കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം; ചൂടാക്കിയാൽ കാൻസർ സാധ്യതയെന്ന് വിദഗ്ധർ

ഭക്ഷണങ്ങൾ പലപ്പോഴും കറുത്ത കണ്ടെയ്നറിൽ സൂക്ഷിക്കാറുണ്ട്. പലപ്പോഴും ഫുഡ് ഡെലിവറികൾക്കും മറ്റും ഉപയോഗിക്കുന്ന ഈ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ അപകടകാരികളാണ്. ഇവ ചൂടാക്കുമ്പോൾ വിഷ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാനും കാൻസർ സാധ്യത വർധിപ്പിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ പാത്രങ്ങൾ ഉണ്ടാക്കുന്ന രീതിയും അതിലെ രാസവസ്തുക്കളുടെ സാന്നിധ്യവുമാണ് പ്രധാനമായും പ്രശ്‌നമുണ്ടാക്കുന്നത്. കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ സുരക്ഷിതമല്ലാത്ത ഒരു കൂട്ടം രാസവസ്തുക്കളുടെയും റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കുകളുടെയും മിശ്രിതമാണ്. ഇത് പലപ്പോഴും ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നുള്ള റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്.

തീ പടരുന്നത് തടയാൻ ചേർക്കുന്ന രാസവസ്തുക്കളാണ് ഫ്ലേം റിട്ടാർഡന്റുകൾ. ഇതിൽ ഡെക്കാബിഡിഇ (decaBDE) പോലുള്ളവ ഉൾപ്പെടാം. ഇവ കാൻസറിന് കാരണമാകുന്നവയും ഹോർമോൺ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നവയുമാണ്. ബിസ്‌ഫെനോൾ എ, താലേറ്റുകൾ എന്നിവ ഹോർമോൺ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളാണ്. ഇവ കാൻസർ, പ്രത്യുൽപാദന പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വിഷവസ്തുക്കൾ കാൻസർ സാധ്യത വർധിക്കുമെന്നും പഠനങ്ങൾ പറയുന്നു. കുട്ടികളിൽ ബുദ്ധിശക്തി കുറയാനും, വളർച്ചാ പ്രശ്നങ്ങൾക്കും കാരണമാകാം. പ്രത്യുൽപാദന പ്രശ്നങ്ങൾ, അമിതവണ്ണം, പ്രമേഹം എന്നിവക്കും ഈ പാത്രങ്ങൾ കാരണമാകും. ഈ പാത്രങ്ങളിൽ നിന്ന് ഭക്ഷണത്തിലേക്കും വെള്ളത്തിലേക്കും മൈക്രോപ്ലാസ്റ്റിക് കണികകൾ കലരാനും അത് ദഹന വ്യവസ്ഥയിലും മറ്റും പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്.

മൈക്രോവേവ് പോലുള്ള ഉപകരണങ്ങളിൽ വെച്ച് ഈ പാത്രങ്ങൾ ചൂടാക്കുമ്പോഴോ, ചൂടുള്ള ഭക്ഷണം ഇവയിൽ സൂക്ഷിക്കുമ്പോഴോ രാസവസ്തുക്കൾ പ്ലാസ്റ്റിക്കിൽ നിന്ന് എളുപ്പത്തിൽ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യത വർധിക്കുന്നു. കൊഴുപ്പും പുളിയുമുള്ള ഭക്ഷണങ്ങളുമായി സമ്പർക്കത്തിലാകുമ്പോഴും രാസവസ്തുക്കൾ കലരാനുള്ള സാധ്യത കൂടുതലാണ്. ഈ പാത്രങ്ങൾ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് രാസവസ്തുക്കളുടെ അളവ് ശരീരത്തിൽ വർധിപ്പിക്കാൻ ഇടയാക്കും. കൂടാതെ, കറുത്ത പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യാൻ പ്രയാസമാണ്. വലിച്ചെറിയുമ്പോൾ ഇത് പരിസ്ഥിതി മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.

ഈ അപകടസാധ്യതകൾ ഒഴിവാക്കാൻ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കാനാണ് വിദഗ്ധർ ശിപാർശ ചെയ്യുന്നത്. സ്റ്റീൽ, ഗ്ലാസ്, സെറാമിക് തുടങ്ങിയ സുരക്ഷിതമായ പാത്രങ്ങൾ ഉപയോഗിക്കുക. ഗ്ലാസിൽ രാസവസ്തുക്കൾ ലയിച്ചേരാനുള്ള സാധ്യത ഏറ്റവും കുറവാണ്. ഭക്ഷണം സൂക്ഷിക്കുന്നതിനും, മൈക്രോവേവിൽ വെച്ച് ചൂടാക്കുന്നതിനും, ഫ്രിഡ്ജിൽ വെക്കുന്നതിനും ഏറ്റവും മികച്ചത്. ഇത് ഉയർന്ന താപനിലയെ പ്രതിരോധിക്കും. സ്റ്റീൽ വളരെ ഈടുനിൽക്കുന്നതും, ചൂടിനെ പ്രതിരോധിക്കുന്നതുമാണ്. വിഷ രാസവസ്തുക്കളില്ല. ഭക്ഷണ സംഭരണം, കൊണ്ടുപോകാനുള്ള ബോക്സുകൾ, പാചക ഉപകരണങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവക്ക് സുരക്ഷിതമാണ്. പുറത്തുനിന്ന് ഭക്ഷണം വാങ്ങുമ്പോൾ കറുത്ത പ്ലാസ്റ്റിക് പാത്രത്തിൽ നിന്ന് ഉടൻ തന്നെ സുരക്ഷിതമായ പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കുക. പ്ലാസ്റ്റിക് പാത്രങ്ങൾ ചൂടാക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

Tags:    
News Summary - Hidden danger of black plastic food containers in delivery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.