അൽ റാസിൽ നിർമിക്കുന്ന നടപ്പാത പദ്ധതിയുടെ രൂപരേഖ
ദുബൈ: എമിറേറ്റിലെ ചരിത്രമുറങ്ങുന്ന അൽ റാസിലെ സുന്ദര കാഴ്ചകൾ നടന്നാസ്വദിക്കാൻ പുതിയ നടപ്പാതകൾ ഒരുങ്ങുന്നു. അൽ റാസിലെ അർബൻ വാക് വേ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 12 കിലോമീറ്റർ നീളമുള്ള നടപ്പാതകൾ കൂടാതെ അഞ്ച് കിലോമീറ്റർ സൈക്ലിങ് ട്രാക്കുകൾ, 10 സർഗാത്മക ഇടങ്ങളുടെ വികസനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. 11 മെട്രോ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, മറൈൻ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന വിധമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആർ.ടി.എ അറിയിച്ചു.
ബോട്ടുകൾ, അബ്രകൾ, മെട്രോ, ശിന്ദഗ തുരങ്ക പാത എന്നിവിടങ്ങളിൽ നിന്ന് അൽറാസ് മേഖലയിലേക്ക് എത്താൻ പുതിയ എന്‍ട്രിപോയന്‍റുകളും സജ്ജമാക്കും. പ്രാദേശിക, ഇമാറാത്തി കലാകാരൻമാരുടെ പങ്കാളിത്തത്തോടെ ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയുമായി കൈകോർത്താണ് സർഗാത്കമായ ഇടങ്ങൾ വികസിപ്പിക്കുക. നടപ്പാതകളുടെ അടിസ്ഥാന സൗകര്യങ്ങളിലും സോഫ്റ്റ് മൊബിലിറ്റിയിലും ദുബൈയുടെ ആഗോള മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിൽ നടപ്പാത നിർമാണ പദ്ധതി മുഖ്യ പങ്കുവഹിക്കുന്നതായി ആർ.ടി.എയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ബോർഡ് ചെർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
20 മിനിറ്റ് യാത്രയിലൂടെ 80 ശതമാനത്തിലധികം അവശ്യ സേവനങ്ങളിലേക്കും താമസക്കാർക്ക് പ്രവേശനം സാധ്യമാക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ ദുബൈ അർബൻ പ്ലാൻ 2040ന്‍റെ പ്രധാന ലക്ഷ്യവും പദ്ധതി മുന്നോട്ടു വെക്കുന്നു.
ദുബൈയുടെ ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033നെ പദ്ധതി പിന്തുണക്കുകയും ചെയ്യും. അതോടൊപ്പം നടപ്പാത സൗഹൃദ നഗരമായി ദുബൈയെ മാറ്റുന്നതിലൂടെ സമൂഹിക ക്ഷേമം വർധിപ്പിക്കുന്നതിലും പദ്ധതി മികച്ച സംഭാവന നൽകും.
കാൽനടക്കാരുടെ സുരക്ഷ നിലവാരം വർധിപ്പിക്കുക, വിവിധ ജില്ലകളും നിലവിലുള്ള നടപ്പാത ശൃംഖലകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയവും പദ്ധതി മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 2040 ആകുമ്പോഴേക്കും എമിറേറ്റിലുടനീളം 6,000 കിലോമീറ്റർ നടപ്പാതകളുടെ വികസനം ഉൾപ്പെടെ 160 മേഖലകളിലായി ഒരു നടപ്പാത ശൃംഖലയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. വിവിധ ജില്ലകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി 110 കാൽനട പാലങ്ങളും അടിപ്പാതകളും പദ്ധതിയുെട ഭാഗമായി നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.