ദുബൈ ഫ്യൂച്ചർ മ്യൂസിയം
ദുബൈ: നഗരത്തിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദുബൈ ഫ്യൂച്ചർ മ്യൂസിയം പ്രവേശന ടിക്കറ്റിൽ വേനൽക്കാല ഓഫർ പ്രഖ്യാപിച്ചു.ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30വരെ മൂന്നു മാസത്തേക്ക് പരിധിയില്ലാതെ മ്യൂസിയത്തിൽ പ്രവേശനം അനുവദിക്കുന്നതാണ് ഓഫർ. വേനൽക്കാലത്ത് മ്യൂസിയത്തിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ആകർഷകമായ ഈ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 229 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഒരാൾക്ക് പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിലൂടെ ഓഫർ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ ഏത് സമയത്തു വേണമെങ്കിലും മ്യൂസിയത്തിൽ പ്രവേശിക്കാം.
കുട്ടികളുടെ കളിസ്ഥലം, സീസൺകാല ആഘോഷ പരിപാടികൾ, മറ്റ് വിനോദ ഇടങ്ങൾ എന്നിവിടങ്ങളിൽ ടിക്കറ്റ് ഉപയോഗിച്ച് പ്രവേശനം സാധ്യമാകും. കൂടാതെ ‘സമ്മർ പാസ്’ എടുക്കുന്നവർക്ക് 50 ദിർഹമിന്റെ ലോബി റീട്ടെയ്ൽ ഷോപ് ക്രെഡിറ്റും ലഭിക്കും. വേനൽക്കാലത്ത് ഏതു സമയത്തു വേണമെങ്കിലും ഇതുപയോഗിക്കാം. വേനൽക്കാലങ്ങളിൽ ആകർഷകമായ അനവധി പരിപാടികൾ ഫ്യൂച്ചർ മ്യൂസിയത്തിൽ സംഘടിപ്പിച്ചു വരുന്നുണ്ട്. ഈ മാസം 14 മുതൽ 21വരെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ(എം.ബി.ആർ.എസ്.സി) ബഹിരാകാശ ശാസ്ത്രജ്ഞരുമായി തൽസമയം സംവദിക്കാൻ അവസരം ലഭിക്കുന്ന യു.എ.ഇ സ്പേസ് പ്രോഗ്രാം ഇതിൽ പ്രധാനപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.