അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി കുളിച്ച ബീരാൻതോട് പ്രദേശത്ത് തേഞ്ഞിപ്പലം പഞ്ചായത്ത് സ്ഥാപിച്ച നിരോധന അറിയിപ്പ്
തേഞ്ഞിപ്പലം: ചേളാരി ആലുങ്ങല്‍ പടാട്ടാലുങ്ങല് സ്വദേശിനിയായ 11 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ പൊതുജലാശയങ്ങള്‍ ഉപയോഗിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി അധികൃതര്‍.
രോഗം ബാധിച്ച കുട്ടി കുളിച്ച പടാട്ടാലുങ്ങല് ബീരാന്തോട്ടില് ഇനി മുതല്‍ ആരും കുളിക്കരുതെന്ന് വ്യക്തമാക്കി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. തോടുകള്‍, കുളങ്ങള്‍ തുടങ്ങിയ പൊതുജലാശയങ്ങളില്‍ കുളി, നീന്തല്‍, മൃഗപരിപാലനം, അലക്കല്‍ എന്നിവ പാടില്ലെന്നാണ് മുന്നറിയിപ്പ്.
രോഗത്തിന്റെ അതിഗുരുതരാവസ്ഥ വിശദീകരിച്ച് നോട്ടീസ് വിതരണം അടക്കമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ 120 വീടുകളിലെ 450ലധികം ആളുകളെ കേന്ദ്രീകരിച്ച് ഗൃഹസന്ദര്‍ശനവും പനി സർവേയും നടത്തിയതായും മറ്റാര്‍ക്കും ഇതുവരെ പനി ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. ശ്രീജിത്ത് അറിയിച്ചു.
മരണത്തിന് വരെ ഇടയാക്കുന്ന അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങള്‍ മറ്റാരിലും ഇല്ലാത്തത് വലിയ ആശ്വാസമാണെന്നും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. തേഞ്ഞിപ്പലം മേഖലയില്‍ ഇതാദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്.
വേങ്ങര: കണ്ണമംഗലം പഞ്ചായത്തിലെ തോട്, കുളക്കടവുകളിൽ എന്നിവിടങ്ങളിൽ ജനങ്ങൾ ഇറങ്ങാതിരിക്കാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്ന് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
കിളിനക്കോട് വീട്ടമ്മക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതിനെ തുടർന്ന് കുളത്തിലെ ജല പരിശോധനയിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച പ്രസിഡന്റ് യു.എം. ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തുടർന്ന് വിദ്യാർഥികൾ ജലത്തിൽ ഇറങ്ങുന്നതിനെതിരെ സ്കൂളുകളിലും ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കിളിനക്കോട് വീണ്ടും സർവേ നടത്തിയെങ്കിലും പനി ബാധിതരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.