ദുബൈ എയർപോർട്ടിലെ റെഡ് കാർപെറ്റിലുടെ നടപടി പൂർത്തിയാക്കുന്ന യാത്രക്കാർ

3.4 സെക്കൻഡിൽ എമിഗ്രേഷൻ! ദുബൈയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസ്‌പോർട്ടോ ബോർഡിങ് പാസോ കാണിക്കാതെ യാത്ര സാധ്യമാക്കുന്ന ‘റെഡ് കാർപെറ്റ്’ ബയോമെട്രിക് സംവിധാനം വൻ വിജയമാകുന്നു. 2026 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള ആദ്യ എട്ട് മാസങ്ങളിൽ 7,45,188 യാത്രക്കാരാണ് ഈ എ.ഐ സംവിധാനം പ്രയോജനപ്പെടുത്തിയത്.

ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്​. ജനറൽ മുഹമ്മദ്‌ അൽ മർറിയാണ് വാർത്താസമ്മേളനത്തിൽ ഈ വിവരങ്ങൾ പുറത്തുവിട്ടത്. യാത്രക്കാരെ നിർത്താതെ കടത്തിവിടുന്ന ഈ സംവിധാനത്തിലൂടെ ശരാശരി 3.4 സെക്കൻഡിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം.

സാധാരണ ലഭിക്കുന്ന 12.5 സെക്കൻഡിൽനിന്ന് 60 ശതമാനം സമയം ലാഭിക്കാൻ ഇത് സഹായിച്ചു. ഒരേസമയം 10 യാത്രക്കാരെ വരെ പ്രോസസ് ചെയ്യാനും കടലാസ് രേഖകളോ ശാരീരിക സ്പർശമോ ഇല്ലാതെ സുരക്ഷാ പരിശോധനകൾ തത്സമയം പൂർത്തിയാക്കാനും റെഡ് കാർപെറ്റിലൂടെ കഴിയും.

2.58 കോടി യാത്രക്കാർ

കഴിഞ്ഞ എട്ട് മാസത്തിനിടെ ആകെ 2.58 കോടിയിലധികം (2,58,49,432) യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോയത്. ഇതിൽ 93.82 ലക്ഷത്തിലധികം ആളുകൾ സ്മാർട്ട് ഗേറ്റുകളാണ് ഉപയോഗിച്ചത്. ആകെ യാത്രക്കാരിൽ 60 ശതമാനത്തിലധികം പേരും സ്മാർട്ട് ഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്തിയതായി എയർപോർട്ട് ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാൻക്വിതി വ്യക്തമാക്കി.

20.66 ലക്ഷം കുട്ടികൾക്ക് പ്രത്യേക സേവനം

കുട്ടികൾക്കായുള്ള പ്രത്യേക പാസ്‌പോർട്ട് പ്ലാറ്റ്‌ഫോം വഴി ഇതുവരെ 20.66 ലക്ഷത്തിലേറെ കുട്ടികൾക്ക് സേവനം നൽകി. ഇതിൽ 2.12 ലക്ഷത്തിലധികം കുട്ടികൾ ഈ വർഷമാണ് ഇത് ഉപയോഗിച്ചത്. ടെർമിനൽ 3ൽ നാലുമുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് സ്വന്തമായി പാസ്‌പോർട്ടിൽ സ്റ്റാമ്പ് പതിപ്പിക്കാൻ അവസരമൊരുക്കുന്ന ഈ സൗകര്യം 2023 ഏപ്രിലിലാണ് ആരംഭിച്ചത്. നിശ്ചയദാർഢ്യ വിഭാഗക്കാർക്കായി പ്രത്യേക ലെയിനുകളും 263 പരിശീലനം ലഭിച്ച ഫെസിലിറ്റേറ്റർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ദുബൈയുടെ ഈ സ്മാർട്ട് ബോർഡർ സംവിധാന പഠനത്തിനായി 2026ൽ 51 പ്രാദേശിക-അന്താരാഷ്ട്ര പ്രതിനിധി സംഘങ്ങൾ വിമാനത്താവളം സന്ദർശിച്ചു. അതിർത്തി നിയന്ത്രണ രംഗത്തെ മികവിന് 15 അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അംഗീകാരവും ഐഡിസി വോയ്‌സസ് ഓഫ് എ.ഐ ഫോറത്തിന്‍റെ മികച്ച മാതൃകക്കുള്ള പുരസ്കാരവും റെഡ് കാർപെറ്റ് പദ്ധതി സ്വന്തമാക്കി.

തിരക്കേറിയ സമയങ്ങളിൽ യാത്രാനടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ‘ക്ലിക്ക് ആൻഡ് ട്രാവൽ’ എന്ന പുതിയ മൊബൈൽ സേവനവും ദുബൈ ആരംഭിച്ചിട്ടുണ്ട്. എമിഗ്രേഷൻ ഉദ്യോഗസ്ഥർ മൊബൈൽ ഉപകരണങ്ങളുമായി നേരിട്ട് യാത്രക്കാരുടെ അടുത്തെത്തി നടപടികൾ പൂർത്തിയാക്കുന്ന രീതിയാണിത്. ജി.ഡി.ആർ.എഫ്.എയുടെ നിരന്തരമായ ഇത്തരം നവീകരണങ്ങൾ ദുബൈ വിമാനത്താവളത്തെ ആഗോളതലത്തിൽ മുൻനിരയിൽ നിർത്തുന്നു.

Tags:    
News Summary - Emigration cleared in 3.4 seconds at Dubai International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.