ജോലിത്തിരക്ക്, ഫോൺ കോളുകൾ, ഡെഡ്‌ലൈനുകൾ തുടങ്ങി തലക്കുള്ളിൽ നൂറു കാര്യങ്ങൾ ഒരേസമയം ഓടിക്കൊണ്ടിരിക്കുമ്പോൾ അല്പനേരം ലോകത്തിൽ നിന്ന് ഒന്ന് ഒറ്റപ്പെടാൻ നിങ്ങൾ എന്തുചെയ്യും? കുറച്ചു നേരം സുഹൃത്തുക്കളുടെ കൂടെ ചെലവഴിക്കുകയോ ഉറങ്ങുകയോ ചെയ്യുമായിരിക്കും. എന്നാൽ പുതിയ തലമുറ ഇതിനായി കണ്ടെത്തുന്നത് വീടിനുള്ളിലെ ബാത്ത്റൂമുകളെയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ പ്രവണത അറിയപ്പെടുന്നത് 'ബാത്ത്റൂം എസ്കേപ്പിങ്' എന്നാണ്.
എന്താണ് ബാത്ത്റൂം എസ്കേപ്പിങ്?
പേര് പോലെ തന്നെ ഇത് ഒരു ഒളിച്ചോട്ടമാണ്. യഥാർഥ ജീവിതത്തിൽ നിന്നും അതിലെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ച് ബാത്ത്റൂമിനുള്ളിൽ ദീർഘനേരം ചിലവഴിക്കുന്നതിനെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആവശ്യങ്ങൾക്കായിട്ടല്ല മറിച്ച് പുറംലോകത്തിന്റെ ബഹളങ്ങളിൽ നിന്ന് ഒളിച്ചിരിക്കാനുള്ള ഒരു 'ശാന്തമായ ഇടമായി' ബാത്ത്റൂമിനെ മാറ്റുന്നു. അവിടെയിരുന്ന് പാട്ടു കേൾക്കുകയോ, സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുകയോ അല്ലെങ്കിൽ വെറുതെ ചിന്തിച്ചിരിക്കുകയോ ചെയ്യുന്നു.
ഒരാൾക്ക് മറ്റൊരാളുടെ ശല്യമില്ലാതെ ഇരിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഇടം ബാത്ത്റൂമാണെന്ന ചിന്തയാണ് ഈ ട്രെൻഡിന് പിന്നിൽ. ഷിക്കാഗോയിൽ നിന്നുള്ള ഒരു ടിക്ടോക് ഉപയോക്താവ് പങ്കുവെച്ച വിഡിയോയിലൂടെയാണ് ഈ വിചിത്രമായ രീതി തരംഗമായത്. ഇതൊരു താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ഗൗരവകരമായ ചില സൂചനകൾ ഇതിന് പിന്നിലുണ്ടെന്നാണ്. മനശാസ്ത്ര വിദഗ്ധനായ ധ്രുവ് റാവത്തിന്റെ അഭിപ്രായത്തിൽ, സോഷ്യൽ മീഡിയയുടെയും ജോലിയുടെയും സമ്മർദത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു 'കോപ്പിങ് മെക്കാനിസം' ആയിട്ടാണ് ആളുകൾ ഇതിനെ കാണുന്നത്. എന്നാൽ ഇത് അമിതമായാൽ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായി മാറാൻ സാധ്യതയുണ്ട്. ചില ഇൻഫ്ലുവൻസർമാർ ബാത്ത്റൂമിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വിഡിയോകൾ വരെ പങ്കുവെക്കുന്നുണ്ട്. ബാത്ത്റൂം എസ്കേപ്പിങ് മാനസികമായ ആശ്വാസം നൽകിയേക്കാമെങ്കിലും ശാരീരികമായി ഇത് വലിയ അപകടങ്ങൾ വരുത്തിവെക്കും.
ബാക്ടീരിയ: ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും ബാക്ടീരിയകളും വൈറസുകളും വായുവിലൂടെ ബാത്ത്റൂമിലെ എല്ലാ വസ്തുക്കളിലും പടരുന്നു. ഇത് ഗുരുതരമായ അണുബാധകൾക്ക് കാരണമാകും.
ഫോണിലെ അണുക്കൾ: ബാത്ത്റൂമിൽ ഉപയോഗിക്കുന്ന ഫോണുകളിൽ ടോയ്‌ലറ്റ് സീറ്റുകളേക്കാൾ പത്തിരട്ടി ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശാരീരിക അസ്വസ്ഥതകൾ: ദീർഘനേരം ടോയ്‌ലറ്റിൽ ഇരിക്കുന്നത് മൂലക്കുരു പോലുള്ള പ്രശ്നങ്ങൾക്കും ദഹനസംബന്ധമായ തകരാറുകൾക്കും വഴിതെളിക്കും.
സമ്മർദം കുറക്കാൻ ചില കാര്യങ്ങൾ ശീലിക്കാം
ജോലിക്കിടയിൽ കൃത്യമായ ഇടവേളകൾ എടുക്കുക.
നന്നായി ഉറങ്ങുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുക.
ജോലിയെ ഒരു വെല്ലുവിളിയായി കണ്ട് നേരിടാൻ ശ്രമിക്കുക.
വ്യക്തമായ ലക്ഷ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.