ദുബൈ: നിർമാണ ജോലിക്കിടെയുണ്ടായ അപകടത്തിൽ ശരീരം പൂർണമായും തളർന്ന യുവാവിന് 40 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് ദുബൈ സിവിൽ കോടതി. നിർമാണ, ഇൻഷുറൻസ്, ഉപകരണ കമ്പനികൾ ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2023ൽ എമിറേറ്റിലെ ഒരു ജോലിസ്ഥലത്ത് ഗ്ലാസ് പാനൽ ഫോർക്ക്ലിഫ്റ്റ് ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ദേഹത്ത് തകർന്നുവീണായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ 26കാരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരക്കു താഴെ ശരീരം പൂർണമായും ചലനമറ്റ അവസ്ഥയിലേക്ക് മാറി. അപകടത്തിൽ യുവാവിന് 95 ശതമാനം അംഗവൈകല്യം സംഭവിച്ചതായാണ് ഫോറൻസിക് റിപ്പോർട്ട്. ക്രെയിൻ, ഫോർക്ക്ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയ മൂന്ന് സൂപ്പർവൈസർമാർ സംഭവത്തിൽ കുറ്റക്കാരാണെന്ന് നേരത്തേ ദുബൈ ക്രിമിനൽ കോടതി കണ്ടെത്തിയിരുന്നു. മൂന്നുപേർക്കും രണ്ട് മാസത്തെ തടവുശിക്ഷയും 20,000 ദിർഹം വീതം പിഴയും വിധിച്ചു.
പിന്നീട് മൂന്ന് വർഷത്തേക്ക് ശിക്ഷ മരവിപ്പിച്ചെങ്കിലും ഒരാളെ നാടുകടത്താൻ ഉത്തരവിട്ടിരുന്നു. കേസിൽ ക്രിമിനൽ കോടതി വിധി, അപ്പീൽ കോടതി ശരിവെക്കുകയും ചെയ്തു. ഇതേതുടർന്നാണ് ജീവനക്കാരൻ പ്രധാന കരാറുകാരൻ, സബ് കോൺട്രാക്ടർ, ക്രെയിൻ ഓപറേറ്റർ, ഇൻഷുറൻസ് കമ്പനികൾ ഉൾപ്പെടെ എട്ട് കക്ഷികൾക്കെതിരെ 70 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിച്ചത്.
അശ്രദ്ധയാണ് അപകടകാരണമെന്ന് ക്രിമിനൽ കോടതി ഉത്തരവ് തെളിയിക്കുന്നതായി ചൂണ്ടിക്കാട്ടിയ സിവിൽ കോടതി മുഴുവൻ കമ്പനികൾക്കും കരാറുകളിലും മേൽനോട്ടത്തിലും പങ്കുണ്ടെന്ന് വ്യക്തമാക്കി. തുടർന്ന് പ്രധാന കരാറുകാർ, സബ് കോൺട്രാക്ടർ, ഉപകരണ കമ്പനികൾ, ഡ്രൈവർ, ഇന്‍ഷുറൻസ് കമ്പനികൾ എന്നിവർ ചേർന്ന് യുവാവിന് 40 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. വിധി പുറപ്പെടുവിച്ചത് മുതൽ തുക കൈമാറുന്നത് വരെ വാർഷിക പലിശയായി അഞ്ച് ശതമാനം തുകയും നൽകണം. അതോടൊപ്പം കോടതി ഫീസും എതിർകക്ഷികൾ നൽകണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.