1. ഹെൽത്ത് കെയർ ആൻഡ്
നഴ്സിങ്: കണ്ണുംപൂട്ടി പറയാം, ഇതാണ് ആസ്ട്രേലിയയിലെ നമ്പർ വൺ സെക്ടർ. നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും അവിടെയുള്ള ഡിമാൻഡ് ഒരിക്കലും അവസാനിക്കുന്നില്ല. ഉയർന്ന ശമ്പളവും പി.ആർ(പെർമെനന്റ് റെസിഡൻസി) സാധ്യതകളും ഈ മേഖലയുടെ പ്രത്യേകതയാണ്.
2. എൻജിനീയറിങ്: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നിവക്ക് പുറമെ ‘മൈനിങ് എൻജിനീയറിങ്’ ആസ്ട്രേലിയയിൽ വലിയ സാധ്യതയുള്ള മേഖലയാണ്. ഖനന വ്യവസായം അവരുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്.
3. ഐടി ആൻഡ് കമ്പ്യൂട്ടർ സയൻസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി എന്നിവയാണ് പുതിയ കാലത്തെ താരങ്ങൾ. മിക്കവാറും എല്ലാ സർവകലാശാലകളും ഈ വിഷയങ്ങളിൽ അപ്ഡേറ്റഡ് ആയ സിലബസാണ് പിന്തുടരുന്നത്.
4. സോഷ്യൽ വർക്ക് ആൻഡ് കമ്മ്യൂണിറ്റി സർവീസ്: അധികമാരും ശ്രദ്ധിക്കാത്ത, എന്നാൽ വലിയ സാധ്യതകളുള്ള മേഖലയാണിത്. പ്രായമായവരെ പരിചരിക്കുക(Aged Care), ഡിസെബിലിറ്റി സപ്പോർട്ട് തുടങ്ങിയ മേഖലകളിൽ പ്രൊഫഷണലുകളെ ആവശ്യമുണ്ട്.
5. ട്രേഡ് കോഴ്സുകൾ: ഡിഗ്രിക്ക് പോകാൻ താൽപര്യമില്ലാത്തവർക്ക് കാർപ്പൻട്രി, പ്ലംബിങ്, ഓട്ടോമോട്ടീവ് മെക്കാനിക്ക്, കുക്കറി(Chef) തുടങ്ങിയ ട്രേഡ് കോഴ്സുകൾ തിരഞ്ഞെടുക്കാം. ആസ്ട്രേലിയയിൽ വൈറ്റ് കോളർ ജോലിക്കാരേക്കാൾ ശമ്പളം ചിലപ്പോൾ ഇത്തരം ബ്ലൂ കോളർ ജോലിക്കാർക്ക് ലഭിക്കാറുണ്ട്.
‘ജി.എസ്’ എന്ന പുതിയ നിയമം
ഇവിടെയാണ് കാര്യങ്ങൾ കുറച്ചു സീരിയസ് ആകുന്നത്. മുൻപ് ‘ജി.ടി.ഇ’ എന്നൊരു സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ അത് മാറി ‘ജി.എസ്’(Genuine Student) ടെസ്റ്റ് ആയിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, നിങ്ങൾ ‘യഥാർഥ’ വിദ്യാർഥിയാണോ എന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. പഠനത്തിന്റെ പേരിൽ വിസ സംഘടിപ്പിച്ച് ജോലി ചെയ്യാൻ വരുന്നവരെ തടയുക എന്നതാണ് ഇതിലൂടെ ആസ്ട്രേലിയ ലക്ഷ്യമിടുന്നത്. ഇതിനായി അവർ പരിശോധിക്കുന്ന കാര്യങ്ങൾ ഇവയാണ്:
* നിങ്ങളുടെ മുൻകാല വിദ്യാഭ്യാസവും ഇപ്പോൾ തിരഞ്ഞെടുക്കുന്ന കോഴ്സും തമ്മിലുള്ള ബന്ധം.
* പഠനശേഷം ഈ കോഴ്സ് നിങ്ങൾക്ക് എന്ത് കരിയർ നേട്ടമാണ് നൽകുന്നത്?
* നിങ്ങളുടെ സാമ്പത്തിക സ്ഥിതി.
* നിങ്ങളുടെ നാട്ടിലെ (ഇന്ത്യയിലെ) സാഹചര്യങ്ങൾ.
അതുകൊണ്ട്, ‘ഏതെങ്കിലും ഒരു കോഴ്സിന് അഡ്മിഷൻ എടുക്കാം’ എന്ന ചിന്ത മാറ്റിവെക്കണം. കൃത്യമായ പ്ലാനിങും, എന്തിനാണ് ഈ കോഴ്സ് പഠിക്കുന്നത് എന്നതിന് വ്യക്തമായ ഉത്തരവും (Statement of Purpose) തയ്യാറാക്കിയാലേ വിസ കിട്ടൂ.
ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം
അടുത്തിടെ ഇംഗ്ലീഷ് നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്. ഡിഗ്രി/പിജി പഠനത്തിന് പോകുന്നവർക്ക് ഇപ്പോൾ IELTS 6.5 എങ്കിലും വേണം (മുമ്പ് 6.0 മതിയായിരുന്നു). PTE ആണെങ്കിലും സമാനമായ ഉയർന്ന സ്കോർ വേണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം കുറവാണെങ്കിൽ വിസ റിജക്ട് ആകാൻ സാധ്യതയുണ്ട്.
പോക്കറ്റ് കാലിയാകുമോ?
ആസ്ട്രേലിയൻ പഠനം കുറഞ്ഞ ചെലവിലുള്ള ഒന്നല്ല.
* ട്യൂഷൻ ഫീസ്: ഒരു വർഷത്തേക്ക് ഏകദേശം 25,000 മുതൽ 45,000 ആസ്ട്രേലിയൻ ഡോളർ വരെ വരാം. ഇത് യൂനിവേഴ്സിറ്റിക്കും കോഴ്സിനും അനുസരിച്ച് മാറും.
* ജീവിതച്ചെലവ്: വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഒരു വർഷത്തെ ജീവിതച്ചെലവിനുള്ള പണം(ഏകദേശം 29,000 ഡോളറിലധികം) കൈവശമുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്.
എന്നാൽ, ആശ്വാസമായി സ്കോളർഷിപ്പുകളുണ്ട്. മിക്ക സർവകലാശാലകളും ഇന്ത്യൻ വിദ്യാർഥികൾക്കായി 20ശതമാനം മുതൽ 50ശതമാനം വരെ ഫീസിളവ് നൽകുന്ന ‘മെറിറ്റ് സ്കോളർഷിപ്പു’കൾ നൽകുന്നുണ്ട്. നിങ്ങളുടെ മാർക്കാണ് ഇതിന്റെ മാനദണ്ഡം. കൂടാതെ, ‘ഡെസ്റ്റിനേഷൻ ആസ്ട്രേലിയ’(Destination Australia) എന്ന സർക്കാർ സ്കോളർഷിപ്പ് ഗ്രാമപ്രദേശങ്ങളിലെ (Regional Areas) ക്യാമ്പസുകളിൽ പഠിക്കുന്നവർക്ക് ലഭിക്കും. ഇത് വലിയൊരു തുക സാമ്പത്തിക സഹായമായി നൽകുന്നു.
പാർട്ട് ടൈം ജോലിയും വരുമാനവും
ആസ്ട്രേലിയൻ പഠനത്തിന്റെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ തൊഴിൽ നിയമങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന മിനിമം വേജ് (Minimum Wage) ഉള്ള രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. ഒരു മണിക്കൂർ ജോലി ചെയ്താൽ ഏകദേശം 23-24 ഡോളറിലധികം (ഏകദേശം 1300 രൂപക്ക് മുകളിൽ) ലഭിക്കും. വിദ്യാർഥികൾക്ക് രണ്ടാഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യാൻ നിയമപരമായ അനുവാദമുണ്ട്. അവധിക്കാലങ്ങളിൽ (Semester Breaks) സമയപരിധിയില്ലാതെ ഫുൾ ടൈം ജോലിയും ചെയ്യാം. പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, ഡെലിവറി ജോലികൾ തുടങ്ങി നിരവധി അവസരങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കാറുണ്ട്. ഫീസ് മുഴുവൻ ഇതിൽ നിന്ന് കണ്ടെത്താൻ കഴിയില്ലെങ്കിലും, താമസവും ഭക്ഷണവും പോക്കറ്റ് മണിയും ഇതിലൂടെ സുഖമായി നടന്നുപോകും.
പഠനശേഷം: പോസ്റ്റ് സ്റ്റഡി വർക്ക് വിസ
പഠനം കഴിഞ്ഞ് ഉടനെ തിരിച്ചു പോരേണ്ടി വരുമോ എന്ന പേടി വേണ്ട. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ ആസ്ട്രേലിയയിൽ തന്നെ തങ്ങി ജോലി ചെയ്യാനുള്ള അവസരം ലഭിക്കും.
ബാച്ചിലേഴ്സ് ഡിഗ്രി കഴിഞ്ഞാൽ:
2 വർഷം വരെ.
മാസ്റ്റേഴ്സ് (കോഴ്സ് വർക്ക്):
2 വർഷം.
മാസ്റ്റേഴ്സ് (റിസർച്ച്)/പി.എച്ച്.ഡി:
3 വർഷം.
ഇതുകൂടാതെ, ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള പുതിയ കരാർ പ്രകാരം (MATES Scheme), മിടുക്കരായ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വിസ നടപടികൾ കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്.
