അബൂദബി: സജീവമായ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കുക, പോഷകാഹാരം മെച്ചപ്പെടുത്തുക, സമൂഹിക ആരോഗ്യം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ‘ആരോഗ്യകരമായ ജീവിത നയം’ എന്ന പേരില്‍ അബൂദബി സര്‍ക്കാര്‍ പുതിയ സംരംഭം നടപ്പാക്കാൻ ഒരുങ്ങുന്നു. അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ പദ്ധതിക്ക് അംഗീകാരം നല്കി. സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ ലളിതമാക്കാനും പ്രാപ്തമാക്കാനും എല്ലാ താമസക്കാര്‍ക്കും അവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാന്‍ അധികൃതര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.
ആരോഗ്യപൂര്‍ണമായ ജീവിതം ഉറപ്പാക്കുന്നതിന് സമഗ്രമായ സമീപനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലാ പങ്കാളികളുമായി സഹകരിച്ച് 25 പദ്ധതികളെ ഒരുമിപ്പിക്കുന്നതാണ് ‘ഹെല്‍ത്തി ലിവിങ് സ്ട്രാറ്റജി’. മൊത്തത്തിലുള്ള സമൂഹാരോഗ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ശാരീരിക പ്രവര്‍ത്തനങ്ങള്‍, മികച്ച പോഷകാഹാരം, സുസ്ഥിരമായ പെരുമാറ്റ മാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഹെല്‍ത്തി ലിവിങ് സ്ട്രാറ്റജിയുടെ ലക്ഷ്യം. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയവ വര്‍ധിക്കുന്നത് തടയാനുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തും. ഇതിലൂടെ വ്യക്തികളെ ആരോഗ്യപൂര്‍ണമായ ജീവിതത്തിന് പ്രാപ്തരാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും പോഷകാഹാരം മെച്ചപ്പെടുത്തുന്നതിലും ബോധവല്‍ക്കരണം നടത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.
ഉറക്കം, മാനസിക ക്ഷേമം തുടങ്ങിയ സുപ്രധാന വിഷയങ്ങളെ ഈ വര്‍ഷം തന്നെ പദ്ധതിയുടെ ഭാഗമായി അഭിമുഖീകരിക്കുമെന്ന് ആരോഗ്യവകുപ്പ് ചെയര്മാന് മന്‍സൂര്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലുടനീളമായി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വ്യായാമ പരിപാടികളും മറ്റും നടന്നുവരുന്നുണ്ട്. 7700ലേറെ പേരാണ് ഈ പരിപാടികളില്‍ സംബന്ധിച്ചത്. ആറുജില്ലകളിലായി നടത്തിയ ഡിഗായിഗ് ഫിറ്റ്നസ് ഫെസ്റ്റിവലുകളില്‍ 1400ലേറെ പേരാണ് പങ്കെടുത്തത്. ഈ വര്‍ഷം രണ്ടു മാസം കൂടുതമ്പോള്‍ ഡിഗായിഗ് ഫിറ്റ്നസ് ഫെസ്റ്റിവലുകള്‍ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.