പുതിയ 16 വൈറസുകൾ നിർമിച്ച് എ.ഐ; ആരോഗ്യരംഗത്ത് പ്രതീക്ഷയും ആശങ്കയും

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് 16 പുതിയ ഇനം ജൈവ വൈറസുകൾ വികസിപ്പിച്ച് ഗവേഷകർ. ആന്റിബയോട്ടിക് മരുന്നുകളെ ചെറുക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബാക്ടീരിയകളെ നശിപ്പിക്കുന്ന ബാക്ടീരിയഫേജ് വൈറസുകൾ വികസിപ്പിച്ചെടുത്തത്.ദോഷകാരികളായ ബാക്ടീരിയകളെ വൈറസുകൾ ഉപയോഗിച്ച് നശിപ്പിക്കാനുള്ള ഫേജ് തെറപ്പി എന്ന ചികിത്സാരംഗത്ത് വഴിത്തിരിവാകുന്നതാണ് യുഎസിലെ സ്റ്റാൻഫോർഡ് സർവകലാശാല, ആർക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകരുടെ കണ്ടെത്തൽ.

കണ്ടുപിടിത്തം എങ്ങനെ?

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെയും ആർക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രകൃതിയിൽ നിലവിലില്ലാത്ത വൈറസുകളെ ആദ്യമായി നിർമിച്ചത്.ഗവേഷകർ 'ഇവോ' (Evo) എന്ന് പേരിട്ടിരിക്കുന്ന ഒരു ജനറേറ്റീവ് എ.ഐ മോഡലാണ് ഇതിനായി ഉപയോഗിച്ചത്. ഡി.എൻ.എ (DNA) ശ്രേണികളുടെ പാറ്റേണുകൾ പഠിപ്പിച്ച ഇവോ ദശലക്ഷക്കണക്കിന് ജനിതക വിവരങ്ങൾ വിശകലനം ചെയ്ത ശേഷം, പുതിയ വൈറസുകളുടെ പൂർണമായ ജനിതക ഘടന (Genome) രൂപകൽപ്പന ചെയ്തു. ഇതിൽ 16 എണ്ണം ലബോറട്ടറിയിൽ വിജയകരമായി നിർമിക്കുകയും അവ ബാക്ടീരിയകളെ നശിപ്പിക്കാൻ ശേഷിയുള്ളവയാണെന്ന് തെളിയിക്കുകയും ചെയ്തു.

ഇവ സാധാരണ വൈറസുകളല്ല, മറിച്ച് ബാക്ടീരിയോഫേജുകൾ (Bacteriophages) എന്നറിയപ്പെടുന്ന വൈറസുകളാണ്. ഇവയ്ക്ക് ബാക്ടീരിയകളെ മാത്രമേ ആക്രമിക്കാനും നശിപ്പിക്കാനും കഴിയൂ. അതുകൊണ്ട് മനുഷ്യരെയോ മൃഗങ്ങളെയോ ഇവ ബാധിക്കില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

സാധ്യതകൾ

ഭാവിയിൽ മനുഷ്യർക്ക് ഹാനികരമാകുന്ന വൈറസുകളെ എ.ഐ നിർമിക്കാനുള്ള സാധ്യതകളും വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. നിലവിൽ പല ആന്റിബയോട്ടിക്കുകളോടും പ്രതികരിക്കാത്ത 'സൂപ്പർ ബഗ്' ബാക്ടീരിയകൾ ലോകത്തിന് വലിയ ഭീഷണിയാണ്. അവയെ നശിപ്പിക്കാൻ ഫലപ്രദമായ മാർഗമായി ഈ എ.ഐ നിർമിത വൈറസുകളെ ഉപയോഗിക്കാമെന്നാണ് പറയുന്നത്. ഓരോ രോഗിയിലും കാണപ്പെടുന്ന പ്രത്യേക ബാക്ടീരിയകളെ നശിപ്പിക്കാൻ ആവശ്യമായ രീതിയിൽ വൈറസുകളെ എ.ഐ വഴി സൃഷ്ടിച്ചെടുക്കാനും ഇത് സഹായകമായേക്കും.

ആശങ്ക

പുതിയ കണ്ടുപിടിത്തം ഏറെ ആശങ്കകൾക്കും ഇടയാക്കുന്നുണ്ട്. ഭാവിയിൽ മനുഷ്യർക്ക് അപകടകരമായ വൈറസുകളോ, മാരകമായ രോഗകാരികളോ നിർമിക്കാൻ ഈ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ജൈവായുധങ്ങൾ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങൾക്കു വരെ ഇത് ഉപയോഗിച്ചേക്കാമെന്നും ആശങ്കയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.