പ്രതീകാത്മക ചിത്രം

അബൂദബിയില്‍ വില്ലകള്‍ക്ക് പുറത്തെ കാര്‍ പാര്‍ക്കിങ് ഷെഡുകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധം: സിറ്റി മുനിസിപ്പാലിറ്റി

അബൂദബി: സ്വകാര്യ, പൊതു താമസ മേഖലകളിലെ വില്ലകള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും പുറത്ത് കാര്‍ പാര്‍ക്കിങ് ഷെഡുകള്‍ നിര്‍മിക്കുന്നതിന് വ്യക്തമായ സാങ്കേതിക മാനദണ്ഡങ്ങളും ഫീസും നിശ്ചയിച്ച് അബൂദബി സിറ്റി മുനിസിപ്പാലിറ്റി. നിയമലംഘനങ്ങള്‍ ഒഴിവാക്കാനും നഗര ഭംഗിയും സുരക്ഷയും ഉറപ്പാക്കാനുമായി ‘നമ്മുടെ വീട് നമ്മുടെ ഉത്തരവാദിത്തം’ എന്ന പ്രമേയത്തില്‍ നടത്തുന്ന ബോധവല്‍കരണ പ്രചാരണത്തിന്‍റെ ഭാഗമായാണ് നടപടി. യു.എ.ഇ. പാസ് ഉപയോഗിച്ച് ‘താം’ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്.

ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ നല്‍കിയിരിക്കുന്ന സേവനം തിരഞ്ഞെടുത്ത് സൈറ്റ് പ്ലാനും ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. പുതിയ പെര്‍മിറ്റിന് 1,000 ദിര്‍ഹമാണ് ഫീസ്. വര്‍ഷം തോറുമുള്ള പുതുക്കലിന് 200 ദിര്‍ഹം ഈടാക്കും. പാര്‍പ്പിട അതിര്‍ത്തിക്ക് പുറത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പെര്‍മിറ്റ് കൈവശമുള്ള പ്ലോട്ട് ഉടമകളെ പ്രത്യേക ഷെഡ് ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒരു കാര്‍ നിര്‍ത്തിയിടാനുള്ള ഒരു ഷെഡിന്റെ പരമാവധി അളവ് 3*6 മീറ്റര്‍ ആയിരിക്കണം. തറനിരപ്പില്‍/നടപ്പാതയില്‍ നിന്ന് ഷെഡിന്റെ ഏറ്റവും താഴ്ന്ന ഭാഗത്തേക്ക് കുറഞ്ഞത് 2.5 മീറ്ററും ഉയര്‍ന്ന ഭാഗത്തേക്ക് പരമാവധി 4.5 മീറ്ററും ഉയരം ഉണ്ടാകാം. വില്ലകളുടെ മുന്‍വശത്തെ നിറത്തിന് അനുയോജ്യമായ നേര്‍ത്ത/ഇളം നിറങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. സിങ്ക് ഷീറ്റുകള്‍, പഴയ തുണികള്‍, സംസ്‌കരിക്കാത്ത തടികള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല.

കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമുണ്ടാക്കുന്ന രീതിയിലോ വളവുകളിലും കവലകളിലും ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലോ ഷെഡുകള്‍ സ്ഥാപിക്കരുത്. സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്കും ഭൂഗര്‍ഭ സേവന ലൈനുകള്‍ക്കും തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കണം. ഷെഡുകള്‍ വാടകക്ക്​ നല്‍കാനോ പാര്‍ക്കിങ് അല്ലാത്ത മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ പാടില്ല. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ഉടമ സ്വന്തം ചെലവില്‍ ഷെഡുകള്‍ ഉടനടി നീക്കം ചെയ്യേണ്ടതാണ്.

Tags:    
News Summary - City Municipality clarified Permits required for car parking sheds outside villas in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.