുടങ്ങുന്നതിനു മുമ്പ് ഒരു പൊതുവായ ആരോഗ്യപരിശോധന നടത്തുന്നത് എല്ലായ്പ്പോഴും നല്ലതാണ്.   

Tags:    
News Summary - perfect ways to melt away belly fat and lose weight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.