ദുബൈ: നിയമലംഘനം കണ്ടെത്തിയ ധനവിനിമയ സ്ഥാപനത്തിന് 35 ലക്ഷം ദിർഹം പിഴയിട്ട് യു.എ.ഇ സെൻട്രൽ ബാങ്ക്. കള്ളപ്പണ വിരുദ്ധ, തീവ്രവാദ ഫണ്ടിങ് തടയൽ നിയമം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചത്. കമ്പനിയുടെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
സർക്കാർ നിയമങ്ങൾ അനുസരിക്കുന്നുണ്ടെന്നും നയങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ, അധികൃതർ എക്സ്ചേഞ്ച് ഹൗസുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നിയന്ത്രണങ്ങൾ കർശനമാക്കുകയും നിരീക്ഷണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സെൻട്രൽ ബാങ്ക് സംഘം നടത്തിയ പരിശോധനയുടെ കണ്ടെത്തലുകൾ വിലയിരുത്തിയതിനുശേഷമാണ് കമ്പനിക്ക് പിഴ ചുമത്തിയത്.
കള്ളപ്പണ വിരുദ്ധ, തീവ്രവാദം തടയൽ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ധനവിനിമയ മേഖലയുടെയും യു.എ.ഇയുടെ സാമ്പത്തിക വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും നിയമങ്ങൾ, ചട്ടങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് സെൻട്രൽ ബാങ്ക് നിരീക്ഷിച്ചുവരുന്നുണ്ട്.
കഴിഞ്ഞ വർഷം, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനും നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകിയതിനും യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്കിന് സെൻട്രൽ ബാങ്ക് 50 ലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.