അബൂദബി: നോട്ടറി ഇടപാടുകളിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ട് അബൂദബി ജൂഡീഷ്യൽ വകുപ്പ്. ഇതോടെ ഡിജിറ്റൽ സിഗ്നേച്ചറിനു പകരം മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ നടപ്പാക്കുന്ന ആദ്യ ജുഡീഷ്യൽ അതോറിറ്റിയായി മാറി അബൂദബി ജുഡീഷ്യൽ വകുപ്പ്. നോട്ടറി അറ്റസ്റ്റേഷൻ സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൃത്യതയുടെയും വിശ്വാസ്യതയുടെയും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി സേവന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ചാണ് നീക്കം.
സ്മാർട്ട് ഉപകരണങ്ങൾ വഴി റെക്കോഡ് സമയത്തിനുള്ളിൽ രേഖകൾ പ്രാമാണീകരിക്കാൻ അഭിഭാഷകരെ പ്രാപ്തമാക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ബയോമെട്രിക് ഡാറ്റ എൻക്രിപ്ഷൻ ഉപയോഗിച്ചും ഐഡന്റിറ്റി ഉറപ്പാക്കാൻ ഔദ്യോഗിക രേഖകളുമായി തൽക്ഷണ പൊരുത്തപ്പെടുത്തലുകൾ നടത്തിയും ഈ സംവിധാനം ഡിജിറ്റൽ ഒപ്പുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു.
വകുപ്പ് സ്വീകരിച്ച ഈ നൂതന സാങ്കേതികവിദ്യ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനും അബൂദബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പ്രതിഫലനമാണെന്ന് ജുഡീഷ്യൽ വകുപ്പ് അണ്ടർ സെക്രട്ടറി കൗൺസിലർ യൂസുഫ് സഈദ് അൽ അബ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.