ദുബൈ: സാലിക് ഇ-വാലറ്റിൽ ബാലൻസുണ്ടെങ്കിൽ ഇനി പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നിറക്കാം. തിരഞ്ഞെടുത്ത ചില പമ്പുകളിലായിരിക്കും ആദ്യ ഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാകുക.
എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്ററായ സാലിക് കമ്പനിയും ഇനോക് ഗ്രൂപ്പും തമ്മിൽ ഇതുസംബന്ധിച്ച ധാരണ പാത്രത്തിൽ ഒപ്പുവെച്ചു. ഇതുപ്രകാരം സാലിക്, ഇനോക് ഉപഭോക്താക്കൾക്ക് സംയോജിത സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുത്ത ഇനോക് പമ്പുകളിൽനിന്ന് ഇന്ധനം നിറക്കുകയും സർവിസ് സ്റ്റേഷനുകളിൽനിന്ന് മറ്റ് സേവനങ്ങൾ നേടുകയും ചെയ്യാം.
സേവനങ്ങൾ ഉപയോഗിക്കുമ്പോൾ കാഷോ കാർഡോ ഉപയോഗിച്ച് പണമടക്കേണ്ടതില്ല. സാലിക് ഇ-വാലറ്റിൽനിന്ന് സ്വമേധയാ പണം ഈടാക്കുന്ന സംവിധാനമാണ് സജ്ജമാക്കുന്നത്. വാഹനങ്ങളുടെ ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് തിരിച്ചറിയൽ സാങ്കേതിക വിദ്യയുള്ള കാമറയാണ് പണമടക്കാൻ ഉപയോഗിക്കുക.ഈ സാങ്കേതികവിദ്യ നിലവിൽ 25 പാർക്കിങ് സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
ഇത് 127 ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ദുബൈ മാൾ, ദുബൈ മറീന മാൾ, സൂഖ് അൽ ബഹർ, ദുബൈ ഹാർബർ, മിറാക്ക്ൾ ഗാർഡൻ, മറീന വാൾക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ പാർക്കിങ് ഫീസ് അടക്കാൻ ഇ-വാലറ്റ് ഉപയോഗിച്ചു വരുന്നുണ്ട്.
ഇനോക്കുമായുള്ള സഹകരണം സാലിക്കിന്റെ സേവന മേഖലകളിലുടനീളം ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കാനുള്ള നയത്തെ പിന്തുണക്കുമെന്ന് സാലിക് സി.ഇ.ഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.