‘അൽപം ഫാറ്റി ലിവറുണ്ട്, ശ്രദ്ധിക്കണം’ -മിക്ക ആളുകളുടെയും ഫുൾ ബോഡി ചെക്കപ്പിനുശേഷം ഡോക്ടറുടെ ഉപദേശങ്ങളിലൊന്ന് ഇതായിരിക്കും. ഇതത്ര നിസ്സാരമല്ലെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ജീവിതശൈലി രോഗങ്ങളുടെ വർധനവിനൊപ്പം ഫാറ്റി ലിവർ രോഗവും ആശങ്കാജനകമായ തോതിൽ വ്യാപിക്കുകയാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് 12 കോടിയിലധികം ആളുകൾക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ് പുതിയ പഠനങ്ങളുടെയും വിദഗ്ധരുടെയും വിലയിരുത്തൽ. പലർക്കും രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ, ഇത് "നിശ്ശബ്ദ മഹാമാരി"യായി മാറുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് അമിത മദ്യപാനവുമായി കൂടുതലായി ബന്ധപ്പെടുത്തിയിരുന്ന കരൾരോഗങ്ങൾക്കു പകരം ഇന്ന് അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവയുമായി ബന്ധപ്പെട്ടാണിത് ഉയരുന്നത്. മെറ്റബോളിക് ഡിസ്ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റിയാറ്റോട്ടിക് ലിവർ ഡിസീസ് എന്നാണ് ഇതറിയപ്പെടുന്നത്. ലാൻസെറ്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഈസ്റ്റ് ഏഷ്യയിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, ഇന്ത്യയിലെ മുതിർന്നവരിൽ ഏകദേശം 38.9 ശതമാനം പേർക്ക് കൊഴുപ്പുകരൾ രോഗമുണ്ടാകാമെന്നാണ് കണക്ക്. ഇവരിൽ പലർക്കും രോഗം കണ്ടെത്തുന്നത് പതിവ് ആരോഗ്യപരിശോധനകളിലൂടെയാണ്. രോഗത്തിന്റെ തുടക്കഘട്ടങ്ങളിൽ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ചികിത്സ വൈകാൻ സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, മെറ്റബോളിക് സിൻഡ്രോം എന്നിവയുള്ളവർ നിർബന്ധമായും കരൾ ആരോഗ്യപരിശോധന നടത്തണം. ലിവർ ഫങ്ഷൻ ടെസ്റ്റ്, അൾട്രാസൗണ്ട്, ഫൈബ്രോസ്കാൻ പോലുള്ള പരിശോധനകളിലൂടെ രോഗം ആദ്യഘട്ടത്തിൽ കണ്ടെത്താനാകുമെന്നും അവർ പറയുന്നു. രോഗം അവഗണിച്ചാൽ കരളിൽ നീർക്കെട്ട്, ഫൈബ്രോസിസ്, സിറോസിസ്, കരൾ അർബുദം തുടങ്ങിയ ഗുരുതര അവസ്ഥകളിലേക്ക് എത്താൻ സാധ്യതയുണ്ട്.
എന്നാൽ, ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ ശരീരഭാരം നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, സ്ഥിരമായി വ്യായാമം ചെയ്യുക, പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രണത്തിലാക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ രോഗം നിയന്ത്രിക്കാനോ തിരിച്ചുപിടിക്കാനോ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. രാജ്യത്ത് കൊഴുപ്പുകരൾ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിൽ വ്യാപക സ്ക്രീനിങ് നടപ്പാക്കുകയും പൊതുജന ബോധവത്കരണം ശക്തമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.