റീജിയണൽ ആസ്ട്രേലിയ: സ്മാർട്ട് ആയവരുടെ ചോയ്സ്
എല്ലാവരും സിഡ്നിയിലേക്കും മെൽബണിലേക്കും ഓടുമ്പോൾ, ബുദ്ധിയുള്ളവർ ‘റീജിയണൽ’ ഏരിയകൾ തിരഞ്ഞെടുക്കും. എന്താണ് ഈ റീജിയണൽ ഏരിയ? സിഡ്നി, മെൽബൺ, ബ്രിസ്ബേൻ എന്നീ മൂന്ന് വൻ നഗരങ്ങൾ ഒഴികെ ആസ്ട്രേലിയയിലെ ബാക്കിയെല്ലാ സ്ഥലങ്ങളും (പെർത്ത്, അഡ്ലെയ്ഡ്, ഗോൾഡ് കോസ്റ്റ്, കാൻബെറ ഉൾപ്പെടെ) ‘റീജിയണൽ’ കാറ്റഗറിയിലാണ് വരുന്നത്.
ഇവിടെ പഠിച്ചാൽ രണ്ട് വലിയ ഗുണങ്ങളുണ്ട്
1. അധിക വിസ കാലാവധി: പഠനശേഷം ലഭിക്കുന്ന വർക്ക് വിസയിൽ 1 മുതൽ 2 വർഷം വരെ അധികം ലഭിക്കും.
2. പി.ആർ പോയിന്റ്സ്: പെർമനന്റ് റെസിഡൻസി(PR)ക്ക് ശ്രമിക്കുമ്പോൾ റീജിയണൽ ഏരിയയിൽ പഠിച്ചതിന് 5 എക്സ്ട്രാ പോയിന്റ് ലഭിക്കും. പി.ആർ കിട്ടാൻ മത്സരം നടക്കുന്ന ആസ്ട്രേലിയയിൽ ഈ 5 പോയിന്റ് സ്വർണത്തേക്കാൾ വിലയുള്ളതാണ്. കൂടാതെ, വൻ നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ ജീവിതച്ചെലവും കുറവായിരിക്കും.
താമസസൗകര്യങ്ങൾ
1. ഓൺ-ക്യാമ്പസ് (On-Campus): യൂനിവേഴ്സിറ്റി ഹോസ്റ്റലുകൾ. ക്ലാസിലേക്ക് നടന്നുപോകാം എന്നതാണ് ഗുണം. പക്ഷേ ചെലവ് കൂടുതലായിരിക്കും.
2. ഹോംസ്റ്റേ (Homestay): ഒരു ആസ്ട്രേലിയൻ കുടുംബത്തോടൊപ്പം അവരുടെ വീട്ടിൽ താമസിക്കുന്ന രീതി. അവിടുത്തെ സംസ്കാരം പഠിക്കാനും ഇംഗ്ലീഷ് സംസാരിക്കാനും ഇത് സഹായിക്കും.
3. ഷെയർ ഹൗസ് (Share House): സുഹൃത്തുക്കളുമായി ചേർന്ന് പുറത്ത് വീട് വാടകക്ക് എടുക്കുന്നത്. ഇതാണ് ഏറ്റവും ലാഭകരം. പാചകം സ്വന്തമായി ചെയ്യാം എന്നതുകൊണ്ട് ഭക്ഷണച്ചെലവും കുറക്കാം.
തയാറെടുപ്പുകൾ തുടങ്ങാം
ആസ്ട്രേലിയ ഒരു സ്വപ്നഭൂമിയാണ്. പക്ഷേ, ആ സ്വപ്നത്തിലേക്ക് എത്താൻ കൃത്യമായ പ്ലാനിങ് ആവശ്യമാണ്. പണ്ടത്തെപ്പോലെ ‘ഏതെങ്കിലും ഏജൻസിയെ ഏൽപ്പിച്ച് കൈയും കെട്ടി ഇരിക്കാം’ എന്ന് കരുതരുത്. കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അത് നിങ്ങളുടെ കരിയറിന് എങ്ങനെ ഗുണം ചെയ്യും എന്ന് ഗവേഷണം നടത്തുക. കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ളവർക്ക് ആസ്ട്രേലിയ നൽകുന്ന പ്രതിഫലം വളരെ വലുതാണ്. ലോകത്തെവിടെയും അംഗീകാരമുള്ള ഒരു ഡിഗ്രി, അന്താരാഷ്ട്ര സൗഹൃദങ്ങൾ, മികച്ച സാമ്പത്തിക ഭദ്രത, സുരക്ഷിതമായ ഭാവി - ഇതെല്ലാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ആസ്ട്രേലിയയിലേക്ക് സ്വാഗതം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.