എ.ഡി.ജി.എമ്മിന്​ വന്‍ വളര്‍ച്ച: കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 54 ശതമാനം വര്‍ധന

അബൂദബി: രാജ്യാന്തര സാമ്പത്തിക കേന്ദ്രമായ അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ (എ.ഡി.ജി.എം) ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ റെക്കോര്‍ഡ് വളര്‍ച്ച. കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനം വര്‍ധനവുണ്ടായി. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 49,027 ആയി ഉയര്‍ന്നു. സജീവ ലൈസന്‍സുകളുടെ എണ്ണം 14,000ത്തോട് അടുത്തത് എ.ഡി.ജി.എമ്മിന്‍റെ ആഗോള സ്വീകാര്യത പ്രതിഫലിപ്പിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

മധ്യപൂര്‍വേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നീ മേഖലയിലെ മുന്‍നിര സാമ്പത്തിക കേന്ദ്രമെന്ന നിലയിലും ‘മൂലധനത്തിന്‍റെ തലസ്ഥാനം’ എന്ന നിലയിലും അബൂദബിയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ നേട്ടം. അബൂദബിയുടെ ദീര്‍ഘവീക്ഷണമുള്ള സാമ്പത്തിക കാഴ്ചപ്പാടിന്‍റെ പ്രതിഫലനമാണ് ഈ വളര്‍ച്ചയെന്ന് എ.ഡി.ജി.എം ചെയര്‍മാന്‍ അഹമ്മദ് ജാസിം അല്‍ സാബി പറഞ്ഞു. ലോകത്തിലെ മികച്ച അഞ്ച് അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി മാറുക എന്ന ലക്ഷ്യത്തിലേക്കാണ് എ.ഡി.ജി.എം മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഡി.ജി.എമ്മില്‍ പ്രവര്‍ത്തിക്കുന്ന ഫണ്ട്, അസറ്റ് മാനേജര്‍മാരുടെ എണ്ണം 23 ശതമാനം വര്‍ധിച്ച് 190 ആയി. നിയന്ത്രിക്കപ്പെടുന്ന ഫണ്ടുകളുടെ എണ്ണം 32 ശതമാനം വര്‍ധിച്ച് 276ല്‍ എത്തി. ഇവിടെ പ്രവര്‍ത്തിക്കുന്ന അസറ്റ് മാനേജര്‍മാര്‍ ആഗോളതലത്തില്‍ 2.1 ട്രില്യണ്‍ ഡോളറിലധികം ആസ്തി കൈകാര്യം ചെയ്യുന്നവരാണ്. സജീവ ലൈസന്‍സുകളില്‍ 1,814 പുതിയ ലൈസന്‍സുകള്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ നല്‍കിയതാണ്. പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 3986 ആയി ഉയര്‍ന്നു. സാമ്പത്തിക സേവന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 392 ആയി.

കാപിറ്റല്‍ ഗ്രൂപ്പ്, മാന്‍ ഗ്രൂപ്​, ബെയറിങ്‌സ്, ബെയ്ന്‍ കാപിറ്റല്‍, ഹില്‍ഹൗസ് ഇന്‍വെസ്റ്റ്‌മെന്‍റ്​ തുടങ്ങിയ പ്രമുഖ രാജ്യാന്തര ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയോ വിപുലീകരിക്കുകയോ ചെയ്തു. അല്‍ മരിയ, അല്‍ റീം ഐലന്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന എ.ഡി.ജി.എം. സ്ഥാപനങ്ങളിലൂടെ ആദ്യ ആറ് മാസത്തിനിടെ മാത്രം 4,688 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. എ.ഡി.ജി.എം അക്കാദമി വഴി 1,607 സ്വദേശികള്‍ക്ക് പരിശീലനം നല്‍കി.

നിര്‍മിതബുദ്ധി കേന്ദ്രീകൃതമായ 10000 കോടി ഡോളറിലധികം നിക്ഷേപം നിലവില്‍ എ.ഡി.ജി.എമ്മിന് കീഴിലുണ്ട്. സ്വന്തം പ്രവര്‍ത്തനങ്ങളില്‍ എ.ഐ സാങ്കേതികവിദ്യ നടപ്പാക്കിയതിലൂടെ പ്രതിവര്‍ഷം 5,000 മണിക്കൂറിലധികം പരമ്പരാഗത രീതിയിലുള്ള ജോലിഭാരം കുറക്കാനും സേവനങ്ങള്‍ വേഗത്തിലാക്കാനും സാധിച്ചു. 2029 വരെയുള്ള സാങ്കേതിക പദ്ധതികള്‍ക്കായി 40 കോടി ദിര്‍ഹം നിക്ഷേപിക്കും.

ചൈന, ഇന്ത്യ, സിംഗപ്പൂര്‍, ഇറ്റലി, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ മുന്‍നിര സാമ്പത്തിക കേന്ദ്രങ്ങളുമായും നിക്ഷേപകരുമായും പങ്കാളിത്തം ശക്തമാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വിപണി നിരീക്ഷണത്തിനുമായി ഗ്രീസ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ റെഗുലേറ്ററി ബോഡികളുമായി കരാറുകളില്‍ ഒപ്പുവെച്ചു.

Tags:    
News Summary - ADGM records huge growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.