ദുബൈ: അതിരുവിട്ട ‘കളികളും’ അറിയാത്ത ‘കളികളും’ മൂലം പൊലീസിെൻറ പിടിയിലായവർക്ക് ഇനി തടവറക്കുള്ളിൽ കളിച്ച് തിമിർക്കാം. തടവുകാർക്ക് മാനസികവും ശാരീരികവുമായ ഉ ന്മേഷം നൽകി പരിവർത്തനത്തിന് ലക്ഷ്യമിട്ട് ദുബൈ പൊലീസ് എല്ലാ സ്റ്റേഷനുകളിലും റിമാൻഡ് കേന്ദ്രങ്ങളിലും സ്പോർട്സ് സെൻററുകൾ സ്ഥാപിക്കുന്നു. ഇതോടെ തടവറക്കുള്ളിൽ അടക്കപ്പെടുന്നവർക്ക് ഇനി ഫുട്ബാളും ബാസ്കറ്റ്ബാളുമെല്ലാം കളിക്കാം. രാവിലെ ആറു മുതൽ രാത്രി പത്തു വരെ തടവുകാർക്ക് ഇവിടെ കളിച്ചുല്ലസിക്കാം. സംഭവം വിജയിച്ചാൽ എല്ലാ ജയിലുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. ദുബൈ സ്പോർട്സ് കൗൺസിലും ദുബൈ പൊലീസും സംയുക്തമായാണ് കായികകേന്ദ്രങ്ങൾ തുറക്കുന്നത്. ഫുട്ബാൾ, ബാസ്കറ്റ്ബാൾ, വ്യായാമം, ജോഗിങ്, ജിം തുടങ്ങിയ സൗകര്യങ്ങൾ കളിക്കളത്തിലുണ്ടാവും. ആറു മാസം മുമ്പ്് അൽ കിസൈസിലെ പൊലീസ് സ്റ്റേഷനിൽ പരീക്ഷണാർഥം മൈതാനം സ്ഥാപിച്ചിരുന്നു. ഇത് വിജയിച്ചതോടെയാണ് ബാക്കി സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഇൗ വർഷംതെന്ന 11 സ്റ്റേഷനുകളിലും മൈതാനം പൂർത്തിയാക്കും. ആദ്യ പടിയായി മൂന്ന് സ്റ്റേഷനുകളിൽ കളിക്കളം സ്ഥാപിച്ചു.
ഉന്നത നിലവാരമുള്ള ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. സിന്തറ്റിക് ടർഫ്, ജോഗിങ് ഏരിയ, ജിംനേഷ്യം എന്നിവയുമുണ്ട്. എന്നാൽ, പരസ്പരം ആക്രമിക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കായിക ഉപകരണങ്ങൾ അനുവദിക്കില്ല.അൽ കിസൈസ് സ്റ്റേഷനിലെ ഡയറക്ടർ ബ്രിഗേഡിയർ യൂസുഫ് അലി അദീദി പറയുന്നത് ശ്രദ്ധിക്കാം: ‘‘ആറ് മാസം മുമ്പ് സ്റ്റേഷനിൽ കായിക കേന്ദ്രം സ്ഥാപിച്ചതിനുശേഷം തടവുകാരുടെ സ്വഭാവത്തിൽ വലിയ മാറ്റമാണുണ്ടായത്. എപ്പോഴും തമ്മിലടിയായിരുന്ന രണ്ടു തടവുകാർ കളിക്കളത്തിൽ ഒരുമിച്ചശേഷം ഇപ്പോൾ ഉറ്റ സുഹൃത്തുക്കളായി. ശാരീരികമായി മാത്രമല്ല, മാനസികമായും ഒാരോരുത്തരും ഉല്ലാസവാന്മാരായി. ടീം വർക്കോടെ പെരുമാറുന്നത് കാണാൻ കഴിയുന്നു. അക്രമാസക്തരായിരുന്ന തടവുകാർപോലും അടങ്ങിയിരിക്കാൻ തുടങ്ങി. പരസ്പരം സൗഹൃദവും ദുഃഖങ്ങളും തമാശകളും പങ്കുവെക്കുന്നു. ആറു മാസത്തിനിടെ ഒരു അക്രമസംഭവംപോലും സ്റ്റേഷനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡോക്ടർമാരും മികച്ച റിപ്പോർട്ടാണ് നൽകുന്നത്. കായികക്ഷമത വർധിപ്പിക്കാനും മികച്ച താരമായി വളരാനും ഇവിടെ അവസരമുണ്ട്. തടവുകാരുടെ മാനസിക സംഘർഷം കുറയുന്നതും സന്തോഷമുണ്ടാകുന്നതും അവരിലെ കുറ്റവാളികളെ ഇല്ലാതാക്കും. ഏതു രാജ്യക്കാരാണെന്നോ ചെയ്ത കുറ്റം എന്താണെന്നോ വിലയിരുത്താതെ എല്ലാവർക്കും കളിക്കാൻ അവസരം നൽകും. അവർക്ക് മാനുഷിക പരിഗണന നൽകും.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.