യു.എ.ഇ- യു.എസ്​ എ.ഐ കാമ്പസ്​;യു.എസിൽനിന്ന്​ ആദ്യ ബാച്ച്​ എ.ഐ ചിപ്പുകൾ എത്തി

ദുബൈ: സർക്കാർ, സ്വകാര്യ മേഖലയിലെ സേവനങ്ങൾ എ.ഐ സാ​ങ്കേതിക വിദ്യയിലൂടെ ലഭ്യമാക്കുന്നതിന്‍റെ മുന്നോടിയായി യു.എ.ഇ-യു.എസ്​ എ.ഐ കാമ്പസ്​ സ്ഥാപിക്കുന്നതിനായി നൂതനമായ എ.ഐ ചിപ്പുകൾ യു.എസിൽ നിന്ന്​ ഇറക്കുമതി ചെയ്തു.

യു.എസുമായി അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സാ​ങ്കേതികവിദ്യ പങ്കാളിത്തത്തിന്‍റെ ഭാഗമായാണ്​ നൂതന നിർമിത ബുദ്ധി (എ.ഐ) ചിപ്പുകളുടെ ആദ്യ ബാച്ച്​ ഇറക്കുമതി ചെയ്​തെന്ന്​ അമേരിക്കയിലെ യു.എ.ഇ അംബാസിഡർ യൂസുഫ്​ അൽ ഉതൈബ പറഞ്ഞു.

എ.ഐ ചിപ്പുകളുടെ അടുത്ത ബാച്ച്​ വരും മാസങ്ങളിൽ അമേരിക്ക കൈമാറുമെന്നും അദ്ദേഹം വ്യക്​തമാക്കി. വാഷിങ്​ടണിൽ നടക്കുന്ന എസ്​.സി.എസ്​.പി എ.ഐ പ്ലസ്​ എക്സ്​പോയിൽ സംസാരിക്കുകയായിരുന്നു ഉതൈബ. നേരത്തെ ആസൂത്രണം ചെയ്ത പോലെ അഞ്ച്​ ജിഗാവാട്ടിന്‍റെ യു.എ.ഇ-യു.എസ്​ എ.ഐ ചിപ്പ്​ കാമ്പസിന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്​. ഒരു വർഷം മുമ്പ്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ യു.എ.ഇ സന്ദർശന വേളയിലാണ്​ പദ്ധതി ​പ്രഖ്യാപിച്ചത്​.

പദ്ധതിയുടെ ആദ്യ ഘട്ടം 200 മെഗാവാട്ട്​ വൈകാതെ ഓൺലൈനിൽ ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പദ്ധതിയെ പിന്തുണക്കുന്നതിനായി കഴിഞ്ഞ നവംബറിൽ ആയിരക്കണക്കിന്​ അടുത്ത തലമുറ എ.ഐ ചിപ്പുകൾ യു.എ.ഇയിലേക്ക്​ കയറ്റുമതി ചെയ്യാൻ വാഷിങ്​ടൺ അനുമതി നൽകിയതായി അ​ദ്ദേഹം വെളിപ്പെടുത്തി. ആദ്യ ബാച്ച്​ എ.ഐ ചിപ്പുകൾ എത്തിയത്​ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാ​ങ്കേതിക വിദ്യ സഹകരണത്തിൽ നാഴികക്കലാണ്​.

ആഗോള തലത്തിൽ പ്രാധാന്യമുള്ളതാണ്​ പദ്ധതി. അബൂദബിയിൽ നിന്ന്​ വിന്യസിക്കുന്ന അമേരിക്കൻ സാ​ങ്കേതിക വിദ്യ ലോക ജനസംഖ്യയുടെ പകുതിയോളം പേർക്ക്​ സേവനം നൽകുമെന്നും വളർന്നുവരുന്ന വിപണികളിലേക്ക്​ എ.ഐ അധിഷ്​ഠിത കഴിവുകൾ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഈ രംഗത്ത്​ ലക്ഷം കോടി ഡോളറിന്‍റെ നിക്ഷേപമാണ്​ യു.എ.ഇ യു.എസിൽ നടത്തിയിരിക്കുന്നത്​.

അടുത്ത പത്തു വർഷത്തിനുള്ളിൽ 1.4 ലക്ഷം ഡോളറിന്‍റെ നിക്ഷേപം കൂടി നടത്താനും പദ്ധതിയുണ്ട്​.കഴിഞ്ഞ വർഷം 30ലധികം കരാറുകളിലാണ്​ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 2017ൽ യു.എ.ഇ ലോകത്ത്​ ആദ്യമായി എ.ഐ മന്ത്രിയെ നിയമിക്കുകയും മുഹമ്മദ്​ ബിൻ സായിദ്​ യൂനിവേഴ്​സിറ്റി ഓഫ്​ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ സ്ഥാപിക്കുകയും ചെയ്തിരുന്നു.ലോകത്തെ മുൻനിര എ.ഐ ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാണിത്​. 

Tags:    
News Summary - UAE-US AI Campus; First batch of AI chips arrives from US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.