അബൂദബി: എമിറേറ്റിലെ ജലാശയത്തില്‍ ആദ്യമായി വെള്ളപ്പുള്ളി ഗ്രൂപ്പര്‍ മത്സ്യത്തെ കണ്ടെത്തിയത് സുപ്രധാന ജൈവവൈവിധ്യ നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി. കഴിഞ്ഞ സെപ്റ്റംബറിലാണ് വൈറ്റ് സ്പോട്ടഡ് ഗ്രൂപ്പര്‍ മത്സ്യത്തെ അബൂദബിയില്‍ കണ്ടെത്തിയത്.
ആഗോളതലത്തില്‍ അപകട ഭീഷണിയിലുള്ള മത്സ്യമല്ലെങ്കിലും അബൂദബി ജലാശയങ്ങളില്‍ ഇവയുടെ സാന്നിധ്യം ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് ഈ കണ്ടെത്തല്‍ സവിശേഷമാകാന്‍ കാരണം. ആഗോള ജൈവവൈവിധ്യ വിവര സംവിധാനമായ ഇന്റര്‍നാഷനല്‍ ഫിഷ്ബേസ് ഡേറ്റാബേസില്‍ വെള്ളപ്പുള്ളി ഗ്രൂപ്പറിന്റെ മേഖലയിലെതന്നെ ആദ്യ സാന്നിധ്യം കണ്ടെത്തല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മേഖലയിലെ ആവാസവ്യവസ്ഥ മെച്ചപ്പെട്ടതോ അല്ലെങ്കില്‍ മുമ്പ് ഇവയുടെ സാന്നിധ്യം കണ്ടെത്താതെ പോയതോ ആവാമെന്ന് പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കുന്നു. പശ്ചിമേഷ്യയില്‍ ഹമൂര്‍ എന്നറിയപ്പെടുന്ന മത്സ്യവിഭാഗത്തില്പെട്ടതാണ് ഗ്രൂപ്പറുകള്‍. തവിട്ട് കലര്‍ന്ന ചാരനിറത്തിലുള്ള ഈ മത്സ്യങ്ങള്‍ക്ക് വെള്ളപ്പുള്ളികളുമുണ്ടാവും. ഇന്‍ഡോ-പസഫിക് മേഖലയിലുടനീളം ഇവയെ കാണാനാകും.
പാറക്കെട്ടുകളുള്ള മേഖലകളിലോ പവിഴപ്പുറ്റുകളുള്ള ആഴംകുറഞ്ഞ പ്രദേശങ്ങളിലോ ആണ് ഇവ കൂടുതലായും കാണുക. 70 സെന്റിമീറ്റര്‍വരെ ഇവക്കു വളരാനാവും. വൈറ്റ് സ്പോട്ടഡ് ഗ്രൂപ്പറിനു പുറമേ അടുത്ത വര്‍ഷങ്ങളില്‍ അതിവിരളമായി മാത്രം കണ്ടിട്ടുള്ള 55 നുഐമി മത്സ്യത്തെയും അബൂദബിയിലെ ജലാശയങ്ങളില്‍ കണ്ടെത്തിയതും വലിയ നേട്ടമാണെന്ന് പരിസ്ഥിതി ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.