ദുബൈയിലെ മലബാർ ഇന്‍റർനാഷനൽ ഹബ് സന്ദർശിച്ച് ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാനെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദിന്‍റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
ദുബൈയിലെ മലബാർ ഇന്‍റർനാഷനൽ ഹബ് സന്ദർശിച്ച് ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ
ദുബൈ: ദുബൈ ഗോൾഡ് സൂഖിലുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ മലബാർ ഇന്‍റർനാഷനൽ ഹബ്, എമിറേറ്റ്സ് ഗോൾഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാൻ സന്ദർശിച്ചു. മലബാർ ഗോൾഡും യു.എ.ഇയിലെ പ്രമുഖ പ്രഷ്യസ് മെറ്റൽ റിഫൈനറിയായ എമിറേറ്റ്സ് ഗോൾഡും തമ്മിലുള്ള പതിറ്റാണ്ട് നീണ്ട വിജയകരമായ പങ്കാളിത്തത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.
ഇരുസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെ ഇതുവരെ 6.5 ലക്ഷം മിന്‍റഡ് സ്വർണബാറുകളാണ് മലബാർ ഗോൾഡ് എമിറേറ്റ്സ് ഗോൾഡിൽ നിന്ന് സ്വന്തമാക്കിയത്. എമിറേറ്റ്സ് ഗോൾഡിന്‍റെ മിന്‍റഡ് ബാറുകളുടെ ഏറ്റവും വലിയ ഉപഭോക്താവ് കൂടിയാണ് മലബാർ. മിന്‍റഡ് ബാറുകൾക്ക് പുറമെ പഴയ സ്വർണം റിഫൈൻ ചെയ്യൽ, റീസൈക്ലിങ്, പ്രഷ്യസ് മെറ്റൽ ട്രേഡിങ് എന്നിവയും ഇവരുടെ വാണിജ്യ പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു.
യു.എ.ഇയെ ആഗോള ജ്വല്ലറി ബുള്ളിയൻ ഹബ്ബാക്കി മാറ്റുന്നതിൽ ഇത്തരം പങ്കാളിത്തങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ പറഞ്ഞു. സന്ദർശന വേളയിൽ മലബാറിന്‍റെ ആഗോള പ്രവർത്തനങ്ങളെക്കുറിച്ചും ഉത്തരവാദിത്തപൂർണമായ പ്രവർത്തനരീതികളെക്കുറിച്ചും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് അദ്ദേഹത്തോട് വിശദീകരിച്ചു.
ലോകമെമ്പാടുമായി 14 രാജ്യങ്ങളിലായി 450-ലധികം ഷോറൂമുകളുള്ള മലബാർ ഗ്രൂപ്പ്, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജ്വല്ലറി റീട്ടെയിലറാണ്. 34 വർഷത്തെ പാരമ്പര്യമുള്ള എമിറേറ്റ്സ് ഗോൾഡുമായുള്ള ദീർഘകാല ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും, ഉത്തരവാദിത്തമുള്ള ആഭരണ നിർമാണത്തിലൂടെ യു.എ.ഇ കേന്ദ്രീകരിച്ച് കൂടുതൽ വിപണികളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും മലബാർ ഗ്രൂപ്പ് ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.