ലി മാക്റോൺസ് ജീവനക്കാർ സ്ഥാപന ഉടമയായ അബ്ദുറഹ്മാനൊപ്പം
അജ്മാൻ: അനിശ്ചിതത്വങ്ങളിൽ കൈവിടാതെ തങ്ങളെ ചേർത്തുപിടിച്ച സ്ഥാപന ഉടമക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി തൊഴിലാളികൾ. അജ്മാനിലെ പ്രമുഖ പ്രീമിയം ചോക്ലേറ്റ് നിർമാണ കമ്പനിയായ ലി മാക്റോൺസിലെ ജീവനക്കാരാണ് സ്ഥാപന ഉടമയായ അബ്ദുറഹ്മാന് ചോക്ലേറ്റിനേക്കാൾ മധുരം നിറഞ്ഞ സ്നേഹാദരം ഒരുക്കിയത്. ലി മാക്റോൺസിന്റെ അജ്മാനിലെ ഓഫിസിൽ നടന്ന സ്വീകരണ ചടങ്ങ് അക്ഷരാർഥത്തിൽ ഉടമയും തൊഴിലാളികളും തമ്മിലുള്ള ആഴമേറിയ ആത്മബന്ധം വിളിച്ചോതുന്നതായിരുന്നു. ഏറെ കാലമായി ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ജീവനക്കാരാണ് ലി മാക്റോൺസിന്റെ കരുത്ത്.
യു.എസ്-ഇറാൻ യുദ്ധം മൂലം ഫെബ്രുവരി 28 മുതൽ ആരംഭിച്ച അനിശ്ചിതത്വങ്ങളെ തുടർന്ന് പല പ്രമുഖ കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടി കുറക്കുകയോ ചെയ്തെങ്കിലും ലി മാക്റോൺസിലെ ഒരു ജീവനക്കാരനെ പോലും പിരിച്ചുവിടാനോ ശമ്പളം വെട്ടിക്കുറക്കാനോ അബ്ദുറഹ്മാൻ തയ്യാറായിരുന്നില്ല. തന്‍റെ വളർച്ചയിൽ താങ്ങും കരുത്തുമായി നിലകൊണ്ട ജീവനക്കാരെ അവസാന ശ്വാസം വരെ ചേർത്തുപിടിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം.
ഈ നാടിന്‍റെ ഭരണാധികാരികളുടെ ശക്തമായ പിന്തുണ കൊണ്ടാണ് തനിക്ക് അത് സാധ്യമായതെന്നാണ് അബ്ദുറഹ്മാൻ പറയുന്നത്. അതുകൊണ്ടു തന്നെ നന്ദി പറയേണ്ടത് തന്നോടല്ലെന്നും പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിലുളള യു.എ.ഇ ഭരണകൂടത്തോടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഏത് പ്രതിസന്ധികളേയും നിശ്ചയദാർഢ്യത്തോടെ നേരിടാൻ കരുത്തുള്ളവരാണ് യു.എ.ഇ ഭരണകൂടം. പതിറ്റാണ്ടുകൾ നീണ്ട അനുഭവത്തിലൂടെ ആ കരുത്ത് ഞാൻ തിരിച്ചറിഞ്ഞതാണ്. ഇറാന്‍റെ ഭാഗത്തു നിന്നുണ്ടായ ആക്രമണങ്ങളെ ശക്തമായി നേരിടാൻ യു.എ.ഇക്ക് കഴിഞ്ഞു.
രാജ്യത്തേയും ഇവിടെത്തെ ജനങ്ങളേയും സംരക്ഷിക്കുന്നതിനായി രാവും പകലും ജാഗ്രത പുലർത്തിയവരാണവർ. സംഘർഷ സമയങ്ങളിലും ഇവിടത്തെ ജനങ്ങൾക്ക് ഒന്നിനും ഒരു തടസ്സവും നേരിടേണ്ടിവന്നിട്ടില്ല. നമുക്ക് സ്വസ്ഥമായി ഉറങ്ങാനും തടസ്സമില്ലാതെ യാത്ര ചെയ്യാനും അവസരമൊരുക്കിയത് ഭരണകൂടം കാണിച്ച് നിതാന്ത ജാഗ്രതമൂലമാണ്. കോവിഡ് പ്രതിസന്ധി കാലത്തും അസാമാന്യമായ ഈ പ്രതിരോധ ശക്തി യു.എ.ഇ ഭരണകൂടം തെളിയിച്ചതാണ്. അന്നും ഒരാളെ പോലും ലി മാക്റോൺസ് പിരിച്ചുവിട്ടിരുന്നില്ലെന്നും അബ്ദുറഹ്മാൻ മറുപടി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.